മാതൃഭൂമി വാരാന്തപ്പതിപ്പില് പ്രസിദ്ധീകരിച്ചുവരുന്ന മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനെക്കുറിച്ചുള്ള കണ്നിറയെ കാവ്യഭൂഖണ്ഡം എന്ന കെ. രഘുനാഥന്റെ പംക്തിയില് സംഭവിച്ച വസ്തുതാപരമായ തെറ്റ് ചൂണ്ടിക്കാട്ടി സംഭവം വിശദമാക്കുകയാണ് അന്നത്തെ പാര്ട്ട് ടൈം ലേഖകനും പരസ്യപ്രതിനിധിയുമായിരുന്ന തോമസ് പാവറട്ടി.
എന്റെ സുഹൃത്ത് കെ. രഘുനാഥന്റെ, കണ്നിറയെ കാവ്യഭൂഖണ്ഡം എന്നപേരില് മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനെക്കുറിച്ചുള്ള ലേഖനപരമ്പര പതിമ്മൂന്ന് ഖണ്ഡങ്ങളായി മാതൃഭൂമി വാരാന്തപ്പതിപ്പില് പ്രസിദ്ധീകരിച്ചത് ആര്ത്തിയോടെയാണ് ഞാന് വായിച്ചത്. ജൂലായ് ആറിന് പ്രസിദ്ധീകരിച്ച അവസാനലേഖനത്തില് വൈലോപ്പിള്ളിയുടെ ശവദാഹവുമായി ബന്ധപ്പെട്ട വിവരണത്തില് അല്പം വസ്തുതാപരമായ തെറ്റുകളുണ്ട്.
ഒരിക്കല് തൃശ്ശൂര് അമ്പാടി ഹോട്ടലില് ഊണുകഴിക്കുമ്പോഴാണ് മഹാകവി വൈലോപ്പിള്ളിയെ ഞാന് പരിചയപ്പെടുന്നത്. മാതൃഭൂമി ലേഖകനാണെന്നു പറഞ്ഞപ്പോള് മുംബൈയിലെ മാതൃഭൂമിയുടെ മുന്ലേഖകനും പ്രശസ്ത സ്വാതന്ത്ര്യസമരസേനാനിയുമായ വി.എ. കേശവന് നായര്, പാവറട്ടി സംസ്കൃത കോളേജ് സ്ഥാപകന് സംസ്കൃതപ്രണയഭാജനം പ്രൊഫ. പി.ടി. കുരിയാക്കോസ്, പ്രസിദ്ധ സംസ്കൃതപണ്ഡിതന് പ്രൊഫ. പി.സി. വാസുദേവന് ഇളയത് എന്നീ മഹാത്മാക്കളെക്കുറിച്ച് ഞാന് മാതൃഭൂമി വാരാന്തപ്പതിപ്പില് എഴുതിയിട്ടുള്ളത് അദ്ദേഹം വായിച്ചിട്ടുള്ളതായി പറഞ്ഞു. പാര്ട്ട് ടൈം ലേഖകനായിരുന്ന ഞാന് അന്ന് തൃശ്ശൂര് സെയ്ന്റ് തോമസ് കോളേജില് ബികോമിന് പഠിക്കുകയായിരുന്നു.
വളരെ ചെറുപ്പക്കാരനാണല്ലോ തോമസ്? തോമസ് പാവറട്ടിയെന്ന് പത്രത്തില് കണ്ടപ്പോള് പ്രായമുള്ള ആളാണെന്നാണ് കരുതിയതെന്ന് മഹാകവി ചിരിച്ചുകൊണ്ട് പറഞ്ഞു. അനുഗ്രഹംവാങ്ങി ഞാന് യാത്രപറഞ്ഞു. പിന്നീടൊരിക്കലും നേരില്ക്കണ്ട് സംസാരിക്കാന് സാധിച്ചില്ല.
1985 ഡിസംബര് 23-ന് തൃശ്ശൂര് പാമ്പാടിയില് നിളാനദീതീരത്തുനടന്ന വൈലോപ്പിള്ളിയുടെ സംസ്കാരം സാംസ്കാരികകേരളത്തെ കരയിപ്പിച്ചതായിരുന്നു. മാതൃഭൂമിയുടെ പാര്ട്ട് ടൈം ലേഖകനും പരസ്യപ്രതിനിധിയുമായി ജോലിചെയ്തിരുന്ന ഞാനാണ് ആ ചടങ്ങ് റിപ്പോര്ട്ട് ചെയ്തത്. രഘുവിന്റെ ലേഖനത്തില് പരാമര്ശിച്ചിട്ടുള്ള മാതൃഭൂമി ചീഫ് റിപ്പോര്ട്ടര് ഇ.സി. മാധവന് നമ്പ്യാര് അക്കാലത്ത് തൃശ്ശൂര് മാതൃഭൂമിയില്നിന്ന് കോഴിക്കോട് മാതൃഭൂമിയിലേക്ക് മാറിപ്പോയിരുന്നു. ഈയിടെ അന്തരിച്ച മാതൃഭൂമി മുന് ലേഖകന് എ.കെ. വിജയനാണ് വൈലോപ്പിള്ളി മരിച്ച വാര്ത്ത മാതൃഭൂമി കോഴിക്കോട് ഓഫീസില് അറിയിച്ചത്.
വൈലോപ്പിള്ളിയുടെ അന്ത്യയാത്ര കാണാനാണ് തിരുവില്വാമലയിലെ പാമ്പാടിയില് ഞാനെത്തിയത്. പത്രക്കാര് ആരുംതന്നെ സംസ്കാരത്തിന് എത്തിയിരുന്നില്ല. മഹാകവി അക്കിത്തം, സാഹിത്യകാരനും നാട്ടുകാരനുമായ വി.കെ.എന്., സമസ്തകേരള സാഹിത്യ പരിഷത്ത് അധ്യക്ഷന് സി.പി. ശ്രീധരന്, ഡോ. ടി.ഐ. രാധാകൃഷ്ണന്, വൈലോപ്പിള്ളിയുടെ രണ്ട് പുത്രന്മാര്, അക്കിത്തത്തിന്റെ പുത്രന് തുടങ്ങി ഞാനുമടക്കം 11 പേരാണ് അവിടെയുണ്ടായിരുന്നത്.
നിളാനദീതീരത്താണ് ചിതയൊരുക്കിയത്. മക്കള് നിളയില് മുങ്ങിക്കുളിച്ച് ചിതയ്ക്ക് തീകൊളുത്താനായി തുടങ്ങിയപ്പോള് എഐടിയുസിയില്പ്പെട്ട രണ്ട് ചുമട്ടുതൊഴിലാളികള് അവിടെ ഓടിയെത്തി. ഇവിടെയാണോ ചിതയൊരുക്കുന്നത്...? എടുക്കെടാ ശവം. അവര് ആക്രോശിച്ചു. ഡോ. ടി.ഐ. രാധാകൃഷ്ണന് ഇത് മഹാകവി ശ്രീധരമേനോന്റെ സംസ്കാരമാണെന്നും ഇവിടെത്തന്നെ ചിതകത്തിക്കുമെന്നും അല്പം പരുക്കന്രൂപത്തില് തൊഴിലാളികളോട് പ്രതികരിച്ചു. ചിതകത്തിച്ചാല് ശവം എടുത്ത് പുഴയിലേക്ക് എറിയുമെന്ന് അവര് ഭീഷണിപ്പെടുത്തി.
സംഭവം പിടിവിട്ടുപോകുമെന്ന് മനസ്സിലാക്കിയ അക്കിത്തം ചെല്ലപ്പെട്ടി മകനെ ഏല്പ്പിച്ച് വിനയാന്വിതനായി സംസാരിച്ചു. മണല്വാരുന്ന തൊഴിലാളികളാണെന്നും പലപ്പോഴും മണലില് അസ്ഥികളുണ്ടാകാറുണ്ടെന്നും വീടുകളില് മണലെത്തിക്കുമ്പോള് ധാരാളം പ്രശ്നങ്ങള് ഇതുമൂലം അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നും തൊഴിലാളികള് വിശദീകരിച്ചു. പിന്നീട് നിളാനദിതീരത്തുതന്നെ തൊഴിലാളികള് കാണിച്ചുതന്ന അല്പം ഉയര്ന്ന സ്ഥലത്ത് രണ്ടാം ചിതയൊരുക്കി സംസ്കാരകര്മം നിര്വഹിക്കുകയാണ് ചെയ്തത്.
മാതൃഭൂമി തൃശ്ശൂര് ഓഫീസില് ഈ വാര്ത്തയെത്തിക്കാന് ചിത കത്തിത്തീരുംമുന്പ് ഞാന് പുറപ്പെട്ടു. അപ്പോള് കവി സച്ചിദാനന്ദനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കുറച്ചു വിദ്യാര്ഥികളും അവിടെയത്തി. സച്ചിദാനന്ദന്റെ കൈപിടിച്ചുകൊണ്ട് വി.കെ.എന്. പറഞ്ഞു: ''സച്ചിദാനന്ദാ... പത്തുമിനിറ്റുമുന്പ് എത്തിയിരുന്നെങ്കില് വൈലോപ്പിള്ളിയെ ചിതയില്നിന്നും കുടിയൊഴിപ്പിക്കില്ലായിരുന്നു.'' അത് തീര്ച്ചയായും ശരിയാണെന്ന് ആ ചടങ്ങ് റിപ്പോര്ട്ടുചെയ്ത ഞാന് വിശ്വസിക്കുന്നു. വൈലോപ്പിള്ളിക്ക് അന്ത്യചുംബനം നല്കാനായി പാമ്പാടിയിലേക്ക് ഓടിയെത്തുകയും അത് സാധിക്കാതെവരുകയും ഇങ്ങനെയൊരു കുടിയൊഴിപ്പിക്കല് നടന്നു എന്ന് കേള്ക്കുകയും ചെയ്തപ്പോള് സച്ചിദാനന്ദന്റെ കണ്ണുകള് ശരിക്കും നിറഞ്ഞു.
കുടിയൊഴിക്കല് എന്ന കവിതയെഴുതിയ മഹാകവിയെ ചിതയിലും കുടിയൊഴിപ്പിച്ചത് മാതൃഭൂമിയില്മാത്രം വാര്ത്തയായി. മാതൃഭൂമി തൃശ്ശൂര് ഓഫീസില് ഞാനിരുന്ന് ഈ സങ്കടവാര്ത്തയെഴുതുമ്പോള് മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന കെ.സി. നാരായണന്സാര് അവിടെയുണ്ടായിരുന്നു.
''തോമസേ, ഒരു ക്യാമറ കൈയില് കൊണ്ടുനടന്നുകൂടേ'' എന്ന് ഉപദേശപൂര്വം ചോദിക്കുകയും ചെയ്തു.
ചിതയില്നടന്ന കുടിയൊഴിപ്പിക്കല് അറിയാതെ 'പുതിയ തലമുറയിലും പഴയ തലമുറയിലുംപെട്ട നൂറുകണക്കിനാളുകളും ധാരാളം സാഹിത്യകാരന്മാരും കണ്ടുനില്ക്കേ നിളാനദീതീരത്ത് മഹാകവി വൈലോപ്പിള്ളിയുടെ ശവദാഹം നടന്നു' എന്ന് തെറ്റായി റിപ്പോര്ട്ടുചെയ്ത മറ്റുപത്രങ്ങള് അടുത്തദിവസംതന്നെ ക്ഷമാപണം നടത്തി.
സാംസ്കാരികകേരളം ഞെട്ടി...! അന്നത്തെ മുഖ്യമന്ത്രി പി.കെ. വാസുദേവന് നായര് മാപ്പുപറഞ്ഞു.
Content Highlights: Thomas Pavaratty writes about a factual error in K Raghunathan's Series about poet Vyloppilly
Published: 20 Jul 2025, 06:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented