പണം കൊണ്ടും പദവികൊണ്ടും സൗന്ദര്യം കൊണ്ടും അധികാരം കൊണ്ടും ശക്തരായിരുന്ന വിക്ടോറിയ രാജ്ഞിയും ഡയാന രാജകുമാരിയും സുല്‍ത്താന്‍ റസിയയും ജയലളിതയും കമല നെഹ്‌റുവും അനുഭവിച്ച ജീവിതസംഘര്‍ഷങ്ങളെക്കുറിച്ച് വി.കെ ദീപ എഴുതുന്നു. 

To advertise here,

 ക്യൂന്‍ വിക്ടോറിയ

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിനി. എതിര്‍ക്കാന്‍ പോയിട്ട് വിക്ടോറിയ്ക്ക് നേര്‍ക്ക്‌നേര്‍ നിന്ന് സംസാരിക്കാന്‍ തന്നെ ലോകം ഭയന്നു.

ഭര്‍ത്താവിന്റെ മരണശേഷം കടുത്ത ഏകാന്തത അനുഭവിച്ച വിക്ടോറിയ റാണി അബ്ദുള്‍കരീം എന്ന ഇന്ത്യന്‍ പരിചാരകന്‍ കം ഷെഫില്‍ മാനസിക അഭയം കണ്ടെത്തുന്നു. കരീമിനെ വിക്ടോറിയ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോവുന്നു. അയാളുടെ പത്ത് തലമുറകള്‍ക്ക്  ഇരുന്നും കിടന്നും തിന്നാനുള്ള സ്വത്തും കൊട്ടാരങ്ങളും ഇന്ത്യയിലും ബ്രിട്ടനിലുമായി സര്‍വ്വരുടേയും എതിര്‍പ്പിനെ പുല്ലാക്കി വിക്ടോറിയ നല്‍കുന്നു. കറുത്ത തൊലിയുള്ള ഒരുവന് റാണിയില്‍  തങ്ങളേക്കാള്‍ പ്രാധാന്യം കിട്ടുന്നതും അവന്‍ ഉന്നത വംശജര്‍ക്കൊപ്പം ഇരിക്കുന്നതും കടുത്ത വംശവെറി ഉള്ളിലൊതുക്കുന്ന ബ്രിട്ടീഷ് രാജകുടുംബത്തിന് സഹിക്കാവുന്നതിനും അപ്പുറമാവുന്നു. കൊട്ടാരത്തിലെ സാഹചര്യം സംഘര്‍ഷഭരിതമാകുന്നു.

വിക്ടോറിയ അതിനുത്തരം നല്‍കിയത് അബ്ദുല്‍കരീമിന്റെ ചിത്രം തന്റെ കിടപ്പറയില്‍ തൂക്കിക്കൊണ്ടാണ്. പ്രിയപുരുഷനോടുള്ള സ്‌നേഹത്തില്‍  അതായിരുന്നു അവര്‍. 

ബാല്‍മോറല്‍ കൊട്ടാരത്തിലെ ഏകാന്തമായ കാസിലുകളില്‍ അവര്‍ കരീമിനൊപ്പം രാത്രികള്‍ കഴിയുന്നു. തന്റെ ഔദ്യോഗികയാത്രകള്‍ക്ക് മുന്‍ഷി എന്ന സ്ഥാനം നല്‍കി അവനെ ഒപ്പം കൂട്ടുന്നു. രാജ്ഞിയെ നേരിട്ടെതിര്‍ക്കാന്‍ ആര്‍ക്കും ധൈര്യം വരുന്നില്ല. അവര്‍ക്കാണേല്‍ ഇക്കാര്യത്തില്‍ ആരേയും ഭയവുമില്ല.

കരീമിനെക്കാള്‍ എത്രയോ പ്രായക്കൂടുതലുണ്ടായിരുന്നു വിക്ടോറിയ മഹാറാണിക്ക്.
നൂറുകണക്കിന് കത്തുകള്‍ വിക്ടോറിയ കരീമിന് എഴുതി..
അതില്‍ കരീമിനെ അഭിസംബോധന ചെയ്യുമ്പോള്‍  വിക്ടോറിയ സ്വയം തന്നെപ്പറ്റി;
നിന്റെ പ്രിയപ്പെട്ട മാതാവ്,  
നിന്റെ മികച്ച പ്രിയ സുഹൃത്ത്, 
നിന്റെ പ്രിയങ്കരിയായ സഹോദരി,
നിന്റെ ഉപദേഷ്ടാവ് 
എന്നൊക്കെയായിരുന്നു കരീമിനോട് വിശേഷിപ്പിച്ചിരുന്നതെങ്കില്‍,
ചിലപ്പോഴത് എന്റെ സ്‌നേഹമേ,
എന്റെ കരുണയേ,
എന്റെ പ്രാണനേ,
എന്റെ പ്രിയനേ,
എന്റെ ചുംബനമേ ,
എന്റെ ആസക്തിയേ..
എന്നൊക്കെയായി മാറി.

അവളിലെ സ്ത്രീ അതിമനോഹരമായി വിവിധ ഭാവങ്ങളില്‍ അവള്‍ക്ക് പ്രിയപ്പെട്ട പുരുഷനെ സ്‌നേഹിക്കുകയായിരുന്നു, അവര്‍ തമ്മിലുള്ള ബന്ധത്തെ പറ്റി പുറംലോകത്തിന് നിര്‍വ്വചിക്കാനാവാത്ത വിധം.

placeholder
വിക്ടോറിയാ രാജ്ഞിയും അബ്ദുള്‍ കരീമും
(കരീമിൻ്റെ ശേഖരത്തിൽ നിന്ന് പിന്നീട് കണ്ടെടുത്ത ചിത്രം)

ബ്രിട്ടന്റെ മഹാറാണി ആവുന്നതിന് മുന്‍പ് ധാരാളം വായിക്കുകയും കവിത എഴുതുകയും ചെയ്തിരുന്ന കാല്‍പനികയായിരുന്നു വിക്ടോറിയ എന്ന വെറും  പെണ്‍കുട്ടി. 

എന്നാല്‍ ഒരു മഹാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിനി  ആയതോടെ അവള്‍ക്ക് ആ പെണ്‍കുട്ടില്‍ നിന്ന് റാണി പദവിയിലേയ്ക്ക് എത്താന്‍  കടുത്ത പരിശീലനം നല്‍കപ്പെട്ടു.. സര്‍വ്വരും അവളെ വണങ്ങി. ഭയന്നു. അകല്‍ച്ചയോടെ പെരുമാറി. ബഹുമാനപൂര്‍വ്വം കൃത്രിമത്വത്തോടെ അത്യാവശ്യകാര്യങ്ങള്‍ മാത്രം അവളോട് സംസാരിച്ചു. മക്കള്‍ പോലും കൃത്യമായ അകല്‍ച്ചയോടെ ബഹുമാനത്തോടെ ഉപചാരപൂര്‍വ്വം പെരുമാറി. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി നില്‍ക്കുമ്പോഴും ഉള്ളില്‍ ഒറ്റപ്പെടലിന്റെ വേദനയാല്‍ അവള്‍ക്ക് ഭ്രാന്തെടുത്തു.

അവിടെയാണ് കരീം കയറി ഗോളടിച്ചത്. അയാള്‍ വിക്ടോറിയ മഹാറാണിയെ ഒരു സ്ത്രീയായി മാത്രം കണ്ടു. ഒട്ടും ഭയക്കാതെ ഒരു സാധാരണക്കാരിയോടെന്നോണം  ധാരാളം സംസാരിച്ചു. വഴക്കിട്ടു. തമാശകള്‍ പറഞ്ഞു. പരിചയപ്പെട്ടതിന് ശേഷം വിക്ടോറിയ്ക്ക് കരീം തന്റെ എല്ലാമായി' വംശീയവിദ്വേഷത്തില്‍ കൊട്ടാരത്തിലെ പുല്‍ക്കൊടി വരെ നിന്നുകത്തി.

ഒടുവില്‍ ആ ദിവസവും വന്നു. വിക്ടോറിയയെ രോഗവും വാര്‍ദ്ധക്യവും വീഴ്ത്തി. ശയ്യാവലംബിയായ അവര്‍ കരീമിനെ കാണാന്‍ മുറവിളി കൂട്ടി. ഇനി വിക്ടോറിയ എഴുന്നേല്‍ക്കില്ല എന്ന് ഉറപ്പായപ്പോള്‍ ഭാവി രാജാവായ മകന്‍ എഡ്വേര്‍ഡ് അമ്മയ്ക്ക് അരികിലെത്തി. കരീമിനെ മുറിയിലേക്ക് കയറ്റില്ലെന്നും കാണാന്‍ അനുവദിക്കില്ലെന്നും ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

'സൂര്യനസ്തമിക്കാത്ത മഹാസാമ്രാജ്യത്തിന്റെ അതിശക്തയായ ചക്രവര്‍ത്തിനിയ്ക്ക് ബുദ്ധിഭ്രമം സംഭവിച്ചു  എന്നെന്നെക്കൊണ്ട് ജനങ്ങളോട് പറയിക്കരുതെന്ന് ' എഡ്വേര്‍ഡ് വിക്ടോറിയയെ ഭീഷണിപ്പെടുത്തി.

അതിന്റെ നാടന്‍ മലയാളം ഏതാണ്ട് ഇപ്രകാരം വരും.' 'മിണ്ടാതെവിടെ കിടന്നോ തള്ളേ,  ഇല്ലെങ്കില്‍ നിങ്ങക്ക് വട്ടാന്ന് ഞാന്‍ നാട്ടുകാരോട് വിളിച്ച് പറയും. ചാവാന്‍ കാലത്തും അവിഹിതപ്രേമത്തിന്റെ പൂതിയങ്ങട്ട് തീര്ണ്‌ല്യ തള്ളയ്ക്ക്... തള്ളേടെ ഒര് കരീം, ത്ഫൂ.'

 കരീമിനെ കാണാന്‍ മകനോട് യാചിച്ച്, തൊണ്ടവറ്റി, കണ്ണുപിടഞ്ഞ് നീറി, ഒടുവില്‍ കരീമിനെ കാണാതെ തന്നെ തലച്ചോറിലെ രക്തസ്രാവം മൂലം  മഹാറാണി വിക്ടോറിയ അന്തരിച്ചു. ഒരു യുഗം തന്നെ തന്റെ പേരില്‍ കുറിച്ചിട്ടവള്‍ പ്രണയത്തില്‍ അങ്ങേയറ്റം നിസ്സഹായയായി ജീവിതത്തില്‍ നിന്ന്   മടങ്ങി...

കരീം തൊട്ടടുത്ത മുറിയില്‍  എഡ്വേര്‍ഡ് രാജകുമാരനാല്‍ തടുത്തു വെക്കപ്പെട്ടിരുന്നു.

പക്ഷേ, വിക്ടോറിയ അതിസമര്‍ത്ഥയായ കൊടുംപ്രണയിനി ആയിരുന്നു. അവര്‍ വില്‍പത്രത്തില്‍ ശവപ്പെട്ടിയടയ്ക്കുമ്പോള്‍ തന്റെ മുഖം അവസാനം കാണേണ്ടത് കരീം ആണെന്ന് എഴുതിവെച്ചു. തന്റെ മരണശേഷം അദ്ദേഹത്തെ സുരക്ഷിതനായി ഇന്ത്യയിലേയ്ക്ക് പറഞ്ഞയക്കണമെന്നും...

പല്ലിറുമ്മി എഡ്വേര്‍ഡ് രാജകുമാരന്‍ ശവപ്പെട്ടിക്കുള്ളില്‍ വിക്ടോറിയയെ ഏറ്റവും അവസാനം കരീം കാണുന്നതിനെ അംഗീകരിച്ചു. മറ്റു വഴിയില്ലാതെ..

കരീമിനു ശേഷം മറ്റാരേയും തന്റെ മുഖം കാണാനനുവദിക്കാതെ, ഭൂമിയില്‍ നിന്ന് താന്‍ മറയുമ്പോള്‍ വിക്ടോറിയ കരീമിന്റെ കണ്ണുകളില്‍ തന്നെ ഒടുവിലായി ബാക്കിവെച്ചു.
  
വിക്ടോറിയ മരിച്ച് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ കരീമും അവരും തമ്മില്‍ എഴുതിയിരുന്ന കത്തുകളും, അവരുടെ ബന്ധത്തെ സൂചിപ്പിക്കുന്ന സകല ഓര്‍മ്മകളും രാജവംശം നീക്കംചെയ്തു. ഫോട്ടോകള്‍ കഴിയുന്നത്ര നശിപ്പിക്കപ്പെട്ടു, ബ്രിട്ടീഷ് രാജചരിത്രത്തില്‍ അത് വരെ നിറഞ്ഞ് നിന്ന 'അബ്ദുല്‍ കരീം എന്ന ഒരു ഇന്ത്യന്‍ ' ഒരിക്കലും ഉണ്ടായിരുന്നതേയില്ല എന്ന മട്ടില്‍. യാത്രാരേഖകളില്‍ നിന്നും, കൊട്ടാരജേര്‍ണലുകളില്‍ നിന്നും ആ ബന്ധം നീക്കം ചെയ്തു. 

കരീമിനെ എഡ്വേര്‍ഡ് ഇന്ത്യയിലേക്ക് നാടുകടത്തി.

ഇത്രമേല്‍ ഒരു സ്ത്രീയാല്‍ സ്‌നേഹിക്കപ്പെട്ട നിറവില്‍ സ്വത്തുക്കള്‍ ബന്ധുക്കള്‍ക്ക് വീതം വെച്ച് നല്‍കി കരീം വിക്ടോറിയാറാണി തനിക്ക്  നല്‍കിയ ആഗ്രയിലെ ' കൊട്ടാരത്തില്‍ ഏകാന്തനായി ജീവിച്ചു. മരിച്ചു.

 കമലാ നെഹ്‌റു

കാശ്മീരി കൗള്‍കുടുംബത്തിലെ അതിസുന്ദരിയും ധനികയുമായ ഒരു ചെറിയ പെണ്‍കുട്ടി വിവാഹിതയാകുന്നു. അവളെ വിവാഹം ചെയ്ത നെഹ്‌റു എന്ന ഇന്ത്യന്‍ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രത്തിന് അവളില്‍ നിന്ന് വേണ്ടത് ഇത് രണ്ടുമായിരുന്നില്ല. ബുദ്ധിപരമായി തനിക്കൊപ്പം നില്‍ക്കുന്ന പരിഷ്‌കാരിയായ ഫാഷനബിളായ പെണ്‍കുട്ടിയെ ആയിരുന്നു.

 കമലയ്ക്ക് വേണ്ടത് അവളെ, അവളുടെ എല്ലാ കുറവുകളുമടക്കം സ്‌നേഹിക്കുന്ന ഒരു പുരുഷനായിരുന്നു എന്ന് കരുതാന്‍ ആരും ഉണ്ടായില്ല. പകരം അവളുടെ കുറവുകള്‍ നിരന്തരം കുടുംബത്തിനുള്ളില്‍ പരിഹസിക്കപ്പെട്ടു.

അപകര്‍ഷതയും ഏകാന്തതയും അപമാനവും ആയിരുന്നു കമലയെ കാത്തിരുന്ന വിവാഹജീവിതം. പുപുല്‍ ജയ്കര്‍ എഴുതിയ ഇന്ദിരാഗാന്ധിയുടെ ജീവചരിത്രത്തില്‍ വിജയലക്ഷ്മി പണ്ഡിറ്റ് കമലയോട് എടുത്തിരുന്ന നാത്തൂന്‍ പോരിനെക്കുറിച്ച് പറയുന്നുണ്ട്. പരിഷ്‌കൃതമായ ടേബിള്‍ മാനേഴ്‌സ് അറിയില്ല എന്നത് കൊണ്ട് തീന്‍മേശയില്‍ നെഹ്‌റുവിന്റെ സഹോദരി  വിജയലക്ഷ്മിപണ്ഡിറ്റിനാല്‍ പരിഹസിക്കപ്പെട്ട് കണ്ണീരോടെ കമല എഴുന്നേറ്റ് പോയിട്ടുണ്ട്. പുറത്തേയ്ക്ക്  മികച്ച സ്ത്രീപക്ഷവാദിയായിരുന്ന തന്റെ അമ്മായിയോട് ഇതിന്റെ പേരില്‍ ഇന്ദിരാ പ്രിയദര്‍ശിനി എന്ന പെണ്‍കുട്ടി നിരന്തരം ഏറ്റുമുട്ടിയിരുന്നു. കമല അപമാനിക്കപ്പെടുന്നിടത്തെല്ലാം ഇന്ദിര ചീറ്റപ്പുലിയായി മാറി. 

നിരാശയും വെറുപ്പും ഏകാന്തതയും ഒറ്റപ്പെടലും കമലയ്ക്ക് ഒപ്പം ഇന്ദിരയും അനുഭവിച്ചു ഇന്ദിരയില്‍ ജനാധിപത്യപരമല്ലാത്ത ചില വശങ്ങള്‍ ഭാവിയില്‍ രൂപപ്പെടാന്‍ കുട്ടിക്കാലത്തെ ഈ അരക്ഷിതാവസ്ഥ പങ്ക് വഹിച്ചിട്ടുണ്ടാവണം. നെഹ്‌റുവിന്റെ ശ്രദ്ധയും പരിഗണനയും കിട്ടാന്‍ തനിക്കാവുന്നതിനപ്പുറം കമല സ്വാതന്ത്യസമര രംഗത്തും സാമൂഹിക രംഗത്തും പങ്ക് വഹിച്ചു. പക്ഷേ അപ്പോഴേക്കും നെഹ്‌റു അവരില്‍ നിന്ന് ഏറെ ദൂരം പോയ്ക്കഴിഞ്ഞിരുന്നു.

placeholder
നെഹ്രുവും കമല നെഹ്രുവും (ഫോട്ടോ: മാതൃഭൂമി)

 രോഗബാധിതയായി മരണം കാത്തുകിടന്ന കമലയ്ക്ക് ആശുപത്രിയില്‍ കൂട്ടിരുന്നത് ഫിറോസ് ഗാന്ധിയായിരുന്നു. ഫിറോസിന് കമലയുടെ മാനസികാവസ്ഥ മനസ്സിലാവുമായിരുന്നു. ഏറെക്കുറെ അത്തരമൊരവസ്ഥയിലൂടെ ഫിറോസും കടന്നു പോവുകയായിരുന്നു. തന്റെ മരണാവസ്ഥയും ഭാവിയില്‍ ഇത് തന്നെയാവും എന്ന് പാവം ഫിറോസ് ഗാന്ധി അന്ന് ഊഹിച്ചു കാണില്ല. കോടീശ്വരിയും സുന്ദരിയും ആയി ജനിച്ചിട്ടും കമല സ്വന്തം പുരുഷനാല്‍ അവഗണിക്കപ്പെട്ട നിരാശയാല്‍ രോഗിണിയായി മാറി. ഒടുവില്‍ 36 വയസ്സില്‍ മരണത്തിലേക്ക് രക്ഷപ്പെട്ടു.

ഡയാന രാജകുമാരി

ഒരു ഫയറിടൈല്‍ പോലെ ലോകം കണ്ട ഒന്നായിരുന്നു ഡയാന - ചാള്‍സ് വിവാഹം. പതിനേഴ് വയസ്സിലാണ് ഡയാന തന്നെക്കാള്‍ 14 വയസ്സ് കൂടുതലുള്ള ചാള്‍സിനെ വിവാഹം ചെയ്യുന്നത്.
ഉന്നതകുലജാതയും കന്യകയും ആവണം വധു എന്ന കൊട്ടാരനിയമം കാരണം ആണ് ചാള്‍സ് ഡയാനയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനാവുന്നത്. പ്ലേബോയ് വിശേഷണമൊക്കെ ഉണ്ടെങ്കിലും ചാള്‍സ് തന്റെ അതേ പ്രായമുള്ള കാമില്ല പാര്‍ക്കര്‍ ബൗള്‍സുമായി ഹൃദയബന്ധവും പ്രണയ ബന്ധവും സുഹൃത്ബന്ധവും പുലര്‍ത്തിയിരുന്നു. തന്റെ അതേ പ്രായമുള്ള കാമില്ല ചാള്‍സിനെ ബുദ്ധിപരമായി തൃപ്തിപ്പെടുത്തി. ഡയാനയുടെ നാലയലത്തെത്താനുള്ള സൗന്ദര്യമില്ലെങ്കിലും കാമില്ല ചാള്‍സിനെ തന്റെ  ആകര്‍ഷകവ്യക്തിത്വം കൊണ്ട് തന്നില്‍ തന്നെ ബന്ധിച്ചു നിര്‍ത്തി.

വിവാഹത്തലേന്ന് ചാള്‍സ് കാമില്ലയെക്കുറിച്ച് ഡയാനയോട് പറയുന്നുണ്ട്. കാമില്ലയോടുള്ള തന്റെ ബന്ധത്തിന്റെ ആഴവും, ഡയാന തനിക്ക് വേണ്ടി അവളെ ബഹുമാനപൂര്‍വ്വം കാണണം എന്നും പറയുന്നു.

 17 വയസ്സിന്റെ പക്വതയിയില്ലായ്മ ഡയാനയെ സംശയരോഗിയും വഴക്കാളിയുമാക്കുന്നു. തന്റെ വിവാഹത്തെ പറ്റി ഡയാന പിന്നീട് പറയുന്നത് 'അത് തിരക്കുള്ള ഒന്നായിരുന്നു. ഞങ്ങള്‍ രണ്ടു പേരുമല്ലാതെ മൂന്നാതൊരുവള്‍ കൂടെ കുത്തിക്കേറിയ ഒന്ന് ' എന്നാണ്.

placeholder
ചാള്‍സ് രാജാവും ഡയാന രാജകുമാരിയും (ഫോട്ടോ: എ.പി)

ലോകം കണ്ട ഏറ്റവും വലിയ സുന്ദരി, ഫാഷന്‍ ഐക്കണ്‍, പബ്ലിക്ക് ഫിഗര്‍, ബ്രിട്ടന്റെ ഭാവിരാജാവിന്റെ ഭാര്യ, വരുംകാല രാജകുമാരന്റെ അമ്മ എന്നgതുടങ്ങി സര്‍വ്വമാന പുരുഷന്മാരുടേയും സ്വപ്നറാണി എന്നു വരെ വാഴ്ത്തപ്പെട്ട ഡയാന രാജകുമാരി പിന്നീടങ്ങോട്ട് വ്യക്തിജീവിതത്തില്‍ നരകിക്കുകയാണ്.

ചാള്‍സിന്റെ ശ്രദ്ധയും കരുണയും കിട്ടാന്‍ ഗര്‍ഭിണിയായ അവര്‍ ഗോവണിപ്പടികളിലേക്ക് തന്നെ സ്വയം വീഴ്ത്തുക വരെ ചെയ്തു. 

ആ അതിസുന്ദരിയെ ചാള്‍സ് വെറുപ്പോടെ വിളിച്ചിരുന്നത്  'ക്രൈയിംഗ് വുള്‍ഫ് ' എന്നാണ്. അതായത്  'സദാസമയോം പരാതീം പറഞ്ഞ് കരഞ്ഞ്  നടന്ന് ഓളിയിട്ണ ചെന്നായിച്ചി' എന്ന്. ലോകം കൊതിയോടെ നോക്കിയ ആ സ്വപ്നസുന്ദരി പലപ്പോഴും പൊതുപരിപാടികളില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ കാണപ്പെട്ടു.

ചുരുക്കി പറഞ്ഞാല്‍ ചാള്‍സിന് ഡയാനയെ കണ്ണ്ട്ത്താ കണ്ടൂടായിരുന്നു, പ്രതികാരം തീര്‍ക്കാന്‍ ഡയാന കണ്ണില്‍ക്കണ്ടോരൊയൊക്കെ പ്രേമിച്ചു നോക്കി. അവര്‍ക്കൊക്കെ അവളുടെ പ്രേമം മതിയായിരുന്നു അവളെ വേണ്ടായിരുന്നു, ഹൈ പബ്ലിക്ക് പ്രൊഫൈലുള്ള ഒരുത്തീനെ, അതും ഒരു രാജകുമാരീനെ , കെട്ടി ജീവിതം ചളമാക്കാന്‍ അവള്‍ തന്റെ പ്രേമം നല്‍കിയ ആരും തന്നെ തയ്യാറായില്ല. 

ഡയാന രാജകുമാരി എന്ന പദവി മനോഹരമായ ചില്ലുചഷകത്തിലെ വിഷപാനീയമാണ് എന്ന് അവളും, അവളുടെ കാമുകന്മാരും മനസ്സിലാക്കി .

37-ാം വയസ്സില്‍ പാരീസിലെ ഒരു പാലത്തിന്റെ തൂണില്‍ തന്റെ പുതിയ കാമുകനൊപ്പം കാറിടിച്ച് കൊല്ലപ്പെടുമ്പോള്‍ ഡയാന രാജകുമാരിയെന്ന് വാഴ്ത്തപ്പെട്ട സ്വപ്ന സുന്ദരിയുടെ ഹൃദയത്തിന്റെ അറകള്‍ പ്രണയശൂന്യമായിരുന്നു.

അതില്‍ ഏകാന്തയും ഒറ്റപ്പെടലും നിരാശയും വേദനയും അപമാനവും നിറഞ്ഞുനിന്നു.

തന്റെ സങ്കടങ്ങളെ മറികടക്കടക്കാന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ ലേഡിഡയാനയുടെ മരണശേഷം, പൊതുജനങ്ങളുടെ തള്ളിക്കയറ്റം ഭയന്ന് അവളുടെ ശവകൂടീരം ഒരു തടാകത്തിന്റെ നടുക്കാണ് രാജകുടുംബം പണിതത്. ജീവിതത്തില്‍ എന്ന പോലെ,  മരണത്തിനുശേഷവും രാജകുടുംബം അവളെ ഒറ്റയ്ക്ക് തന്നെ നിര്‍ത്തി.

എന്നാല്‍ കാമില്ലയാവട്ടെ പതിയെ തിന്നാല്‍ പ്രണയവും തിന്നാം എന്ന് മനസ്സിലാക്കി തന്റെ പ്രണയത്തില്‍ ഉറച്ച് നിന്ന് കാലങ്ങള്‍ക്ക് ശേഷം ചാള്‍സിനെ വിവാഹം ചെയ്ത് ബ്രിട്ടീഷ് രാജാവിന്റെ റാണിയായി.

 റസിയ സുല്‍ത്താന്‍ 

ഡല്‍ഹി സിംഹാസനത്തിലിരുന്ന ഒരേ ഒരു റാണി. ഒരേ ഒരു വനിതാ മുസ്ലീംഭരണാധികാരി.
നാല്  വര്‍ഷമേ സിംഹാസനത്തിലിരുന്നുള്ളൂവെങ്കിലും ഡല്‍ഹി കണ്ട അതിപ്രഗത്ഭരായ ഭരണാധികാരികളില്‍ ഒരാളായിരുന്നു അവര്‍.

 'എന്നെ സുല്‍ത്താനയെന്ന് വിളിക്കരുത്, സുല്‍ത്താനയെന്നാല്‍ സുല്‍ത്താന്റെ ഭാര്യ അല്ലെങ്കില്‍ വെപ്പാട്ടി എന്നാണര്‍ത്ഥം. ഞാന്‍ സുല്‍ത്താന്‍ ആണ്. ഡല്‍ഹി ഭരിക്കുന്ന 'റസിയ സുല്‍ത്താന്‍ ' എന്നെ അങ്ങനെത്തന്നെ വിളിക്കൂ 'എന്ന് പ്രഖ്യാപിച്ച അപ്രഖ്യാപിത ഫെമിനിസ്റ്റ്. മൂടുപടം ഇടാതെ രാജസദസ്സുകള്‍, ജനസമ്പര്‍ക്കങ്ങള്‍ എന്നിവ നടത്തിയവള്‍.

placeholder
സുല്‍ത്താന്‍ റസിയ ചിത്രകാരന്റെ ഭാവനയില്‍
(ഫോട്ടോ:wiki/Razia_Sultana)

അവളും പ്രണയിച്ചു. യാക്കൂബെന്ന ഇരുണ്ട നിറമുള്ള അടിമയെ. കുടുംബം നല്‍കിയ മുന്നറിയിപ്പുകള്‍ കൂസാതെ അവള്‍ അവനെ പരസ്യമായിത്തന്നെ പ്രണയിച്ചു. ചരിത്രത്തില്‍ അവളുടെ കാമുകനും ഭര്‍ത്താവുമായി പ്രഭു അല്‍ത്തൂനിയ മാത്രം രേഖപ്പെട്ടു.

 ഡല്‍ഹി കണ്ട അതീവ ബുദ്ധിമതിയും പ്രഗത്ഭയും വിദുഷിയും യോദ്ധാവുമായ റസിയ സുല്‍ത്താന്റെ തല 35വയസ്സില്‍  ജാട്ടുകള്‍ അറുത്ത മാറ്റിയ ആ യുദ്ധത്തിനു മൂലകാരണം തുടങ്ങുന്നത്, കറുത്ത വംശജനായ ഒരു അടിമയുമായുള്ള അവളുടെ പ്രണയത്തില്‍ സദാചാരികള്‍ക്ക് തോന്നിയ അതൃപ്തിയില്‍ നിന്ന് തന്നെയായിരുന്നു.

 ജയലളിത

തന്നിഷ്ടക്കാരിയും കടുംദേഷ്യക്കാരിയും അഴിമതിക്കാരിയും വാശിക്കാരിയും ഒക്കെയാവും മുന്‍പ്  അവര്‍ ഒരു പെണ്‍കുട്ടി ആയിരുന്നു. നൃത്തംചെയ്യുന്ന , പാട്ടുപാടുന്ന എഴുതുന്ന, ധാരാളം വായിക്കുന്ന പഠിക്കുന്ന വിഷയങ്ങളില്ലൊം റാങ്ക് നേടുന്ന ഗോള്‍ഡ്‌മെഡലുകള്‍ വാരിക്കൂട്ടുന്ന പെണ്‍കുട്ടി. വിദ്യാഭ്യാസരംഗത്ത് അവര്‍ നേടിയ ചില റെക്കോര്‍ഡുകള്‍ ഇപ്പോഴും ബ്രേക്ക് ചെയ്യപ്പെട്ടിട്ടില്ല എന്ന് കേള്‍ക്കുന്നു.

എം.ജി. ആറുമൊത്തുള്ള പരസ്യ പ്രണയവും, രഹസ്യമായി കൊണ്ട് നടന്ന മറ്റൊരു പ്രണയവും, ആ പ്രണയങ്ങളില്‍ നിന്നേറ്റ മുറിവുകളും  അവഗണനയും അപമാനവും അവരെ മറ്റൊരുവളാക്കി.' പിന്നീട്, ജീവിതം അവരോട് ചെയ്തതും, അവര്‍ ജീവിതത്തോട് തിരിച്ച്  ചെയ്തതും നമുക്കറിയാം.

എന്നാല്‍ നമുക്കെന്നല്ല ലോകത്തിന് മൊത്തം അറിയാത്ത ഒന്നുണ്ട് : അവര്‍ എങ്ങനെ മരിച്ചുപോയി എന്നത്.
അവരുമായി ഒരു രക്തബന്ധവുമില്ലാത്ത, പ്രത്യേകിച്ച് ഒരു പദവിയും വഹിക്കാത്ത ശശികലയെന്ന സ്ത്രീ മരണസമയത്ത് വിവിഐപികള്‍ക്ക് വരെ ജയലളിതയെ കാണാന്‍ അനുമതി നിഷേധിച്ചു.

placeholder
ജയലളിത ഫോട്ടോ: എഎഫ്പി

ഇന്ത്യയെന്നെ ജനാധിപത്യരാജ്യത്ത് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മാസങ്ങള്‍ ആരാലും കാണപ്പെടാതെ ഐ സി യു വില്‍ തടവിലായി കിടക്കുന്നു.  
എന്ന്, എപ്പൊ, എങ്ങനെ മരിച്ചു എന്നത് ഇപ്പോഴും പുറംലോകത്തിന് അറിയാതെ അവര്‍ ഭൂമിയില്‍ നിന്ന് മാഞ്ഞുപോകുന്നു.

പുറമെ പ്രകടിപ്പിച്ച ക്രൗര്യഗാംഭീര്യത്തിനപ്പുറം അവര്‍ ദീനയും നിസ്സഹായയും ചോദിക്കാനും പറയാനും ആരോരുമില്ലാത്തവളും ആയിരുന്നു എന്നതിന് തെളിവ് ആ നിഗൂഢമരണം തന്നെ.

ഇനിയും ഈ പട്ടികയില്‍ ഒരുപാട് പേരെ ചേര്‍ത്തുവെക്കാം.

മുകള്‍ത്തട്ട്, താഴെത്തട്ട് എന്നില്ലാതെ വ്യക്തിജീവിതങ്ങള്‍ നോക്കിയാല്‍ ഒക്കെ കണക്കാണ്...