ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് തുടരന്നു. നാലാമത്തെ ആഴ്ചയിലും വില താഴുന്ന പ്രവണതയാണ്. ഹോർമുസ് കടലിടുക്കിലൂടെ ചരക്ക് നീക്കം പുനരാരംഭിച്ചതും യുഎസും ഇറാനും തമ്മിലുള്ള ചർച്ചയിൽ പുരോഗതി ഉണ്ടായതുമാണ് പ്രധാനകാരണം. ഇതോടെ ബ്രെന്റ് ക്രൂഡ് ബാരലിന് 71 ഡോളറിലെത്തി. ഡബ്ല്യു.ടി.ഐ ആകട്ടെ 68 ഡോളർ നിലവാരത്തിലുമാണ്. 2024ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ വിലയിടിവാണിത്. വരും വർഷങ്ങളിൽ വില താഴുമെന്ന പ്രതീക്ഷയിൽ പ്രമുഖ ധനകാര്യ സ്ഥാപനമായ മക്വാറി ക്രൂഡ് വില അനുമാനം താഴ്ത്തിയിട്ടുണ്ട്.

To advertise here,

ഹോർമുസിലെ ചരക്കുനീക്കം

ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതം സാധാരണ നിലയിലാകുന്നത് വിതരണ ശൃംഖലയിലെ ആശങ്ക കുറച്ചു. ഇതോടെ എണ്ണ വിതരണം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തി.

സൗദി കയറ്റുമതി

സൗദി അറേബ്യയിൽനിന്നുള്ള കയറ്റുമതി യുദ്ധത്തിന് മുമ്പുള്ളതിന്റെ 90 ശതമാനത്തോളം വീണ്ടെടുത്തു. മേഖലയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാണ് സൗദി. ഇവരുടെ ഭൂരിഭാഗം എണ്ണക്കപ്പലുകളും ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്.

യുഎസ്-ഇറാൻ ചർച്ച

ജൂൺ പകുതിയോടെ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പിട്ട പ്രാഥമിക ധാരണാപത്രം വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിപ്രായത്തിൽ ഇറാൻ മിക്കവാറും നിബന്ധനകളോട് യോജിച്ചിട്ടുണ്ട്. ഇറാൻ ഇതിനകം തന്നെ ഉപരോധങ്ങളിൽ ഇളവ് നേടുകയും ഉത്പാദനം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മറ്റ് ഉത്പാദകരുടെ പങ്ക്

ഒപെക് അംഗമല്ലാത്ത യുഎഇ ഉത്പാദനം കൂട്ടി. നയതന്ത്ര ചർച്ചകളുടെ ഭാഗമായി ഇറാനിൽ നിന്നുള്ള വിതരണവും വർധിച്ചിട്ടുണ്ട്.

വില ഇനിയും കുറയുമോ?

മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വിതരണം പ്രതീക്ഷിച്ചതിലും വേഗത്തിൽ സാധാരണ നിലയിലാകുമെന്ന് മക്വാറി ഗ്രൂപ്പ് വിലയിരുത്തുന്നു. അതുപ്രകാരമുള്ള അനുമാനം ഇപ്രകാരമാണ്:

വർഷം

പുതിയ അനുമാനം (Brent)

പഴയത്‌ (Brent)

2026

$77/ബാരൽ

$89/ബാരൽ

2027

$64/ബാരൽ

$74/ബാരൽ

ആഗോള എണ്ണ വിപണി തിരുത്തൽ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിതരണം കൂടുന്നതും നയതന്ത്ര നീക്കങ്ങളും വില കുറയാൻ സാഹചര്യമൊരുക്കും. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്‌നങ്ങളും അന്താരാഷ്ട്ര ഇൻവെന്ററികളിലെ കുറവും വിപണിയെ സ്വാധീനിച്ചേക്കാം.