പുതിയ ചിത്രമായ ''കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ'' പ്രൊമോഷന്റെ ഭാഗമായി ടൊവിനോ തോമസ് കോഴിക്കോട് മാതൃഭൂമി ഓഫീസിലെത്തുമെന്നും ഒരു ബുള്ളറ്റ് റൈഡുണ്ട് എന്നും അറിഞ്ഞിരുന്നെങ്കിലും ഒരു സംവാദത്തിന് സ്‌കോപ്പുണ്ടാകുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല. പെട്ടെന്നാണ് പറയുന്നത് വനിതാദിനമൊക്കെ അല്ലേ മാതൃഭൂമിയിലെ വനിതാ മാധ്യമ പ്രവര്‍ത്തകരുമായി ഒരു ചാറ്റ് ഷോ ചെയ്താലോ എന്ന്. പതിനൊന്ന് പേര്‍, പതിനൊന്ന് ചോദ്യങ്ങള്‍ എന്ന ഐഡിയയും മുന്നോട്ട് വന്നു. കൂട്ടത്തിലെ പെണ്‍തരികളോട് ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ അതിനെന്താ ഞങ്ങള്‍ റെഡി എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ യെസ് മൂളി. പിന്നെയൊരു പതിനഞ്ച് മിനുട്ട്, അതാ ഒരു ചോദ്യം വരുന്നു, പിന്നാലെ മറ്റൊരു ചോദ്യം വരുന്നു...പിന്നെ ചറപറ ചോദ്യങ്ങള്‍.. ഡയറക്ടര്‍ ബോര്‍ഡിന്റെ മുന്നില്‍ എത്തിപ്പെട്ട ഉദ്യോഗാര്‍ഥിയുടെ അവസ്ഥ പോലെയുണ്ടെന്നും താനൊരു പാവമാണെന്നുമുള്ള മുന്‍കൂര്‍ ജാമ്യത്തോടെ ടൊവിനോ ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറായി.
ശ്രീലക്ഷ്മി : പുതിയ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് റിലീസാവാന്‍ പോകുന്നു. എന്റെ ചോദ്യവും ഇത് തന്നെയാണ്. ഹൗ മെനി കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഫ്രം ഇരിങ്ങാലക്കുട ടു മലയാളം സിനിമ?
ടൊവിനോ : കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന് തന്നെയാണ് അതിന്റെ സത്യസന്ധമായ ഉത്തരവും. കാരണം ഒരു സാധാരണക്കാരനായ ഇരിങ്ങാലക്കുടക്കാരന് ഒരുപാട് ദൂരം തീര്‍ച്ചയായിട്ടും ഉണ്ട്. ഒരുപാട് പേരുടെ സഹായം, ഭാഗ്യം, എന്റെ കുറച്ച് പരിശ്രമം ഇതെല്ലാം ഇതിന്റെ പുറകില്‍ ഉണ്ടായിട്ടുണ്ട്. പിന്നെ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സിനിമയിലേക്ക് വരണം എന്നാഗ്രഹിച്ചത് മുതല്‍ ഇന്ന് വരെ ഉള്ള യാത്ര അത്യാവശ്യം സംഭവ ബഹുലമായിരുന്നു. ജീവിച്ചു എന്ന് പറയാം. നല്ല രസമായി കുറച്ചു കാലം ജീവിച്ചു. എന്റെ സ്വപ്നമാണ് ഞാനിപ്പോള്‍ ജീവിച്ചു പോകുന്നത്.
ഇതിലേക്ക് എത്താനായത് എന്റെ മാത്രം കഴിവെന്നോ പരിശ്രമം എന്നോ ഞാന്‍ പറയില്ല. ആല്‍കെമിസ്റ്റില്‍ പറഞ്ഞ പോലെ നമുക്കൊപ്പം ലോകം മുഴുവന്‍ കൂടെ നില്‍ക്കും എന്നില്ലേ. വളരെ അപരിചിതരായ ആളുകള്‍ വരെ പിന്തുണച്ചിട്ടുണ്ട്, കൂടെ നിന്നിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത സഹായം കിട്ടിയിട്ടുണ്ട്. ആ ഒരു നന്ദി എപ്പോഴുമുണ്ട്. അതുകൊണ്ടൊക്കെയാണ് ഇവിടെ വരെ എത്തിയത്. പിന്നെ എല്ലാവരും അവരുടെ ജീവിതത്തില്‍ ചെയ്തിരിക്കേണ്ട ഒന്നാണ് ഈ പരിശ്രമം എന്ന് പറയുന്നത്. എന്റെ അടുത്ത് ആര് ചോദിച്ചാലും അഭിമാനത്തോടെ എനിക്ക് പറയാം ഞാന്‍ എന്റെ സ്വപ്നമാണ് ജീവിച്ചു പോകുന്നതെന്ന്. ഞാന്‍ സ്വപ്നം കണ്ടു, അതിനായി പരിശ്രമിച്ചു, ലോകം മുഴുവന്‍ കൂടെ നിന്നു, അതുകൊണ്ട് ഇവിടെ വരെ എത്തി. ഇതേപോലെ ആര് പരിശ്രമിച്ചാലും ലോകം മുഴുവന്‍ കൂടെ നില്‍ക്കും.
ഹര്‍ഷ : മായാനദിയില്‍ മാത്തന്‍ അപ്പുവിനോട് പറയുന്നുണ്ട്, നീ പൊളിയാണ്, അന്യായമാണ്, വേറെ ലെവലാണ്. സൗന്ദര്യവും കഴിവും ഒരേപോലെ കിട്ടുന്ന വളരെ കുറച്ചു സ്ത്രീകളെ ഉള്ളൂ, അതില്‍ ഒരാളാണ് നീ എന്ന്. ടൊവിനോ ഇത് ആരോട് പറയും ?
ടൊവിനോ : ഇതുപറയാന്‍ പറ്റിയ എത്രയോ ആള്‍ക്കാരുണ്ട്. ബുദ്ധിയും സൗന്ദര്യവും ഒരുമിച്ചുണ്ടാകില്ല എന്നൊക്കെ നമ്മള്‍ തമാശയ്ക്ക് പറയുന്നതാണ്. സത്യത്തില്‍ അങ്ങനെ ഒരു കോമ്പിനേഷന്റെ പ്രശ്‌നമൊന്നുമില്ല. സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ്, ബുദ്ധി എന്ന് പറയുന്നത് കാഴ്ചപ്പാടിന് അനുസരിച്ചു മാറാം. ആരും എല്ലാം തികഞ്ഞവരൊന്നുമല്ലല്ലോ. എന്നെ സംബന്ധിച്ചിടത്തോളം എല്ലാവരും അവരവരുടേതായ രീതിയില്‍ സുന്ദരന്മാരാണ്, സുന്ദരികളുമാണ്, അന്യായമാണ്, അടിപൊളിയാണ്.
സന്ധ്യ : എന്തെങ്കിലും ഒരു അധികാരസ്ഥാനത്ത് ടൊവിനോ എത്തുകയാണെങ്കില്‍ സ്ത്രീകള്‍ക്കായി ചെയ്യുന്ന ആദ്യ കാര്യം എന്തായിരിക്കും?
ടൊവിനോ : ആദ്യം തന്നെ അവരോട് ചോദിക്കും എന്താണ് അവരുടെ ആവശ്യമെന്ന്. ഒന്നല്ല ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. പക്ഷെ അത് ചര്‍ച്ച ചെയ്യാന്‍ വേറെ അവസരം തന്നെ വേണ്ടി വരും. എനിക്ക് തോന്നുന്നു ഒരു ജഡ്ജ്മെന്റല്‍ മനോഭാവം സ്ത്രീകളോട് ഉണ്ടെന്ന്. അതിന് കൂടുതലും ഇരകളാവുന്നത് സ്ത്രീകളാണ് എന്ന് തോന്നുന്നു. അതിന് എങ്ങനെ ഒരു മാറ്റം കൊണ്ടുവരാന്‍ കഴിയും എന്ന് നോക്കും.
അഖില : സ്വപ്നമാണ് ജീവിക്കുന്നത് എന്ന് പറഞ്ഞല്ലോ, ഇത് തന്നെയായിരുന്നോ പണ്ടുമുതലേ കാണുന്ന സ്വപ്നം?
ടൊവിനോ : പണ്ടുമുതലേ ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ചില കാര്യങ്ങളൊന്നും ആ സ്വപ്നത്തില്‍ കാണിച്ചിട്ടില്ലായിരുന്നു. സ്വപ്നത്തില്‍ നല്ല വശങ്ങള്‍ മാത്രമാണ് കാണിച്ചത്, അത് തന്നെ ആണ് കൂടുതലും. എങ്കിലും ഓരോ സിനിമയും ഇറങ്ങുന്ന സമയത്ത് നമ്മള്‍ അനുഭവിക്കുന്ന ടെന്‍ഷന്‍, സമ്മര്‍ദ്ദം അതൊക്കെ വലുതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എന്റെ എല്ലാ സിനിമയും എന്റെ കഴിവിന്റെ പരമാവധി പ്രൊമോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് . അതിനായി ചിലപ്പോള്‍ എന്റെ ഉറക്കം, ഭക്ഷണം തുടങ്ങി പല കാര്യങ്ങളും മാറ്റി വച്ചെന്ന് വരാം.
സിനിമ നല്ലതാണോ മോശമാണോ എന്നുള്ളത് ഇറങ്ങി കഴിയുമ്പോള്‍ ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞിട്ടേ മനസിലാക്കാനാകൂ. പക്ഷെ ഇറങ്ങുന്നതുവരെ അത് എന്റെ കഴിവിന്റെ പരമാവധി പ്രൊമോട്ട് ചെയ്യുക എന്ന ചിന്ത ഉള്ള ആളാണ്. അതിന്റെ ഭാഗമായുള്ളതാണ് ഈ സമ്മര്‍ദ്ദവും മറ്റു കഷ്ടപ്പാടുകളും. അതെടുക്കാതെയും ഇവിടെ നില്‍ക്കാന്‍ പറ്റും. പക്ഷേ എന്റെ എല്ലാ കാര്യങ്ങളിലും ഞാന്‍ നേരിട്ട് എത്തണം, നേരിട്ട് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. ഈ ടെന്‍ഷനും മറ്റും ഞാന്‍ സ്വപ്നത്തില്‍ കണ്ടിരുന്നില്ല. സ്വപ്നത്തില്‍ കണ്ടത് വളരെ ഹാപ്പി ആയ കാര്യങ്ങള്‍ മാത്രമാണ്.
അശ്വര : ഓരോ ചെറിയപാഠവും സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങണമെന്നല്ലേ പറയുക. സ്വന്തം വീട്ടിലുള്ള സ്ത്രീകള്‍ക്ക് വേണ്ടി അവരുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ടൊവിനോ ചെയ്തിട്ടുള്ളത്? അവരെ എങ്ങനെ ഒക്കെയാണ് പിന്തുണച്ചിട്ടുള്ളത് ?
ടൊവിനോ : വളര്‍ച്ചയുടെ കാര്യമാണ് ചോദിച്ചതെങ്കില്‍ എനിക്ക് എന്റെ മകളുടെ കാര്യമാണ് പറയാനുള്ളത്. വീട്ടില്‍ ഞങ്ങളാരും അങ്ങനെയൊരു വേര്‍തിരിവോടെ ആരെയും കണ്ടിരുന്നില്ല. സഹോദരങ്ങളുടെ കാര്യമെടുത്താലും അങ്ങനെ തന്നെ. ഒരു ചോക്ലേറ്റ് കിട്ടിയാല്‍ അത് മൂന്നായി ഭാഗിച്ച് ഞാനും ചേട്ടനും ചേച്ചിയും കഴിച്ചിരുന്നു. എന്റെ ഭാര്യയുടെ വീട്ടിലായാലും അവള്‍ക്കും അവളുടെ അനിയനും ഒരേ സ്ഥാനം തന്നെയാണ് കിട്ടിക്കൊണ്ടിരുന്നത്. ജീവിതത്തിലെന്താകണമെന്നതിലും ആരും നിര്‍ബന്ധങ്ങളടിച്ചേല്‍പ്പിച്ചില്ല. ഞങ്ങള്‍ക്കിഷ്ടമുള്ള വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അത് തന്നെ എന്റെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ മകളെ എനിക്കു പറ്റാവുന്നത്തിടത്തോളം സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുക. ലോകം കാണിക്കുക. അത്തരം യാത്രകളൊക്കെ പോകുമ്പോള്‍ അവള്‍ക്ക് ഉപകാരപ്പെടാന്‍ കൂടുതല്‍ ഭാഷകള്‍ പഠിപ്പിക്കുക. ഒരു സ്ഥലത്തെക്കുറിച്ച് മാത്രം അറിഞ്ഞ് അവിടെത്തന്നെ നില്‍ക്കുമ്പോഴാണ് നമ്മളെല്ലാം ഒതുങ്ങിക്കൂടുന്നത്. വളരെ കുഞ്ഞാണ് ഇപ്പോള്‍ അവള്‍. ഇപ്പോഴേ പറന്നു നടക്കാന്‍ അവളെ പറഞ്ഞു മനസ്സിലാക്കി വളര്‍ത്തി വരുന്നു.
കുടുംബം എന്നോടു പറയാറുള്ള കാര്യങ്ങളെല്ലാം നടത്തിക്കൊടുത്തിട്ടുണ്ട്. പരമാവധി ഷൂട്ടിങ്ങ് ഇടവേളകളില്‍ അവര്‍ക്കരികിലേക്ക് എത്താനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും ശ്രദ്ധിക്കാറുണ്ട്. മകള്‍ അമ്പളിമാമ്മനെ പിടിച്ചു തരാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ സാധിക്കുമായിരിക്കില്ല. എങ്കിലും അവരുടെ ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കാറുണ്ട്.
ഭാഗ്യശ്രീ : എപ്പോഴും മാധ്യമശ്രദ്ധ കിട്ടുന്നവരാണ് താരങ്ങള്‍. അത്തരത്തിലുള്ള ശ്രദ്ധ വന്നപ്പോള്‍ നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങള്‍ ഉണ്ടോ ?
ടൊവിനോ: നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന പല സൗഹൃദങ്ങളുംവാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ എനിക്ക് തിരികെ തന്നിട്ടുണ്ട്. പലരെയും അങ്ങോട്ടു വിളിക്കുമ്പോള്‍ നീ തിരക്കിലായിരിക്കുമെന്നു വിചാരിച്ചിട്ടാണ് ഞാന്‍ വിളിക്കാത്തത് എന്ന മറുപടികള്‍ കേള്‍ക്കേണ്ടി വരും. എന്തിനാ അങ്ങനെ വിചാരിക്കണേ? വിളിച്ചു നോക്കിയാലല്ലേ അറിയുള്ളൂ. മിസ്ഡ് കോള്‍ കണ്ടാലെങ്കിലും തിരിച്ചു വിളിക്കാറുമുണ്ട്. ഒന്നു മൂത്രമൊഴിക്കാനിറങ്ങിയാല്‍ പോലും അതിനെ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്തയാക്കുന്ന നാടാണിത്. കഴിഞ്ഞ ദിവസം തിരൂര്‍ വച്ചു നടന്ന ഒരു ഉദ്ഘാടനത്തിന് പോയപ്പോള്‍ എനിക്കൊന്നു മൂത്രമൊഴിക്കണമെന്നു തോന്നി. റോഡരികില്‍ കാര്യം സാധിക്കാനാവില്ലല്ലോ.പിറ്റേദിവസം ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ ഫോട്ടോ വരും. ഹോട്ടലിലും മറ്റും പോയി അനുവാദം ചോദിക്കും അതാണ് പതിവ്.എന്റെ കൈ മുറിഞ്ഞിട്ടുമുണ്ടായിരുന്നു. ഷൂട്ടിനിടയില്‍ സംഭവിച്ചതാണ്. ഒരു പൊതുവേദിയില്‍ കയറാന്‍ പോവുകയല്ലേ. ഒരു ബാന്റ് എയ്ഡ് വാങ്ങാന്‍ തീരുമാനിച്ചു. കാര്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിര്‍ത്തി ബാന്റ് എയ്ഡ് മേടിക്കാന്‍ മാനേജറെ വിട്ടു. അതു വാങ്ങി ഇറങ്ങുന്നതിനിടയില്‍ അടുത്തെവിടെയെങ്കിലും ടോയ്‌ലറ്റ് സൗകര്യമുണ്ടോയെന്നും അന്വേഷിച്ചു കണ്ടെത്തി.യൂറിക് ആസിഡ് കൂടുതലാണെനിക്ക്. അതുകൊണ്ട് കുറേവെള്ളം കുടിക്കും ഞാന്‍. അതിന്റെ ഭാഗമായി പോകുന്ന വഴിക്കൊക്കെ 'നേച്ചേഴ്‌സ് കോള്‍' ഉണ്ടാകും എന്നതാണ്.അങ്ങനെ ബാന്റ് എയ്ഡിനും എന്റെ കാര്യസാധ്യത്തിനും വേണ്ടി അവിടെ ഇറങ്ങി, ബാന്റ്എയ്ഡ് വാങ്ങി ഒട്ടിച്ചു. ടോയ്‌ലറ്റിലും പോയി.പിറ്റേ ദിവസം വാട്ട്‌സ്അപ്പ് ഗ്രൂപ്പുകളിലൊക്കെ ഒരു വാര്‍ത്ത. വൈലത്തൂരില്‍ സംഘര്‍ഷാവസ്ഥ. ടൊവിനോ പനിയായി ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ അവിടെ ആരോ തടഞ്ഞു എന്നെല്ലാം പറഞ്ഞ്. എന്റെയൊപ്പം ഒരു പരിപാടിയ്ക്കും വരാന്‍ വീട്ടുകാര്‍ക്ക് ഇഷ്ടമല്ല. ഒരിക്കല്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ എന്റെ മോളെ തട്ടിയിട്ടു.ഈ സങ്കടമൊക്കെ ആരോടു പറയാന്‍. കുടുംബത്തെ കൂടി ബാധിക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് എവിടെയും പരാതിപ്പെടാനുമില്ല.
റോസ്: ജീവിതത്തില്‍ എന്നെങ്കിലും കണ്ടുമുട്ടിയ ഒരു സ്ത്രീ, അവരെ എന്നെകിലും നഷ്ടപെട്ട് പോയിരിക്കാം. പക്ഷെ തിരികെ വേണം എന്നാഗ്രഹിക്കുന്ന ഏതെങ്കിലും സ്ത്രീ സൗഹൃദങ്ങള്‍ ഉണ്ടോ ?
ടൊവിനോ : സുഹൃത്തുക്കളുമായി എപ്പോഴും ടച്ച് ഉള്ളയാള്‍ തന്നെയാണ്. അങ്ങനെ നഷ്ടപ്പെട്ടുപോയ ആരുമില്ല.
ശ്രീമതി : വിചിത്രമായ ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്ന ഒരാളാണ്, അങ്ങനെ വ്യത്യസ്തമായ ഏതെങ്കിലും ഭക്ഷണം ഉണ്ടാക്കാന്‍ ശ്രമിച്ച് പാളിയ അനുഭവമുണ്ടോ?
ടൊവിനോ : ഞാന്‍ ചെറിയ പാചക പരീക്ഷണമൊക്കെ ചെയ്യാന്‍ താത്പര്യമുള്ള ഒരാളാണ്. ചെറുപ്പത്തിലേ കുറച്ച് പരീക്ഷണങ്ങള്‍ നടത്തിയിട്ട് കരിഞ്ഞ് പോയികഴിഞ്ഞാല്‍ പാത്രം കഴുകി വെയ്ക്കാനെല്ലാം ഭയങ്കര മടിയാണ്. പിന്നെ അവിടുന്ന് മുങ്ങുക എന്നതായിരിക്കും നമ്മളുടെ പരിപാടി. അങ്ങനെയുള്ള കുറേ സംഭവങ്ങളുണ്ട്. വീട്ടുകാരെല്ലാം ഉച്ചയ്ക്ക് കിടന്നുറങ്ങുന്ന സമയത്ത് എനിക്ക് പെട്ടെന്ന് കുക്ക് ചെയ്യാന്‍ തോന്നും. അവിടെയുള്ള കുറേ സാധനങ്ങള്‍ വെച്ച് എന്തൊക്കെയോ ഉണ്ടാക്കുന്നു. പാളി പോയാല്‍ അത് എടുത്ത് കളയാന്‍ പോലും നില്‍ക്കാതെ മുങ്ങും. കൊള്ളാമെങ്കില്‍ അവര്‍ എഴുന്നേറ്റ് വരുമ്പോള്‍ കൊണ്ടു പോയി കൊടുക്കും. അങ്ങനെയുള്ള പരിപാടിയൊക്കെ ഉണ്ട്. അങ്ങനെ പാളിപ്പോവില്ല, എങ്ങനെയെങ്കിലും അത് ഒരു കരയ്ക്ക് എത്തിക്കും.
അനു : ആരോഗ്യകാര്യത്തില്‍ എങ്ങനെയാണ് ശ്രദ്ധിക്കുന്നത്, ഫിറ്റ്‌നസ്, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ കാര്യങ്ങള്‍?
ടൊവിനോ : പൊതുവെ ഞാന്‍ ഒരു മടിയനാണ്. പക്ഷേ സിനിമയ്ക്ക് വേണ്ടി ചെയ്യുന്ന സമയത്ത് നമ്മള്‍ക്ക് ഒരു മോട്ടിവേഷന്‍ ഉണ്ടാകും. ഒരു പ്രത്യേക കാരണത്തിന് വേണ്ടിയാണ് ചെയ്യുന്നതെന്ന്. മുമ്പേ ഞാന്‍ ജിമ്മില്‍ പോയി തുടങ്ങിയിരുന്നു. ശരീര സൗന്ദര്യം എന്ന് പറയുന്നത് തന്നെയായിരുന്നു അന്നത്തേയും ലക്ഷ്യം. അതായത് സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത്. പിന്നെ ഭയങ്കര ചെറുപ്പത്തില്‍ ഓടി നടക്കുന്ന സമയത്ത് ഉള്ളതിനേക്കാള്‍ ഓരോ വയസ് കൂടുന്തോറും തിരിച്ചറിയുന്നൊരു കാര്യമുണ്ട്. നമ്മള്‍ ഒരു മെഷീനാണ്, നമ്മള്‍ക്കും വിയര്‍ ആന്റ് ടിയറുണ്ടാകും. അങ്ങനെ തിരിച്ചറിവുകള്‍ വന്നു തുടങ്ങുന്തോറും ആരോഗ്യത്തിനെ പറ്റിയും അടിസ്ഥാന ശരീര സംരക്ഷണത്തിനെക്കുറിച്ചുമൊക്കെ ബോധവാനാകും. അതിപ്പോള്‍ ഉണ്ട്. ഭയങ്കര മധുരമുള്ളതോ എണ്ണയില്‍ വറുത്തതോ കഴിക്കുന്ന സമയത്ത് ചെറിയ കുറ്റബോധം തോന്നാറുണ്ട്. ആ രീതിയില്‍ ഞാന്‍ ഫിറ്റ്‌നസിനെക്കുറിച്ച് ബോധവാനാണ്. വര്‍ക്ക്ഔട്ടുകള്‍ ചെയ്യുന്നത് മിക്കപ്പോഴും ഓരോ സിനിമകള്‍ക്ക് അനുസരിച്ചാണ്. പിന്നെ കുടുംബം, മകള്‍ അങ്ങനെയെല്ലാം നോക്കുമ്പോള്‍ ഒറ്റയ്ക്കുള്ളതിനേക്കാള്‍ ആരോഗ്യവും ആസുസ്സും കൂട്ടി കിട്ടണം എന്ന് ആഗ്രഹിച്ച് ഇപ്പോള്‍ വര്‍ക്ക്ഔട്ടും ഡയറ്റുമൊക്കെ കൃത്യമായി പോകുന്നുണ്ട്
ഷബിത : ഒരു സ്ത്രീ കഥയോ തിരക്കഥയോ ആയി സംവിധാനസംരംഭവുമായിട്ട് വന്നാല്‍, കഥയുടെ കാമ്പ് നോക്കുമോ അതോ വേറിട്ടൊരു പരിശ്രമമാണ് എന്ന പരിഗണന അവിടെ കൊടുക്കുമോ
ടൊവിനോ : നൂറു ശതമാനവും ഞാന്‍ കഥയുടെ കാമ്പ് മാത്രമേ പരിഗണിക്കൂ. അതില്‍ സ്ത്രീ-പുരുഷ, പ്രായവര്‍ണഭേദമൊന്നുമില്ല. കാരണം അങ്ങനെയൊക്കെയുള്ള മനോവികാരങ്ങള്‍ക്കും അപ്പുറം ഇതില്‍ മണി ഇന്‍വോള്‍ഡാണ്.
ഒരുപാട് പേരുടെ ജോലിയാണ്, കാണുന്ന പ്രേക്ഷകരോട് നമ്മള്‍ക്കൊരു ഉത്തരവാദിത്ത്വമുണ്ട്. അങ്ങനെ ധാരാളം കാര്യങ്ങളുണ്ട്. അതുകൊണ്ട് മറ്റെന്തിനെക്കാളും കഥയുടെ കാമ്പ്, സിനിമ വര്‍ക്കാവാനുള്ള സാധ്യത, കലാമൂല്യം, എന്റര്‍ടെയ്ന്‍മെന്റ് വാല്യൂ ഇതെല്ലാം നമ്മള്‍ ആലോചിക്കും. പിന്നെ സച്ചിയേട്ടന്‍ പറഞ്ഞത് പോലെ, മറ്റുള്ളവന്റെ പൈസയ്ക്ക് ആത്മരതിക്ക് നിന്ന് കൊടുക്കാന്‍ പറ്റില്ല. അത്രേയുള്ളൂ. അതുകൊണ്ട് കഥ നല്ലതാണ്, അത് ചെയ്ത് ഫലിപ്പിക്കാനുള്ള കാലിബര്‍ അവര്‍ക്കുണ്ട് എന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഞാനത് ചെയ്യും. ഞാന്‍ ഒരു സ്ത്രീ സംവിധായകയുടെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ഒരു വ്യത്യാസം എനിക്കില്ല.
രഞ്ജന : ടൊവിനോയുടെ മകള്‍ ഒരു ദിവസം രാവിലെ എണീറ്റു വന്നു പറയുകയാണ്. അച്ഛാ എനിക്ക് സിനിമാനടിയാകണം. അല്ലെങ്കില്‍ സംവിധായികയാവണം. എന്തായിരിക്കും ടൊവിനോയുടെ മറുപടി?
ടൊവിനോ : ഞാന്‍ ആഗ്രഹിക്കുന്നത് അതു തന്നെയാണ്. സിനിമാനടിയോ സംവിധായികയോ ക്യാമറാവുമണോ എഴുത്തുകാരിയോ ഒക്കെ ആയിത്തീരണമെന്നു തന്നെയാണ്. അത് എന്റെ ആഗ്രഹമെന്നേയുള്ളൂ. മകള്‍ എന്താണ് ആഗ്രഹിക്കുന്നത് എങ്കില്‍ അതിനു തന്നെയായിരിക്കും ഞാന്‍ പ്രാധാന്യം കൊടുക്കുക. സോഫ്റ്റ് എഞ്ചിനീയറാവാനാണെങ്കില്‍ അതില്‍ ഏറ്റവും മികച്ചതാകട്ടെ.
Content Highlights : Tovino Fun Chat Interview New movie Kilometers and Kilometers