
ഒരുകാലത്ത് ബോളിവുഡിലെ തിളങ്ങും യുവതാരങ്ങളായിരുന്നു അക്ഷയ് കുമാറും രവീണ ടണ്ഠനും. അക്ഷയ് കുമാർ ദശാബ്ദങ്ങളായി ബോളിവുഡിൽ നായകനായി തുടരുകയാണ്. രവീണയാകട്ടെ വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമകളും സീരീസുകളുമൊക്കെയായി വീണ്ടും അഭിനയ രംഗത്ത് സജീവമാണ്. ഇപ്പോഴിതാ 'വെൽക്കം ടു ദി ജംഗിൾ' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ അക്ഷയ് കുമാർ നടത്തിയ രസകരമായ പരാമർശങ്ങൾ ഇപ്പോൾ സിനിമാ ലോകത്ത് ശ്രദ്ധ നേടുകയാണ്.
മുംബൈയിൽ നടന്ന ട്രെയിലർ ലോഞ്ചിനിടെ, വർഷങ്ങൾക്കിപ്പുറം രവീണയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് അക്ഷയ് കുമാർ തന്റെ തനത് ശൈലിയിൽ മറുപടി നൽകിയത്. "നേരത്തെ അവൾ നായികയായിരുന്നു, ഇപ്പോൾ നായികയുടെ അമ്മയാണ്" എന്നായിരുന്നു അക്ഷയിന്റെ തമാശ കലർന്ന പ്രതികരണം. രവീണയുടെ മകൾ റാഷ തഡാനി കഴിഞ്ഞ വർഷം അഭിഷേക് കപൂർ സംവിധാനം ചെയ്ത 'ആസാദ്' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
താൻ ഒപ്പം ജോലി ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രൊഫഷണലായ അഭിനേതാക്കളിൽ ഒരാളാണ് രവീണയെന്ന് അക്ഷയ് പ്രശംസിച്ചു. ഇതിന് ഉദാഹരണമായി അദ്ദേഹം ഒരു പഴയ സംഭവം ഓർത്തെടുത്തു. ഒരിക്കൽ സൂര്യാസ്തമയത്തിന് മുൻപ് ഷൂട്ടിങ് തീർക്കേണ്ടി വന്നപ്പോൾ, ദൂരെയുള്ള ഗ്രീൻ റൂമിലേക്ക് പോകാതെ ഒരു ജനറേറ്റർ വാനിൽ കയറി വേഗത്തിൽ വസ്ത്രം മാറി വന്ന് രവീണ കൃത്യസമയത്ത് ജോലി പൂർത്തിയാക്കി. അവർ ഒരു മികച്ച നടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓർമകൾ പങ്കുവെച്ച് രവീണ
ട്രെയിലർ ലോഞ്ചിന് മുമ്പ് അക്ഷയ് കുമാറിനും സുനീൽ ഷെട്ടിക്കുമൊപ്പമുള്ള പഴയൊരു ചിത്രം രവീണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. 1994-ൽ പുറത്തിറങ്ങിയ മൊഹ്റ എന്ന സിനിമയുടെ ചിത്രീകരണ സമയത്തെടുത്ത ചിത്രങ്ങളാണ് പങ്കുവെച്ചത്. ഒപ്പം വെൽക്കം ടു ദി ജംഗിൾ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങളും പങ്കുവെച്ചു.
തകർന്ന പ്രണയം
അക്ഷയ് കുമാറും രവീണ ടണ്ഠനും തമ്മിലുള്ള പഴയ പ്രണയവും തകർന്ന വിവാഹനിശ്ചയവും 90-കളിൽ വലിയ വാർത്തയായിരുന്നു. 25-30 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും തന്റെ പേര് ഗൂഗിളിൽ തിരഞ്ഞാൽ അക്ഷയുമായുള്ള ആ പഴയ ബന്ധം തെളിഞ്ഞു വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് രവീണ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. എല്ലാവരും ജീവിതത്തിൽ മുന്നോട്ടുപോയിട്ടും പഴയ കാര്യങ്ങൾ ഇപ്പോഴും ചർച്ച ചെയ്യുന്നത് എന്തിനാണെന്നും അവർ ചോദിച്ചിരുന്നു.
Content Highlights: During the 'Welcome to the Jungle' trailer launch, Bollywood superstar Akshay Kumar humorously noted ex-fiancée Raveena Tandon's transition from a leading lady to a heroine's mother, while also taking a moment to highly praise her dedication and professionalism on set.
Published: 11 Jun 2026, 09:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented