ലണ്ടൻ: “രോഗവും തടവുശിക്ഷയും ഒന്നിച്ചനുഭവിക്കുന്നതിനെക്കാൾ കഠിനമായ മറ്റൊരു ശിക്ഷയില്ല” -ഓർമ്മക്കുറിപ്പിൽ സമാധാന നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി ഇങ്ങനെ കുറിച്ചു. ഇറാനിലെ തടവറകളിൽ നേരിടേണ്ടിവന്ന കൊടിയപീഡനങ്ങൾ വിവരിക്കുകയാണ് നർഗീസിന്റെ ‘എ വുമൺ നെവർ സ്റ്റോപ്‌സ് ഫൈറ്റിങ്’ എന്ന പുസ്തകം. ഓർമ്മക്കുറിപ്പുകളുടെ ഈ സമാഹാരം സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കും.

To advertise here,

"സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് എല്ലായ്‌പ്പോഴും ഒരു ആരാച്ചാരുടെ കയർ ആവശ്യമില്ല. ചിലപ്പോൾ, മനുഷ്യശരീരം തളരുന്നതുവരെ അവർ കാത്തിരിക്കും”- ഏകാന്തതടവ് തന്റെ ശരീരത്തെയും ആരോഗ്യത്തെയും എങ്ങനെയെല്ലാം നശിപ്പിച്ചുവെന്ന് നർഗീസ് ഈ വരികളിൽ കുറിച്ചിട്ടു.

ഇറാനിലെ കുപ്രസിദ്ധമായ എവിൻ, കർചക്, സൻജാൻ ജയിലുകളിലെ പൊള്ളുന്ന അനുഭവങ്ങളാണ് പുസ്തകത്തിൽ. തടവറയിൽ നേരിട്ട ചികിത്സാനിഷേധവും മർദനങ്ങളും പങ്കുവെക്കുന്നു.

സഹതടവുകാരും സന്ദർശകരുമാണ് നർഗീസിന്റെ എഴുത്തുകൾ പുറത്തെത്തിച്ചത്. ഇതിനിടയിൽ പലതവണ ജയിൽ അധികൃതർ അവ കണ്ടെടുത്ത് നശിപ്പിച്ചു. നശിച്ചതെല്ലാം നർഗീസ് പിന്നെയും എഴുതി.

ആദ്യകാല ജീവിതം, രാഷ്ട്രീയം രൂപവത്കരിച്ചതിൽ രക്ഷിതാക്കളുടെ പങ്ക്, മനുഷ്യാവകാശപ്പോരാട്ടം തുടങ്ങിയവയുടെ ഓർമ്മകളും പുസ്തകത്തിലുണ്ട്.

രണ്ടുപതിറ്റാണ്ടിലേറെയായി ഇറാനിലെ സ്ത്രീസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമായി പോരാടുന്ന നർഗീസിനെ 14 തവണയാണ് ഭരണകൂടം അറസ്റ്റുചെയ്തത്. തടവിലിരിക്കേ 2023-ൽ സമാധാന നൊബേൽ ലഭിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് 2024-ൽ ജയിലിൽനിന്ന് താത്‌കാലിക വിടുതൽ ലഭിച്ചെങ്കിലും 2025 ഡിസംബറിൽ വീണ്ടും അറസ്റ്റിലായി. മാർച്ചിൽ ഹൃദയാഘാതമുണ്ടായി. മേയ് ആദ്യം വീണ്ടും ആശുപത്രിയിലായ അവർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.