അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നേതൃത്വം അനുമതി നൽകുമോ എന്ന കാര്യത്തിൽ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായേക്കാമെങ്കിലും, അംഗങ്ങൾക്കിടയിലെ വാദപ്രതിവാദങ്ങൾ യോഗത്തെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്.

കൊച്ചി: വിവാദങ്ങൾക്കിടെ, താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗം. കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിലാണ് യോഗം. ജോയിന്റ് സെക്രട്ടറിസ്ഥാനത്തുനിന്ന് രാജിവെച്ച നടി അൻസിബ ഹസ്സൻ നടൻ ടിനി ടോമിനും നടി ലക്ഷ്മിപ്രിയക്കും എതിരേ നൽകിയ പരാതികൾ ജനറൽ ബോഡിയിൽ ചർച്ചയ്ക്ക് വഴിതെളിക്കുമെന്നാണ് സൂചന. കാരണംകാണിക്കൽ നോട്ടീസിൽ അൻസിബ സംഘടനയ്ക്ക് വിശദീകരണം നൽകിയിട്ടില്ല. വെള്ളിയാഴ്ച എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ അൻസിബയുടെ വിഷയം ചർച്ചയ്ക്കെടുത്തിരുന്നില്ല.
മുൻപെങ്ങും ഇല്ലാത്ത തരത്തിലുള്ള കടുത്ത പ്രതിസന്ധിയിലൂടെയാണ് താരസംഘടന ഇപ്പോൾ കടന്നുപോകുന്നത്. പ്രമുഖ താരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ, മോഹൻലാൽ മാത്രമാണ് മുൻനിര താരങ്ങളിലെ പ്രധാന സാന്നിധ്യമായി യോഗത്തിൽ പങ്കെടുത്തത്. നിലവിലെ ഭരണസമിതിക്കെതിരെ ഒരു വിഭാഗം അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്.
ഭരണസമിതി പൂർണ്ണമായും പരാജയപ്പെട്ടുവെന്നും ഭരണം താൽക്കാലിക സമിതിക്ക് കൈമാറണമെന്നുമാണ് അവിശ്വാസ പ്രമേയത്തിന്റെ കരട് രേഖയിൽ പ്രധാനമായും ആവശ്യപ്പെടുന്നത്. സംഘടനയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റുവെന്നും, എല്ലാ വർഷവും നടത്താറുള്ള ഷോ എന്തുകൊണ്ട് ഇത്തവണ നടത്തിയില്ലെന്നും അംഗങ്ങൾ ചോദ്യങ്ങൾ ഉയർത്തി. കൂടാതെ, ഐ.എഫ്.എഫ്.കെയിൽ (IFFK) മദ്യം വിളമ്പി പാർട്ടി നടത്തിയത് ആരുടെ അനുമതിയോടെയാണെന്നും, സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം രൂപ ചെലവാക്കി പുതിയ വേദി എന്തിന് തിരഞ്ഞെടുത്തു എന്നുമുള്ള കടുത്ത ആരോപണങ്ങൾ നേതൃത്വത്തിന് നേരെ ഉയരുന്നുണ്ട്.
സംഘടനയുടെ ട്രഷറർ ഉണ്ണി ശിവപാലിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഒരു ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് ഈ നടപടിയെങ്കിലും, തനിക്ക് നീതി ലഭിച്ചില്ലെന്നും തന്റെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തതെന്നും ഉണ്ണി ശിവപാൽ ആരോപിക്കുന്നു. നുണപരിശോധനയ്ക്കും വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിക്കാനും താൻ തയ്യാറാണെന്ന് അറിയിച്ചിട്ടും എക്സിക്യൂട്ടീവ് കമ്മിറ്റി ഏകപക്ഷീയമായി പെരുമാറിയെന്നാണ് അദ്ദേഹത്തിന്റെ വാദം.
അൻസിബ, മല്ലികാ സുകുമാരൻ തുടങ്ങിയ താരങ്ങൾ യോഗത്തിനെത്തിയത് ചർച്ചകൾക്ക് ചൂടേകിയിട്ടുണ്ട്. വാർഷിക കണക്കവതരണവുമായി ബന്ധപ്പെട്ടും വലിയ രീതിയിലുള്ള ചർച്ചകളും വിമർശനങ്ങളും യോഗത്തിൽ ഉയരുന്നുണ്ട്. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നേതൃത്വം അനുമതി നൽകുമോ എന്ന കാര്യത്തിൽ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായേക്കാമെങ്കിലും, അംഗങ്ങൾക്കിടയിലെ വാദപ്രതിവാദങ്ങൾ യോഗത്തെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്. പുതിയ നേതൃത്വം അധികാരമേൽക്കുമോ അതോ നിലവിലെ സമിതി തന്നെ സംഘടനയെ നയിക്കുമോ എന്നത് ഈ ജനറൽ ബോഡിക്ക് ശേഷം മാത്രമേ വ്യക്തമാകൂ.
AMMAയിലെ വിവാദം
നിരന്തരം പരസ്യപ്രസ്താവനകൾ നടത്തി ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചെന്നാണ് അൻസിബയ്ക്ക് എതിരായ ആരോപണം. എന്നാൽ, പ്രധാന ഭാരവാഹികളിലൊരാളായ ലക്ഷ്മിപ്രിയയിൽനിന്നും എക്സിക്യൂട്ടീവ് അംഗം ടിനി ടോമിൽനിന്നുമുണ്ടായത് വലിയ അപമാനവും വേദനയുമായിരുന്നെന്നാണ് അൻസിബ പറയുന്നത്. അൻസിബയ്ക്കെതിരേ സംഘടന കടുത്തനടപടികളിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്. അതേസമയം, അൻസിബയുടെ നിലപാടുകൾ കൃത്യമായി പരിശോധിച്ച് വിലയിരുത്തണമെന്നും ഒരുവിഭാഗം വാദിക്കുന്നുണ്ട്. സംഘടനയുടെ ഭരണഘടനയ്ക്കുവിരുദ്ധമായി പരസ്യപ്രതികരണം നടത്തിയതിന് ടിനി ടോമിനും ജോയ് മാത്യുവിനും ലക്ഷ്മിപ്രിയക്കും നേരത്തേ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
Content Highlights: The general body meeting of the Malayalam actors' association (AMMA) turned turbulent in Kochi as a faction of members pushed for a no-confidence motion against the leadership amid ongoing public spats, financial questions, and the controversial sidelining of its treasurer.
Published: 21 Jun 2026, 01:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented