കോഴിക്കോട്‌: കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ജീവിതം വലിയ പാഠമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. കാരന്തൂര്‍ മര്‍ക്കസിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഖലീല്‍ തങ്ങളുടെ ആത്മകഥ 'ജീവിതം ഇതുവരെ' കാന്തപുരം പ്രകാശനം ചെയ്തു. യെമനിലെ പ്രശസ്ത പണ്ഡിതനായ അല്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീസ് പുസ്തകം ഏറ്റുവാങ്ങി. 

To advertise here,

പ്രതിസന്ധികളെ ഒരാള്‍ എങ്ങനെയാണ് അവസരങ്ങളാക്കി മാറ്റുന്നതെന്ന, നിസ്സഹായാതകളെ പ്രതീക്ഷകളാക്കി പരിവര്‍ത്തിപ്പിക്കുന്നതെന്ന വലിയ പാഠമാണ് ഖലീല്‍ തങ്ങളുടെ ഈ ജീവിതകഥയുടെ മര്‍മമെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. നാം ജീവിക്കുന്ന ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലത്തെ അതിജയിച്ചു മുന്നോട്ടുപോകാന്‍ ഏറെ അത്യന്താപേക്ഷിതമായ, നാമെല്ലാവരും നിര്‍ബന്ധമായും സ്വായത്തമാക്കേണ്ട ചില നൈപുണ്യങ്ങളിലേക്കും പരിശീലനങ്ങളിലേക്കുമുള്ള വാതില്‍ തുറക്കുകയാണിവിടെ.

placeholder
പുസ്തകത്തിന്റെ കവര്‍ പേജ്‌

കടലുണ്ടിയില്‍നിന്ന് ഇന്ത്യന്‍ മുസ്ലിം നേതൃനിരയിലേക്കുള്ള ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ വളര്‍ച്ചയുടെ ചരിത്രം വലിയൊരര്‍ഥത്തില്‍ തന്റെ പ്രാസ്ഥാനിക ചരിത്രത്തിന്റെ കൂടി ഭാഗമാണെന്ന് കാന്തപുരം പറഞ്ഞു. കേരളത്തിലെ മറ്റു പല മുസ്ലിം നേതാക്കളില്‍ നിന്നും വ്യത്യസ്തമായ ഒട്ടേറെ ഘടകങ്ങള്‍ ആ വളര്‍ച്ചയിലുണ്ട്.

പുതുതലമുറയ്ക്ക് അതില്‍ ധാരാളം പാഠങ്ങളും ഉണ്ട്. വളരെ കുറഞ്ഞ കാലംകൊണ്ടുതന്നെ മുസ്ലിം മുഖ്യധാരയിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞതിന് പിന്നിലെ പ്രധാന കാരണം പിന്നാക്ക സാമൂഹിക വിഭാഗങ്ങളുടെ പുരോഗതിക്കായി മുന്‍ മാതൃകകകളില്ലാത്ത പുതിയ മേഖലകളും പദ്ധതികളും കണ്ടെത്തി അവതരിപ്പിക്കാനും അവ നടപ്പില്‍ വരുത്താനുമുള്ള അദ്ദേഹത്തിന്റെ മിടുക്കാണ്.  

വിദേശ ഭാഷാ പഠനരംഗത്ത് ഖലീല്‍ തങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച സംരംഭങ്ങള്‍ ഈ മേഖലയില്‍ കേരളത്തിനുതന്നെ ഒരു വഴികാട്ടിയായിരുന്നു. ഒരു കാര്യം ഏറ്റെടുത്താല്‍ അതിന്റെ അറ്റം കാണുന്നതുവരേയും പരിശ്രമിക്കുക എന്നതാണദ്ദേഹത്തിന്റെ ശൈലി. അതെത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും ഒരേ ഉത്തരവാദിത്വ ബോധത്തോടെയാണ് അദ്ദേഹം കൈകാര്യം ചെയ്യുക. ആ ഉത്തരവാദിത്വ ബോധത്തിന്റെ എല്ലാ അംശങ്ങളും ആ പദ്ധതി പൂര്‍ത്തിയാകുന്നതുവരെയും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും സംസാരത്തിലും ഉണ്ടാകും. അതു നേടിക്കഴിഞ്ഞാല്‍ അടുത്തത് തുടങ്ങുകയായി. സ്ഥായിയായ ഒരു പരിശ്രമിയാണദ്ദേഹം.
 
'പരിശ്രമിക്കുന്നവര്‍ അതിനെ എത്തിക്കും' എന്ന ഹദീസിനെ അന്വര്‍ഥമാക്കുമാറ് ഖലീല്‍ തങ്ങളുടെ ഓരോ പരിശ്രമങ്ങളും വിജയം കണ്ടുകൊണ്ടേയിരിക്കുകയാണ്. ഓരോ തവണ കാണുമ്പോഴും പുതുതായി എന്തെങ്കിലും ആശയങ്ങളോ, കാഴ്ചപ്പാടുകളോ ഏറ്റവും ചുരുങ്ങിയത് പുതിയൊരു വിവരമോ അദ്ദേഹത്തിനു പറയാനുണ്ടാകും. ആ കഠിനാധ്വാനങ്ങള്‍  പലപ്പോഴും നേരിട്ടു കാണാനും പലതിന്റെയും ഭഗവാക്കാകാനും എനിക്കും അവസരം ഉണ്ടായിട്ടുണ്ട്. ഇങ്ങനെ സ്വയം വിശ്രമം അനുവദിക്കാതെ അദ്ദേഹം പ്രവര്‍ത്തിച്ചതുകൊണ്ടാണ് മഅദിന്‍ സ്ഥാപന സമുച്ചയം ഇന്ന് കാണുന്ന വളര്‍ച്ചയും സ്വാധീനവും നേടിയെടുത്തത്. 

ഈ അധ്വാനത്തിന്റെയും വളര്‍ച്ചയുടെയും കഥകള്‍ ആത്മീയ-വിദ്യാഭ്യാസ-സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന പാഠപുസ്തകമാണ്. വരും തലമുറയെ അതറിയിക്കാനുള്ള ഉത്തരവാദിത്വത്തം  ഏറ്റെടുത്തു കൊണ്ടാണ് ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ ജീവിത കഥ ആര്‍. ഗിരീഷ്‌കുമാര്‍ തയ്യാറാക്കിയത്. ഈ ജീവിത കഥയുടെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കു തോന്നിയത് വളരെ നിസ്സാരമെന്നു മറ്റുപലര്‍ക്കും തോന്നിയേക്കാവുന്ന സന്ദര്‍ഭങ്ങളെയും വ്യക്തികളെയും ഓര്‍ത്തെടുത്ത് പറയാന്‍ തങ്ങള്‍ കാണിക്കുന്ന സന്നദ്ധതയാണ്. അപ്രസക്തമെന്നു കരുതി അവഗണിച്ചേക്കാവുന്ന അത്തരം അനുഭവങ്ങളില്‍ നിന്നെല്ലാം അദ്ദേഹം ഒരു പാഠം കണ്ടെത്തും.

placeholder
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ആത്മകഥ 'ജീവിതം ഇതുവരെ' എന്ന പുസ്തകം യെമനിലെ പ്രശസ്ത പണ്ഡിതനായ അല്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീസിന് നല്‍കി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്യുന്നു.

ആ പാഠം തന്നെ പഠിപ്പിച്ച സന്ദര്‍ഭത്തെയും ആളുകളെയുമെല്ലാം വ്യക്തതയോടെ ഓര്‍ക്കുകയും ആ പാഠത്തിന്റെ  ഉടമസ്ഥാവകാശം അവര്‍ക്കു വകവെച്ചു നല്‍കുകയും ചെയ്യും. മറ്റുള്ളവരുടെ ചെറിയ പങ്കാളിത്തത്തിനു പോലും അര്‍ഹിക്കുന്ന  അംഗീകരികാരം നല്‍കാനുള്ള  ഈ സന്നദ്ധത വലിയൊരു കഴിവാണ് - ആത്മകഥയുടെ അവതാരികയില്‍ കാന്തപുരം എ.ബി. അബൂബക്കര്‍ മുസ്ലിയാര്‍ പറയുന്നു. 

പ്രീബുക്കിങ് 20 വരെ

സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ജീവിതം ഇതുവരെ എന്ന ആത്മകഥ ഈ മാസം ഇരുപതോടെ മാതൃഭൂമിയുടെ ബുക്‌സ് സ്റ്റാളുകളില്‍ ലഭ്യമാകും. പുസ്തകം ഫെബ്രുവരി 20-വരെ പ്രീബുക്കില്‍ മാതൃഭൂമി ബുക്‌സില്‍നിന്ന് ഓണ്‍ലൈനായി (www.mbibooks.com) വാങ്ങാം. 590 രൂപ മുഖവിലയുള്ള പുസ്തകത്തിന് 475 രൂപയാണ് പ്രീബുക്കിങ് വില.