രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ സെറോധയുടെ മേധാവികളുടെ വാർഷിക ശമ്പളം 100 കോടി രൂപയായി വർധിപ്പിച്ചു. നിധിൻ കാമത്ത്, നിഖിൽ കാമത്ത്, ഈയിടെ മുഴുവൻ സമയ ഡയറക്ടറായി നിയമിതയായ നിതിന്റെ ഭാര്യ സീമ പാട്ടീൽ എന്നിവർക്കാണ് ഇത്രയും പ്രതിഫലം എടുക്കാൻ കമ്പനി ബോർഡ് അനുവദിച്ചത്. 

To advertise here,

ഇതോടെ രാജ്യത്തെ ഏറ്റവും പ്രതിഫലം ലഭിക്കുന്ന പ്രമോട്ടർമാരാകും സെറോധയുടെ സ്ഥാപകർ. വിപണിയിൽ ലിസ്റ്റ്‌ചെയ്ത കമ്പനികളിൽ സൺ ടിവിയുടെ കലാനിധി മാരന് 87.5 കോടി രൂപയും ഹീറോ മോട്ടോർകോർപിന്റെ പവൻ മുഞ്ജലിന് 84.6 കോടി രൂപയുമാണ് ശമ്പളയനിത്തിൽ ലഭിച്ചത്. 

ബോർഡ് യോഗതീരുമാനമാണിതെന്നും ഇത്രയുംതുക ലഭിച്ചതായി കരുതേണ്ടെന്നും നിതിൻ പ്രതികരിച്ചു. വിവിധ പദ്ധികൾക്കായി ഓരോവർഷവും ലാഭത്തിന്റെ 5 മുതൽ 10ശതമാനംവരെ നീക്കിവെക്കാറുണ്ടെന്നും നിതിൻ വ്യക്തമാക്കി. 2020-21 സാമ്പത്തികവർഷത്തിൽ അറ്റാദായം 1000 കോടി രൂപയായി. ബോണസ് നൽകുന്നതിനായി അതിന്റെ ഒരുഭാഗം നീക്കവെച്ചതായും അദ്ദേഹം പറയുന്നു. 

2010ൽ സ്ഥാപിച്ച സെറോധ, ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസിനും ഇൻട്രാ ഡെ ട്രേഡിനും 20 രൂപ നിരക്കിലാണ് ബ്രോക്കർഫീസ് വാങ്ങുന്നത്. ദീർഘകാല ഓഹരി വ്യാപാരത്തിന് ബ്രോക്കർ ഫീസ് ഈടാക്കുന്നുമില്ല. കോവിഡ് കാലത്ത് ചെറുകിട നിക്ഷേപകരുടെ എണ്ണം 20 ലക്ഷത്തിൽനിന്ന് 50 ലക്ഷമായി ഉയർന്നു. റീട്ടെയിൽ വ്യാപാരത്തിന്റെ 15ശതമാനത്തിലധികം നടക്കുന്നത് സെറോധവഴിയാണ്.