
ഇന്ത്യന്‍ ഓഹരി ഇടപാടില്‍ വന്‍മാറ്റങ്ങള്‍ക്ക് വഴിവെച്ച ആശയമാണ് ഡിസ്‌കൗണ്ട് ബ്രോക്കിങ്. ബെംഗളുരു ആസ്ഥാനമായ സെറോധയാണ് ഈ വിപ്ലവത്തിന് നേതൃത്വം നല്‍കിയത്. സെറോധക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കിയതാകട്ടെ കോഴിക്കോട് സ്വദേശിയായ കൈലാഷ് നാഥായിരുന്നു. സെറോധയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറായ കൈലാഷ് നാഥുമായുള്ള അഭിമുഖത്തില്‍ നിന്ന്:
എങ്ങനെയായിരുന്നു കമ്പ്യൂട്ടറുകളുടെയും ഓഹരി വിപണിയുടെയും ലോകത്തെത്തിയത്?
സ്‌കൂള്‍ പഠന കാലത്തുതന്നെ ശാസ്ത്ര പ്രദര്‍ശനങ്ങളിലും ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സജീവമായി പങ്കെടുക്കുമായിരുന്നു. യാദൃച്ഛികമായാണ് കമ്പ്യൂട്ടര്‍ കോഡിങ്ങിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. പതിമൂന്നാം വയസ്സില്‍ തുടങ്ങിയ കോഡെഴുത്ത് ഇന്നും തുടരുന്നു. സ്വതന്ത്രസോഫ്റ്റ് വെയര്‍ പ്രോജക്ടുകള്‍ക്ക് സമയം ലഭിക്കില്ലെന്ന കാരണത്താല്‍ പ്ലസ് ടു പഠനശേഷം എഞ്ചിനീയറിംഗിന് പോവേണ്ടന്ന് തീരുമാനിച്ചിരുന്നു. ആസമയത്ത് ബ്രിട്ടനിന്‍ ബി.എസ്.സി.കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് കിട്ടി. ബിരുദ പഠനത്തിനുശേഷം ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില് ഡോക്ടറേറ്റ് ചെയ്യാനും സ്‌കോളര്‍ഷിപ്പ് ലഭിച്ചു.
2011-ലാണ് കേരളത്തിലേക്ക് തിരിച്ചുവന്നത്. ഓളം ഓണ്‍ലൈന്‍ നിഘണ്ടു തയ്യാറാക്കിയത് ഈ സമയത്തായിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലായിരുന്നു താത്പര്യം. ജോലി സ്വീകരിച്ചാല്‍ ഇതിനൊന്നും സമയം ലഭിക്കില്ല. ജീവിക്കാനുള്ള വരുമാനം കോഡെഴുതി നേടാനായിരുന്നു തീരുമാനം. എന്നാല്‍ കോഴിക്കോട്ട് തിരിച്ചെത്തിയപ്പോഴാണ് വലിയൊരു പ്രതിസന്ധി നേരിട്ടത്. ഇവിടെ ഇന്റര്‍നെറ്റ് വേഗം തീരെകുറവായിരുന്നു. അങ്ങനെ വേഗമേറിയ ഇന്റര്‍നെറ്റിനായി ബന്ധുവിന്റെ ക്ഷണപ്രകാരം ബെംഗളുരുരിലേക്ക് പോയി.
ഫിനാന്‍ഷ്യല് മേഖലയിലെ തുടക്കം എങ്ങനെയായിരുന്നു?
ഞാനും സുഹൃത്തും ചേര്‍ന്ന് 2012-ല്‍ പൊതുജനങ്ങള്‍ക്ക് നിക്ഷേപം എളുപ്പമാക്കുന്ന ആപ് നിര്‍മ്മിക്കാന്‍ ശ്രമം നടത്തിയിരുന്നു. സാമ്പത്തികരംഗത്തില്‍ എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. ടെക്‌നോളജിയാണ് എന്നെ ആകര്‍ഷിച്ചിരുന്നത്. അത് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് യാദൃച്ഛികമായി സെറോധയുടെ സഹസ്ഥാപകന്‍ നിഥിന്‍ കാമത്തിനെ പരിചയപ്പെടുന്നത്. ഓഹരി വ്യാപാരത്തിന് കുറഞ്ഞ ബ്രോക്കര്‍ ചാര്‍ജ് (ഡിസ്‌കൊണ്ട് ബ്രോക്കറേജ്) എന്ന ആശയമാണ് നിഥിന്‍ കൊണ്ടുവന്നിരുന്നത്. നിഥിന്റെ പദ്ധതികളില്‍ താത്പര്യം തോന്നി. അങ്ങനെ 2013-ല്‍ ഞങ്ങള്‍ സെറോധ ടെക്‌നോളജീസ് എന്ന സംരംഭം തുടങ്ങി. ടെക്‌നോളജി പ്രൊഡക്ടുകളിലേക്ക് സെറോധ മാറുകയായിരുന്നു. അന്ന് ഓഹരി നിക്ഷേപത്തിന് ഡീമാറ്റ് അക്കൗണ്ട് തുടങ്ങാന്‍ തന്നെ അമ്പതോളം പേജുള്ള ഫോമുകള് പൂരിപ്പിച്ച് നല്‍കുന്ന സങ്കീര്‍ണ പ്രക്രിയയാണുണ്ടായിരുന്നത്. ഓഹരി വിപണനം ഓണ്‍ലൈന്‍ ഡിജിറ്റല്‍
പ്ലാറ്റ്‌ഫോമിലേക്ക് മാറിയതോടെ നിക്ഷേപകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. കുറഞ്ഞ ബ്രോക്കറേജ് നിരക്കും നിക്ഷേപകരെ കൂട്ടത്തോടെ ഓഹരി വിപണിയിലെത്തിച്ചു.
പത്തുവര്‍ഷം പിന്നിടുമ്പോള്‍ 80 ലക്ഷത്തിലേറെ ഉപഭോക്താക്കളുമായി സെറോധ മറ്റ് സ്ഥാപനങ്ങളെ ബഹുദൂരം പിന്നിലാക്കി ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. കോവിഡ് കാലത്താണ് വന്‍വളര്‍ച്ചയുണ്ടായത്. 2020-ല്‍ ഇരുപത് ലക്ഷം ഉപഭോക്താക്കള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2021-ല്‍ 80 ലക്ഷമായി ഉയര്‍ന്നു. 16 മാസം കൊണ്ട് 60 ലക്ഷം ഉപഭോക്താക്കളുടെ വര്‍ദ്ധനവ്. പൊടുന്നനെയുള്ള കുതിപ്പ് കൈകാര്യം ചെയ്യാന്‍ സജ്ജരായിരുന്നില്ലെങ്കില്‍ ഞങ്ങള്‍ പ്രതിസന്ധിയിലാവുമായിരുന്നു.
കുറഞ്ഞ ബ്രോക്കറേജ് നിരക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ എങ്ങനെയാണ് കഴിയുന്നത് ?
ടെക്‌നോളജി വികസിപ്പിച്ചതുകൊണ്ടാണ് ചെലവ് ചുരുക്കി ഡിസ്‌കൊണ്ട് ബ്രോക്കറേജ് നല്‍കാന്‍ കഴിയുന്നത്. ലക്ഷക്കണക്കിന് ഇടപാടുകള്‍ നടന്നെങ്കിലേ സ്ഥാപനത്തിന് ലാഭത്തിലെത്താനാവൂ. അത് ടെക്‌നോളജി വഴി മാത്രമേ സാധ്യമാവൂ. കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ ചെലവ് ചുരുക്കിയാണ് ഉണ്ടാക്കിയത്. ആകെ ഒരു കോര്‍പ്പറേറ്റ് ഓഫീസ് മാത്രമാണ് കമ്പനിക്കുള്ളത്. സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ പരമാവധി ഉപേേയാഗപ്പെടുത്തി. ഞങ്ങളുടെ ടെക്‌നോളജി ടീമില്‍ 30 പേര്‍ മാത്രമാണുള്ളത്.
ഓഹരി നിക്ഷേപകര്‍ ലാഭം ഉണ്ടാക്കുമ്പോള്‍ ട്രേഡര്‍മാരില്‍ ഭുരിഭാഗവും നഷ്ടത്തിലാണെന്ന് കണക്കുകള്‍ പറയുന്നു ?
നിക്ഷേപകര്‍ നല്ലതോതില്‍ ലാഭമുണ്ടാക്കുന്നുണ്ട്. എന്നാല്‍ ട്രേഡര്‍മാരില്‍ തൊണ്ണൂറ് ശതമാനത്തിലേറെപ്പേര്‍ നഷ്ടത്തിലാണെന്നാണ് സെബി അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്. പലര്‍ക്കുമുള്ള മിഥ്യാധാരണ ഫ്യൂച്ചര്‍, ഓപ്ഷന്‍ ട്രേഡിങ്ങിലൂടെ പെട്ടെന്ന് പണമുണ്ടാക്കാമെന്നാണ്. ഞങ്ങള്‍ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നില്ല. വിദഗ്ദന്‍മാര്‍ മാത്രം ഈ മേഖലയില്‍ ട്രേഡ് ചെയ്യട്ടെ എന്നാണ് നിലപാട്. അപകടകരമായ ട്രേഡിങ്ങിനെതിരെ മുന്നറിയിപ്പ് നല്‍കുന്ന നഡ്ജ് എന്ന ഫീച്ചര്‍ ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ട്. നഡ്ജിന് ഉപഭോക്താക്കളില്‍ നിന്ന് നല്ല പ്രതികരമാണ് ലഭിച്ചിട്ടുള്ളത്. താഴ്ന്ന വിലയിലുള്ള പെന്നി സ്റ്റോക്കുകളില്‍ വ്യാപാരം അനുവദിക്കാറില്ല. ഇതെല്ലാം കമ്പനിയുടെ വരുമാനം കുറക്കുന്നതാണ്. എന്നാല്‍ ഉപഭോക്താളുടെ താത്പര്യങ്ങള്‍ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.
പലരും അമിത ട്രേഡിങ്ങില്‍ അടിമപ്പെട്ട് വലിയ നഷ്ടങ്ങള്‍ വരുത്തിവെക്കുന്നു. അത് തടയാന്‍ കില്‍ സ്വിച്ച് എന്നൊരു ഫീച്ചറുണ്ട്. ഇത് ഓണ്‍ ചെയ്താല്‍ അക്കൗണ്ട് തുറക്കാന്‍ ലോഗിന്‍ ചെയ്യാന്‍ കഴിയില്ല. അവസാനത്തെ മനശ്ശാസ്ത്ര ഉപകരണമാണിത്. ആയിരക്കണക്കിനുപേര്‍ ക്വില്‍ സ്വിച്ച് ഇന്ന് ഉപയോഗിക്കുന്നുണ്ട്.
എന്താണ് ഭാവി ലക്ഷ്യങ്ങള്‍ ?
ബ്രോക്കറേജ് ഇന്‍ഡസ്ട്രി ആകെ മാറിക്കഴിഞ്ഞു. ഞങ്ങള്‍ കൊണ്ടുവന്ന ടെക്‌നോളജികള്‍ മറ്റുപലരും ഏറ്റെടുത്തു. മിക്കവരും ചുരുങ്ങിയ ബ്രോക്കറേജ് നിരക്കിലേക്ക് ചുവടുമാറ്റി. നിക്ഷേപകന്റെ താത്പര്യങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതിനാണ് ഇനി പ്രാധാന്യം നല്‍കുന്നത്. പണം മുടക്കുന്ന നിക്ഷേപകന് ആദായം ലഭിക്കണം. അവരുടെ നഷ്ടങ്ങള്‍ കുറക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നാണ് ഗൗരവമായി ആലോചിക്കുന്നത്. നിക്ഷേപകന്റെ ലാഭനഷ്ടങ്ങള്‍ (പി.എന്‍.എല്‍.) അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. ട്രേഡര്‍ക്ക് നഷ്ടം വന്നുതുടങ്ങിയാല്‍ മുന്നറിയിപ്പുമാത്രമല്ല, ട്രേഡിങ്ങ് വിലക്കുന്ന അവസ്ഥയുണ്ടാവും. ആത്യന്തികമായി നിക്ഷേപകര്‍ നിലനിന്നാലേ വ്യവസായവും നിലനില്‍ക്കൂ.
Content Highlights: Interview with Kailash Nath, technology officer of Zerodha
Published: 19 Jul 2023, 09:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented