ശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനും ആധുനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ പ്രചാരകരില്‍ പ്രമുഖനുമായിരുന്ന മഠത്തില്‍ വാസുദേവന്‍ എന്ന എം.വി. ദേവന്‍ ഓര്‍മയായിട്ട് എട്ടു വര്‍ഷം. വാസ്തുശില്പ മേഖലയില്‍ ലാറി ബേക്കറുടെ അനുയായിയും മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഓണററി ഡയറക്ടറും ലളിതകല അക്കാദമി മുന്‍ ചെയര്‍മാനുമായിരുന്ന എം.വി. ദേവനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഇളയമകള്‍ ശാലിനി എം. ദേവന്‍

To advertise here,

എം.വി. ദേവന്റെ മകള്‍ എന്നു പറയുമ്പോള്‍ അന്നും ഇന്നും സമൂഹം തന്ന സ്‌നേഹവും ബഹുമാനവുമാണ് ആദ്യം ഓര്‍ക്കുന്നത്. ഞാന്‍ ജനിച്ചത് മദ്രാസിലാണ്. അമ്മ ശ്രീദേവി അവിടെ നഴ്‌സായിരുന്നു. അച്ഛന്‍ ചോളമണ്ഡലം ആര്‍ടിസ്റ്റ് വില്ലേജുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. അമ്മയുടെ ബന്ധുക്കളില്‍ ചിലര്‍ ഞങ്ങളുടെ താമസസ്ഥലത്തിന് അടുത്തായി താമസിച്ചിരുന്നു. ഞങ്ങള്‍ മൂന്നു മക്കളായിരുന്നു. മൂത്തയാള്‍ ജമീല, പിന്നെ സുലേഖ, മൂന്നാമതായി ഞാന്‍. അച്ഛനും അമ്മയും അക്കാലത്ത് ഒരുപോലെ തിരക്കുള്ളവരായിരുന്നു. വളരെ പെട്ടെന്നാണ് ഞങ്ങളുടെ കുടുംബത്തിന്റെ ചിത്രം മാറുന്നത്. സുലേഖയ്ക്ക് ഒരു പനി വന്നു. മെനിഞ്ചൈറ്റിസ് ആയിരുന്നു. ഒരാഴ്ച ആശുപത്രിയില്‍, തിരികെ കിട്ടിയില്ല. എന്നെക്കാള്‍ രണ്ടു വയസ്സ് മൂത്തതായിരുന്നു അവര്‍. ആ മരണം അച്ഛനും അമ്മയ്ക്കും വലിയ മാനസികാഘാതമായിരുന്നു നല്‍കിയത്. രണ്ടു പേരുടെയും മരണംവരെ സുലേഖ എന്ന സ്‌നേഹം വിട്ടൊഴിഞ്ഞിരുന്നില്ല. 

ഞങ്ങളുടെ വീട്ടില്‍ ഒരു ആല്‍ബമുണ്ടായിരുന്നു. അതെടുത്ത് തുറന്നു നോക്കുമ്പോഴേക്കും അമ്മ ഓടിവന്ന് പിടിച്ചുവാങ്ങും. അതൊന്നും തൊടാന്‍ പാടില്ല, എടുക്കരുത് എന്ന് ശാസിക്കും. എനിക്കറിയുമായിരുന്നില്ല അവരുടെ ജീവന്‍ തുടിക്കുന്ന ഓര്‍മകളാണ് ആ ചിത്രങ്ങളെന്ന്. ആല്‍ബം എനിക്കെത്താത്ത ഇടങ്ങളിലായിരുന്നു വെച്ചിരുന്നത്. ആ മരണം അവരില്‍ സൃഷ്ടിച്ച ശൂന്യതയുടെ ആഴം ഇപ്പോള്‍ എനിക്ക് മനസ്സിലാവും. മകളെ സംസ്‌കരിച്ച സ്ഥലത്തിന്റെ പേര് പറയുമ്പോഴും സുലേഖ എന്ന് പറയുമ്പോഴും അച്ഛന്റെ മുഖത്ത് വിഷാദം നിറയുമായിരുന്നു. 

1965-ല്‍ ആലുവയില്‍വെച്ച് എഴുത്തുകാരുടെ സമ്മേളനം നടന്നിരുന്നു. എം.കെ.കെ. നായര്‍, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, എം. ഗോവിന്ദന്‍, അടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്ത സമ്മേളനത്തില്‍ അച്ഛനും പങ്കാളിയായിരുന്നു. ആ സമ്മേളനത്തില്‍വെച്ച് അച്ഛന്‍ എം.കെ.കെ. നായരെ പരിചയപ്പെട്ടു. പിന്നീടത് ഗാഢസൗഹൃദമായി മാറി. ഫാക്ടിനെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത് എം.കെ.കെ. നായരാണ്. അദ്ദേഹം ഫാക്ടിലെ ആര്‍ട് കണ്‍സള്‍ട്ടന്റിന്റെ ഒഴിവിലേക്ക് അച്ഛനെ വിളിച്ചു.  FACT Engineering and Design Organisation (FEDO)-ലായിരുന്നു ഒഴിവ്.  

മാതൃഭൂമിയിലെ ആര്‍ട്ടിസ്റ്റായിരുന്ന അച്ഛന്‍ ജോലി രാജിവെക്കാനുള്ള ഒരു കാരണം കുടുംബത്തോടൊപ്പം താമസിക്കുക എന്നതായിരുന്നു. മൂത്ത മകള്‍ ജമീല ഉണ്ടായ കാലം കൂടിയാണ്. മദ്രാസില്‍ സ്ഥിരമാക്കാന്‍ തീരുമാനിച്ച അച്ഛനെ തേടി വന്ന 'ഫെഡോ'യിലെ അവസരം അച്ഛന്‍ സ്വീകരിച്ചു. കുടുംബത്തോടൊപ്പം തിരികെ നാട്ടിലേക്ക് പോകുകയാണ് എന്ന് തീരുമാനമായി. അമ്മയുടെ സഹോദരിമാരും അമ്മൂമ്മയുമെല്ലാം മദ്രാസില്‍ നഴ്‌സുമാരായിരുന്നു. ഒരു വര്‍ഷം കൂടി പൂര്‍ത്തിയാക്കിയാല്‍ അമ്മയ്ക്ക് വി.ആര്‍.എസ്. കിട്ടും. ഒരു വര്‍ഷം കൂടി മദ്രാസില്‍ത്തന്നെ നില്‍ക്കാന്‍ അമ്മ നിര്‍ബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. ഏറ്റവും മികച്ച നഴ്‌സിനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങിയ അമ്മയ്ക്ക് നാളെ മുതല്‍ തനിക്ക് ജോലിയില്ല എന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. തന്റെ വരുമാനം കുടുംബത്തിന് അത്യാവശ്യമായിരുന്നിട്ടുകൂടി അമ്മയ്ക്ക് സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ പറ്റിയിരുന്നില്ല.  

തലശ്ശേരി സ്വദേശിയാണ് അച്ഛന്‍. അച്ഛനെ സംബന്ധിച്ചിടത്തോളം മുന്‍പിന്‍ വരുംവരായ്കകെളപ്പറ്റി ചിന്തിക്കുന്ന സ്വഭാവമൊന്നുമില്ല. തൊഴില്‍രഹിതയായപ്പോള്‍ അമ്മ അനുഭവിച്ച മാനസികവിഷമവും ഏകാന്തതയുമൊന്നും അച്ഛന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. 'ഫെഡോ'യില്‍ ആര്‍ട് കണ്‍സള്‍ട്ടന്റായതോടെ ഞങ്ങളെ അച്ഛന്‍ ഫാക്ട് ഉദ്യോഗമണ്ഡല്‍ സ്‌കൂളില്‍ ചേര്‍ത്തു. വീട് വാടകയ്‌ക്കെടുത്തു, ജീവിതം മെച്ചപ്പെട്ടതായി. ഒന്നര വര്‍ഷം അതേ താളത്തില്‍ കുടുംബം മുന്നോട്ടുപോയി. എം.കെ.കെ. നായരെ പെട്ടെന്നാണ് ഫാക്ടിലെ ഉത്തരവാദിത്തത്തില്‍നിന്നു മാറ്റുന്നത്. എം.കെ.കെ. നായരുടെ പ്രോത്സാഹനത്തില്‍ അച്ഛനും സഹപ്രവര്‍ത്തകരും കൂടിയാണ് അമ്പലമേട് ഗസ്റ്റ്ഹൗസ് ഡിസൈന്‍ ചെയ്തത്. ഫാക്ടിനു ചുറ്റുമുള്ള ടൗണ്‍ഷിപ്പ് പ്ലാന്‍ ചെയ്തതും ഇവരായിരുന്നു. എം.കെ.കെ. നായരെ സ്ഥലം മാറ്റിയതും പുതിയ ആള്‍ ജോയിന്‍ ചെയ്തതും സാരമായി ബാധിച്ചത് അച്ഛനെയും കുറച്ച് സഹപ്രവര്‍ത്തകരെയുമായിരുന്നു. വളം നിര്‍മിക്കുന്ന കമ്പനിയില്‍ എന്തിനാണ് ഒരു ആര്‍ട് കണ്‍സല്‍ട്ടന്റ് എന്ന ചോദ്യം പുതിയ അഡ്മിനിസ്‌ട്രേറ്ററില്‍നിന്ന്‌ ഉയര്‍ന്നു. അച്ഛന്റെ ജോലി അവസാനിച്ചു.  

അച്ഛന് ജോലി പോയതോടെ ഞങ്ങളുടെ കാര്യങ്ങള്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയായിരുന്നു. സ്‌കൂളിലെ ഫീസടക്കാനും പുസ്തകം വാങ്ങാനും വാടക കൊടുക്കാനും മറ്റും പണം കണ്ടെത്തേണ്ടതായി വന്നു. ചെലവുകള്‍ ധാരാളം ഉണ്ട്. ആ കാലത്തെ അച്ഛനെ ശരിക്കും എനിക്ക് പേടിയായിരുന്നു. ഒരിക്കലും ചിരിച്ചു കാണില്ല. അധികമൊന്നും സംസാരിക്കില്ല. മക്കളോട് മാതാപിതാക്കള്‍ കാണിക്കുന്ന സ്‌നേഹമോ വാത്സല്യമോ വര്‍ത്തമാനങ്ങളോ ഒന്നുമില്ല. തന്റെ ജോലി പോയതിലുള്ള ദേഷ്യം അമ്മയും അവസരത്തിനൊത്ത് പ്രകടിപ്പിച്ചു കൊണ്ടേയിരിക്കും. അങ്ങനെയൊരു തീരുമാനം എടുത്തതില്‍ പശ്ചാത്താപം അച്ഛനുമുണ്ടായിരുന്നെങ്കിലും പുറമേ പ്രകടിപ്പിച്ചിരുന്നില്ല. എങ്ങനെയും ജീവിക്കാം എന്നത് ഒരു ചൊല്ല് മാത്രമാണ്. എങ്ങനെ ജീവിക്കും എന്നത് ചോദ്യം തന്നെയാണ്. മകള്‍ പോയി, ജോലി പോയി, ഭര്‍ത്താവിന് ജോലിയില്ല, മക്കളുടെ പഠനം, ഫീസുകള്‍, വാടക...തികച്ചും അസ്വസ്ഥതകള്‍ നിറഞ്ഞ മുഖത്തോടെയേ അമ്മയെ കാണാന്‍ കഴിയുമായിരുന്നുള്ളൂ. കുട്ടിക്കാലത്തെ ഞങ്ങളുടെ കുടുംബാന്തരീക്ഷം അത്ര സുഖകരമായിരുന്നില്ല.

പക്ഷേ, പുസ്തകങ്ങളുടെ കാര്യത്തില്‍ മാത്രം അച്ഛന്‍ ഒരു ദാരിദ്ര്യവും കാണിച്ചിരുന്നില്ല. മദ്രാസിലെ മൂര്‍ മാര്‍ക്കറ്റില്‍ സെക്കന്റ്ഹാന്‍ഡ് പുസ്തകങ്ങള്‍ ചെറിയ വിലയ്ക്ക് കിട്ടും. അവിടെനിന്നു ധാരാളം പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടുവരും. വായിക്കാനിരിക്കുമ്പോള്‍ പുസ്തകത്തിന്റെ രചനാ പശ്ചാത്തലം വിവരിച്ചുതരുന്നത് അച്ഛന് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. രചയിതാവിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം വിശദമാക്കിത്തരും. പുസ്തകമായിരുന്നു അച്ഛന്റെ ആഘോഷങ്ങള്‍. ഓണത്തിനോ പിറന്നാളിനോ വിഷുവിനോ പുതുവസ്ത്രങ്ങളോ പായസമോ ഒന്നുമില്ലെങ്കിലും പ്രശ്‌നമില്ല. പുസ്തകങ്ങളല്ലാത്ത ഒരു ആഘോഷത്തിനും അച്ഛന്റെ മനസ്സില്‍ സ്ഥാനമില്ലായിരുന്നു. 

എം. ഗോവിന്ദന്‍, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, അഡ്വ. ബാലഗോപാല്‍ നമ്പ്യാര്‍, എം.കെ.കെ. നായര്‍, എ.എന്‍. നമ്പ്യാര്‍, എ.പി. കുഞ്ഞിക്കണ്ണന്‍, ടി. പത്മനാഭന്‍ തുടങ്ങി അച്ഛന്റെ സൗഹൃദവലയത്തിലുള്ളവരെല്ലാം തന്നെ പ്രബലരായിരുന്നു. അവരിലാരോടും തന്റെ അവസ്ഥ പറഞ്ഞാല്‍ ആരും അച്ഛനെ കയ്യൊഴിയില്ല. പക്ഷേ, അച്ഛന്‍ അഭിമാനിയായിരുന്നു. ആവശ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയാലും ആരുടെയും മുമ്പില്‍ കൈ നീട്ടാല്‍ തയ്യാറാവില്ല. ഇതിനിടയില്‍ കിടന്ന് അമ്മ ധാരാളം പ്രയാസപ്പെട്ടിരുന്നു. അങ്ങനെയിരിക്കെയാണ് സുഹൃത്തായ ആര്‍.ആര്‍. നായര്‍ അച്ഛനെ കാണാന്‍ വരുന്നത്. ഒരു ഓഫീസിന്റെ ഡിസൈന്‍ ചെയ്തു തരുമോ എന്നായിരുന്നു ആവശ്യം. കളമശ്ശേരിയിലാണ് കെട്ടിടം പണിയേണ്ടത്. ഡിസൈന്‍ ചെയ്ത് പണി തുടങ്ങുന്നതിനുമുമ്പേ അച്ഛന്‍ നേരെ പോയി ആര്‍ക്കിടെക്ട് ലാറി ബേക്കറെ കണ്ടു. എഞ്ചിനീയറിങ്ങിന്റെ പ്രാഥമിക വിവരങ്ങള്‍ അദ്ദേഹത്തോടാണ് അച്ഛന്‍ ചോദിക്കുന്നത്. തന്റെ രണ്ട് ജോലിക്കാരെ ബേക്കര്‍ സാര്‍ അച്ഛന് വിട്ടുകൊടുത്തു. ആ മേസ്തിരിമാരുടെ കൂടെ നിന്ന് അച്ഛന്‍ എല്ലാം പഠിച്ചു. അങ്ങനെ അച്ഛന്‍ പതുക്കപ്പതുക്കെ ഓരോ കെട്ടിടങ്ങളും വീടുകളും ഡിസൈന്‍ ചെയ്യാന്‍ തുടങ്ങി. ഞങ്ങളുടെ പഠിത്തവും വീടും ബുദ്ധിമുട്ടില്ലാതെ വീണ്ടും നീങ്ങിത്തുടങ്ങി. വീണ്ടും ജീവിതത്തിന്റെ ഗ്രാഫ് പതുക്കെ ഉയരുകയാണ്. 

1974-ലാണ് കേരള ലളിതകല അക്കാദമിയുടെ അധ്യക്ഷസ്ഥാനത്തേക്ക് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ അച്ഛനെ നിര്‍ദ്ദേശിക്കുന്നത്. അച്ഛന് ചില ഉപാധികളുണ്ടായിരുന്നു. അക്കാദമി പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ പാടില്ലെന്നും തനിക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം എന്നുമായിരുന്നു ആദ്യത്തെ നിബന്ധന. ഇടപെടലുകള്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വാക്കു കൊടുത്തു. അഞ്ചു വര്‍ഷം ഭംഗിയായി അച്ഛന്‍ തന്റെ ചുമതല വഹിച്ചു. അപ്പോഴേക്കും അച്ഛന്‍ കെട്ടിടങ്ങളുടെ ഡിസൈനിങ് മേഖലയില്‍ ഇരിപ്പുറപ്പിച്ചിരുന്നു. കുറേപ്പേര്‍ കാണാന്‍ വരും. അക്കാലത്ത് ഞങ്ങള്‍ ഏലൂരിലായിരുന്നു താമസിച്ചിരുന്നത്. ബൗദ്ധികമേഖലകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ അച്ഛന്‍ താല്‍പര്യം കാണിക്കുന്നതും ഈ സമയത്താണ്. നിലപാടുകള്‍ പ്രസംഗങ്ങളായി. അക്കാദമിയുടെ അധ്യക്ഷ കാലാവധി കഴിഞ്ഞപ്പോള്‍ അച്യുതമേനോന്‍ വീണ്ടും വിളിച്ചെങ്കിലും അച്ഛന്‍ തയ്യാറായില്ല. പ്രസംഗവും കലയും വാസ്തുകലയുമായി അച്ഛന്‍ തിരക്കുകളില്‍ത്തന്നെ അഭിരമിച്ചു. 

ഒമ്പതാം ക്ലാസുവരെ വീട്ടുകാര്‍ക്ക് അത്ര പ്രതീക്ഷയൊന്നും നല്‍കാത്ത കുട്ടിയായിരുന്നു ഞാന്‍. വീട്ടിലെ അസ്വസ്ഥമായ അന്തരീക്ഷം എന്നെ ഒരു മേഖലയിലേക്കും ആകര്‍ഷിച്ചിരുന്നില്ല. അച്ഛനും ഞാനും തമ്മില്‍ അത്ര അടുത്ത ബന്ധവുമില്ല. അമ്മയോട് സംസാരിക്കുമ്പോള്‍ ലഭിച്ചിരുന്ന ആത്മവിശ്വാസം അച്ഛന്റെയടുക്കല്‍ നില്‍ക്കുമ്പോള്‍ കിട്ടിയിരുന്നില്ല. പത്താം ക്ലാസ് പക്ഷേ എന്നെ മാറ്റിമറിച്ചു. ഡിസ്റ്റിങ്ഷനോടുകൂടി ഞാന്‍ പാസ്സായി. അതാരും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന് മതിപ്പു വന്നിട്ടുണ്ടാവണം. ഞങ്ങള്‍ ഭൂമിക്കു മീതെയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാന്‍ തുടങ്ങിയത് എന്റെ പത്താം ക്ലാസിനു ശേഷമാണ്. അച്ഛന്‍ എവിടെ പോകുമ്പോഴും ഞാന്‍ കൂടെപ്പോകാന്‍ തുടങ്ങി. പ്രസംഗം കേള്‍ക്കാനുള്ള താല്‍പര്യം കൊണ്ടല്ല, അച്ഛനെ സ്വീകരിക്കുമ്പോള്‍ ബൊക്കെയും മാലയും കിട്ടും. കുറച്ചു കഴിയുമ്പോള്‍ ഫലകത്തിലും പ്രശസ്തിപത്രത്തിലുമായി എന്റെ ശ്രദ്ധ. കുറച്ചുകൂടി കാലം കഴിഞ്ഞാണ് അച്ഛന്‍ പ്രസംഗിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പരിചിതമായ പല പേരുകളുടെയും മഹത്വവും വലിപ്പവും മനസ്സിലാക്കാന്‍ കഴിഞ്ഞത് അങ്ങനെയാണ്. എം. ഗോവിന്ദന്‍, എം.ജി.എസ്. നാരായണന്‍, പട്ടത്തുവിള കരുണാകരന്‍, ആര്‍ടിസ്റ്റ് നമ്പൂതിരി അങ്ങനെ ഒരുപാട് പേര്‍...അവരുടെയൊക്കെ വീടുകളുമായി ആത്മബന്ധമുണ്ടായി. 

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സിന് തുടക്കം കുറിച്ചത് എം.കെ.കെ. നായരും സി.എന്‍. ശ്രീകണ്ഠന്‍ നായരും ചേര്‍ന്നാണ്. അന്നുതൊട്ടേ അച്ഛന്‍ അവരോടൊപ്പം സഹകരിക്കുകയും സജീവ പ്രവര്‍ത്തകനാവുകയും ചെയ്തിരുന്നു. പിന്നീടത് കേരള കലാപീഠമായി. കലാദര്‍പ്പണം, ഡിസൈനര്‍ ബില്‍ഡര്‍ എന്നീ മാസികകളില്‍ എഡിറ്ററായി. ശേഷം മാഹി കലാഗ്രാമം എന്ന സങ്കല്പം യാഥാര്‍ഥ്യമായപ്പോള്‍ അതില്‍ സജീവമായി. എം. ഗോവിന്ദന്റെ സ്വപ്‌നമായിരുന്നു അത്. 

എനിക്ക് ഓര്‍മവെച്ച നാള്‍ മുതല്‍ ഞാന്‍ കണ്ടിട്ടുള്ളത് അച്ഛന്‍ വരയ്ക്കുന്നതാണ്. എന്‍ട്രന്‍സ് എഴുതി കിട്ടിയപ്പോള്‍ ഞാന്‍ നേരെ സിവില്‍ എഞ്ചിനീറിങ് എടുക്കാന്‍ ശ്രമിച്ചതും അതുകൊണ്ടായിരുന്നു. അച്ഛനാണ് പറഞ്ഞത് ആര്‍ക്കിടെക്ചര്‍ എന്നുപറയുന്ന വിഭാഗമുണ്ട്. അതിലാണ് ഇതെല്ലാം വരിക. ചേച്ചി ജമീല ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടി അധ്യാപികയായി, ഞാന്‍ ആര്‍ക്കിടെക്ടായി. അച്ഛന്റെ അടിസ്ഥാനഗുണങ്ങള്‍ ഞങ്ങള്‍ മക്കള്‍ക്കുണ്ടായിരുന്നെങ്കിലും പക്ഷേ, അമ്മയുടെ നിതാന്തപരിശ്രമമായിരുന്നു ഔദ്യോഗികമായ ഞങ്ങളുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. വിദ്യാഭ്യാസം നേടാതെ ,ജോലി ലഭിക്കാതെ, ജീവിതത്തിലേക്ക് ഒരു അടിപോലും മുന്നോട്ട് വെക്കരുത് എന്ന് അമ്മയാണ് ഞങ്ങളെ പഠിപ്പിച്ചത്. അമ്മയുടെ നിരാശയില്‍നിന്നും നഷ്ടബോധത്തില്‍ നിന്നുമായിരുന്നു അങ്ങനെയൊരു നിര്‍ബന്ധം ഞങ്ങളില്‍ വന്നുചേര്‍ന്നത്. അച്ഛന്‍ തന്റെ പതിവുജീവിതവുമായി തിരക്കില്‍ത്തന്നെയാണ്. യാത്രകള്‍, പ്രസംഗങ്ങള്‍ സംവാദങ്ങള്‍... മൂന്നു പേരില്‍ ഒരാള്‍ നഷ്ടപ്പെട്ടപ്പോള്‍ ബാക്കി രണ്ടുപേരെ ശ്രദ്ധയോടെ വളര്‍ത്തണം എന്ന നിര്‍ബന്ധമായിരുന്നു അച്ഛനുണ്ടായിരുന്നത്. പക്ഷേ, അത് അമ്മയെ എത്രകണ്ട് ബാധിച്ചിരിക്കണം എന്നത് അച്ഛന്‍ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. വളരെക്കാലത്തിന് ശേഷമാണ് അമ്മയുടെ വിഷമം അച്ഛന്‍ തിരിച്ചറിഞ്ഞത്. 

ശില്‍പി, വാഗ്മി, എഴുത്തുകാരന്‍ എന്നതിനപ്പുറം നല്ലൊരു മനുഷ്യനായി അറിപ്പെടാനായിരുന്നു അച്ഛനിഷ്ടം. അച്ഛന്റെ നിലപാടുകള്‍ വിളിച്ചുപറയുക വഴി പക്ഷേ ശത്രുക്കളെയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പല കാര്യങ്ങളും അച്ഛന്‍ മുഖത്തുനോക്കി പറയും. അതില്‍ രാഷ്ട്രീയം അച്ഛന് വിഷയമല്ലായിരുന്നു. കമ്യൂണിസത്തോട് അച്ഛന്‍ അകല്‍ച്ച കാണിച്ചിരുന്നു. ഇന്നത്തെ സമുന്നതനായ ഒരു കമ്യൂണിസ്റ്റ് നേതാവിനെ പരസ്യമായി വിമര്‍ശിച്ചത് വളരെ കോലാഹലം ഉണ്ടാക്കി. രാഷ്ട്രീയം ഒരു തൊഴിലാക്കുന്നതില്‍ അച്ഛന് വിയോജിപ്പുണ്ടായിരുന്നു. മാഹിയിലെ വീടിന്റെ ചുവരുകളിലും കവലയിലുമെല്ലാം അച്ഛന്റെ തലയ്ക്ക് പകരം പട്ടിയുടെ ചിത്രം പതിച്ചുകൊണ്ട്, 'ദേവാ നീയിവിടെ കാലുകുത്തിയാല്‍ കൊന്നുകളയും' എന്നൊക്കെയുള്ള ഭീഷണിയോടെ പോസ്റ്ററുകള്‍ വന്നു. പോലീസ് ഉദ്യോഗസ്ഥന്‍ അച്ഛനെ ഉപദേശിച്ചു: 'രണ്ട് മാസം ഇവിടേക്ക് വരാതിരിക്കണം. സ്ഥിതി രൂക്ഷമാണ്.'' 'ന്റൈ കയ്യോ, കാലോ തലയോ അവര്‍ക്ക് വേണ്ടത് എന്താണെന്ന് വച്ചാല്‍ എടുത്തോട്ടെ' എന്നായിരുന്നു അച്ഛന്റെ പ്രതികരണം. 

മാഹിയില്‍ മലയാള കലാഗ്രാമത്തില്‍ എല്ലാ മാസവും ഒരാഴ്ച  ചെലവഴിക്കണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. അങ്ങനെ പോകുമ്പോള്‍ അച്ഛന്‍ തറവാട്ടിലും പോകും. തന്റെ താടിയും മൃഗങ്ങളുടെ ഉടലുമായുള്ള ചിത്രങ്ങള്‍ പ്രതിഷേധക്കാര്‍ ചുവരുകളില്‍ പതിച്ചിരിക്കുന്നത് കവലയിലൂടെ നടന്ന് അച്ഛന്‍ കാണുമായിരുന്നു. പിക്കാസോയുടേയൊ മറ്റോ ചിത്രങ്ങള്‍ നോക്കുന്ന കൗതുകത്തോടെ നോക്കിനില്‍ക്കും. ചിലപ്പോള്‍ അഭിപ്രായങ്ങളും പറയും. ആശയങ്ങളെ വളച്ചൊടിക്കുന്നതും സൗകര്യത്തിനനുസരിച്ച് മാറ്റുന്നതും അച്ഛനിഷ്ടമില്ലായിരുന്നു. വ്യവസ്ഥയെ അച്ഛന്‍ ആക്ഷേപിക്കുമ്പോള്‍ അത് പലപ്പോഴും വ്യക്തികളെയാണ് എന്നാണ് വ്യഖ്യാനിക്കപ്പെട്ടത്. 

അച്ഛന് സ്ഥിരവരുമാനം ഉണ്ടായിരുന്നത് മാതൃഭൂമിയിലെ ജോലിയില്‍ നിന്നായിരുന്നു. അത് അച്ഛന്‍ കുടുംബജീവിതത്തിനു വേണ്ടി ഉപേക്ഷിച്ചു. കുടുംബമുണ്ടായപ്പോള്‍ സ്ഥിരവരുമാനമില്ലാതായി. അച്ഛന്റെ കടുംപിടുത്തങ്ങളില്‍ ഒരിഞ്ച് അയവുവരുത്താതെ അതിജീവിച്ചു. 'എന്റെ കൈകളെ എനിക്ക് വിശ്വാസമുണ്ട്‌ എന്നായിരുന്നു കലഹിക്കുന്ന അമ്മയ്ക്കുള്ള മറുപടി. അച്ഛന്റെ സര്‍ട്ടിഫിക്കറ്റില്‍ ഒരു ഡാമേജ് വന്നപ്പോള്‍ ആശങ്കാകുലനായി നേരെ പോയത് കെ.സി.എസ്. പണിക്കരുടെ അടുത്തേക്കാണ്. അത് കണ്ട പണിക്കര്‍ അച്ഛനോട് പറഞ്ഞത്‌ ഈ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലല്ല, ജീവിതം മുന്നോട്ടു കൊണ്ടുപോവേണ്ടത് എന്നാണ്‌. പിന്നീട്‌ അച്ഛന് ഒരു സ്ഥലത്തും സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നിട്ടില്ല.

'ഡി' എന്ന പേരിലായിരുന്നു അച്ഛന്‍ ആദ്യം എഴുതിയിരുന്നത്. അച്ഛന്റെ പടങ്ങളോ വാര്‍ത്തകളോ ലേഖനങ്ങളോ എന്തുകണ്ടാലും വെട്ടിയെടുത്ത് സൂക്ഷിക്കുന്ന ശീലം അമ്മയ്ക്കുണ്ടായിരുന്നു. പിന്നെ അത് എന്റെ ശീലമായി. അച്ഛന്റെ ലേഖനങ്ങളെല്ലാം സമാഹരിക്കണം എന്ന ചിന്ത വന്നപ്പോള്‍ തൃശൂര്‍ അപ്പന്‍ തമ്പുരാന്‍ സ്മാരകത്തില്‍ പോയി ഇരുന്ന് പഴയ മാഗസിനുകള്‍ തപ്പിപ്പിടിച്ച് അച്ഛന്റെ ലേഖനങ്ങള്‍ എടുത്തു. തിക്കോടിയന്‍, ടി. പത്മനാഭന്‍, ആര്‍ടിസ്റ്റ് നമ്പൂതിരി തുടങ്ങി അച്ഛനുമായി ആത്മബന്ധമുള്ള ധാരാളം പേര്‍ സഹായിച്ചു. എല്ലാം സെറ്റ് ചെയ്ത് അച്ഛന് കൊടുത്തപ്പോള്‍ ആകെ അത്ഭുപ്പെട്ടുപോയി. 'ദേവസ്പന്ദനം' എന്ന പുസ്തകം പിറക്കുന്നത് അങ്ങനെയാണ്. ധാരാളം അവാര്‍ഡുകള്‍ക്കൊപ്പം വിവാദങ്ങളുമായി അച്ഛന്റെ ജീവിതം കൂടുതല്‍ തിരക്കേറിയ കാലമായിരുന്നു അത്. 

placeholder
എണ്‍പത്തിയാറാം പിറന്നാള്‍ ദിനത്തില്‍ എം.വി. ദേവന്‍

അമ്മയാണ് ആദ്യം പോയത്, 2011-ല്‍. 2009 മുതല്‍ അമ്മ കിടപ്പിലായിരുന്നു. അമ്മയ്ക്ക് മരണത്തെ ഭയമായിരുന്നു. ഞങ്ങള്‍ വിവാഹിതരായി, മക്കളായി. ഞങ്ങള്‍ ജോലിക്കുപോകുമ്പോള്‍ ഒറ്റയ്ക്കാവുന്നതില്‍ അമ്മ വിഷമിച്ചിരുന്നു. അച്ഛന്റെ സാമീപ്യം അമ്മ അതിയായി ആഗ്രഹിച്ചിരുന്നു. അച്ഛനത് തിരിച്ചറിയുകയും തന്റെ യാത്രകളും തിരക്കുകളും വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. അതോടെ അച്ഛന്റെ ലോകം ചുരുങ്ങി. എന്നിരുന്നാലും പെട്ടെന്ന് പോയി വരാന്‍ പറ്റുന്ന പരിപാടികളില്‍ അച്ഛന്‍ പങ്കെടുത്തു. അമ്മ പോയതോടെ അച്ഛന്‍ ഒറ്റയ്ക്കായി, ഏകാന്തത സാരമായി അനുഭവപ്പെടാന്‍ തുടങ്ങി. എങ്കിലും ഓര്‍മ ഷാര്‍പ്പായിരുന്നു. ജനുവരി പതിനഞ്ചിന് അച്ഛന്റെ എണ്‍പത്തിയാറാം പിറന്നാളിന് കുറച്ച് വേണ്ടപ്പെട്ടവരെയെല്ലാം ഞങ്ങള്‍ വീട്ടിലേക്ക് വിളിച്ചു. അച്ഛന്റെ പ്രിയപ്പെട്ടവരില്‍ അധികം പേരും ഒന്നൊന്നായി പോയ്‌ക്കൊണ്ടിരിക്കുകയാണ്. ആ വിഷമമൊക്കെ മാറട്ടെ എന്നു കരുതിയാണ് ഞങ്ങള്‍ പിറന്നാള്‍ ഒരുക്കിയത്. അച്ഛന്‍ എല്ലാവരോടും സന്തോഷത്തോടെ സംസാരിച്ചു. പിറ്റേന്ന് രാവിലെ അച്ഛന് നല്ല ക്ഷീണമുണ്ടായിരുന്നു. കൈകാലുകള്‍ക്ക് വേദന. ഞാന്‍ തിരിച്ചുപോകാനൊരുങ്ങുകയാണ്. 'നിനക്കിന്ന് പോകണോ' എന്നു ചോദിച്ചു. നിര്‍ബന്ധമില്ല എന്ന മട്ടില്‍ ഞാന്‍ നിന്നപ്പോള്‍ അച്ഛന്‍ ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടു. 'വല്ലാത്ത അസ്വസ്ഥത തോന്നുന്നു. എന്നെയൊന്ന് ആശുപത്രിയില്‍ കൊണ്ടുപോകുമോ?' 

ആശുപത്രി എന്ന വാക്കിനോട് തന്നെ എത്ര കണ്ട് അകല്‍ച്ച വെക്കാന്‍ പറ്റുമോ അത്രയും അകല്‍ച്ചയുള്ളയാലാണ് അച്ഛന്‍. നമുക്ക് ഡോക്ടറെ കാണിക്കാം എന്ന് അങ്ങോട്ട് പറഞ്ഞാല്‍ നൂറ് ഒഴിവുകഴിവുകള്‍ പറയും. അച്ഛന്‍ അത് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. 'ഇഞ്ചി തരൂ, നെഞ്ചെരിയുന്നു എന്നു പറഞ്ഞുകൊണ്ടേയിരുന്നു. ഡോക്ടര്‍ ഞങ്ങളെ വിളിച്ചിട്ട് പറഞ്ഞു, വളരെ സീരിയസ്സാണ് മാസ്സീവ് ഹാര്‍ട് അറ്റാക്കാണ്. ഒരു ഭാഗം 90 ശതമാനവും മറുഭാഗം അറുപത് ശതമാനവും പ്രശ്‌നത്തിലാണ്. ഉടന്‍തന്നെ മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുപത്തിനാല് മണിക്കൂര്‍ സമയം പറഞ്ഞു. ഐ.സി.യുവിലേക്ക് മാറ്റി. അച്ഛന് പക്ഷേ അവിടെ കിടക്കാന്‍ പറ്റില്ല. അച്ഛന് പുറത്ത് കടക്കണം. പത്രം വായിക്കണം. ഐ.സി.യുവില്‍ കിടക്കില്ലെന്ന് വാശി പിടിച്ചപ്പോള്‍ ഡോക്ടറുടെ സമ്മതമില്ലാതെ ഞങ്ങളുടെ സ്വന്തം റിസ്‌കില്‍ റൂമിലേക്ക് മാറ്റി. 

അവസാനകാലത്ത് സര്‍ക്കാര്‍ അച്ഛന് അവശ കലാകാരന്മാര്‍ക്കുള്ള ഗ്രാന്റായി ഒരു ലക്ഷം രൂപ അയച്ചിരുന്നു. മേല്‍വിലാസം ചോദിച്ച് ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോള്‍ ആവശ്യം എന്താണെന്ന് അച്ഛന്‍ ചോദിച്ചിരുന്നു. ഗ്രാന്റ് അയക്കാനാണെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ വേണ്ട എന്നു പറഞ്ഞു. പക്ഷേ, അവര്‍ അത് കാര്യമാക്കാതെ ചെക്ക് അയച്ചു. ചെക്ക് കിട്ടിയ ഉടന്‍ തന്നെ അച്ഛന്‍ എന്നെക്കൊണ്ട് ഒരു കത്തെഴുതിച്ചു. ''പരിഗണനയ്ക്ക് സന്തോഷമുണ്ട്. പക്ഷേ ഞാനിപ്പോള്‍ കുട്ടികളുടെ സംരക്ഷണത്തില്‍ ബുദ്ധിമുട്ടില്ലാതെ കഴിയുന്നു, ചെക്ക് സന്തോഷത്തോടെ മടക്കി അയക്കുന്നു.'' ആ നിരാസത്തിന് പിറകില്‍ ഒരു നീരസം കൂടി ഉണ്ടായിരിക്കണം. കേരളപ്പിറവി ദിനത്തില്‍ മുതിര്‍ന്ന കലാകാരന്മാരെയും മറ്റും ആദരിക്കുന്ന ചടങ്ങില്‍ പോകാന്‍ അച്ഛന്റെ ആരോഗ്യം അനുവദിച്ചിരുന്നില്ല. അച്ഛന്റെ ശിഷ്യനായ കലാധരനെയാണ് ആദരം ഏറ്റുവാങ്ങാന്‍ ഏല്‍പിച്ചത്. കലാധരന്‍ വീട്ടില്‍ കൊണ്ടുവന്ന് ഫലകം കൊടുത്തപ്പോള്‍ അതില്‍ ഡോ. എം.വി. ദേവന്‍ എന്നെഴുതിയിരിക്കുന്നു! അച്ഛന് കലശലായ കോപം വന്നു. ആദരിക്കപ്പെട്ട മനുഷ്യന്‍ ആരായിട്ടാണ് ഇവിടെ ജീവിച്ചത് എന്ന് തിരിച്ചറിയാതെയാണ് ഫലകം കൊടുത്തിരിക്കുന്നത്. അപമാനിക്കപ്പെട്ടതുപോലെ തോന്നി. 

മെഡിക്കല്‍ ട്രസ്റ്റില്‍ കിടക്കുമ്പോള്‍ അഡ്വ. ബാലഗോപാലന്‍ നമ്പ്യാരുടെ മകനും ഹൈക്കോടതി വക്കീലുമായ നന്ദഗോപാലന്‍ നമ്പ്യാരെ അച്ഛന്‍ വിളിപ്പിച്ചു. ''ഒരു കാരണവശാലും എനിക്ക് ചെണ്ടയും മേളവുമുള്ള യാത്രയയപ്പ് വേണ്ട. ഔദ്യോഗിക ബഹുമതികള്‍ പാടില്ല. ഇവിടത്തെ പൊതുശ്മശാനത്തില്‍  സംസ്‌കരിക്കണം. ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. ഇവരുടെ അമ്മയെ അവിടെയാണ് ഞാന്‍ അടക്കിയിരിക്കുന്നത്. എനിക്ക് ഒരു തരത്തിലുമുള്ള പ്രത്യേകതകളുമില്ല. ഇക്കാര്യങ്ങള്‍ നിന്നെയേല്‍പ്പിക്കുന്നത് നാട്ടുകാര്‍ വന്ന് ഓരോ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മക്കള്‍ ചിലപ്പോള്‍ അനുസരിക്കും. എന്റെ കാര്യത്തില്‍ ഈ ഉറപ്പ് നീ എനിക്ക് തരണം.'' നന്ദഗോപാലിനെ തന്റെ ഭൗതികശരീരത്തിന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ചുകൊണ്ട് അച്ഛന്‍ ആഗ്രഹിച്ചതുപോലെയേ ചെയ്യുകയുള്ളൂ എന്ന് ഉറപ്പ് വാങ്ങിച്ചു. കഷ്ടി മൂന്നു മാസം അച്ഛന്‍ പൂര്‍ണമായി വിശ്രമത്തിലായി. ഏപ്രില്‍ 29-ന് അച്ഛന്‍ മടങ്ങി. 

ഔദ്യോഗിക ബഹുമതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചെങ്കിലും ഞങ്ങള്‍ വിനീതമായി നിരസിച്ചു. ചിലര്‍ പ്രശ്‌നമുണ്ടാക്കി, എം.വി. ദേവനെ ഇങ്ങനെയല്ല സംസ്‌കരിക്കേണ്ടത്, മാഹിയിലേക്ക് കൊണ്ടുപോകണം എന്നൊക്കെ ആവശ്യപ്പെട്ടതായി അറിഞ്ഞു. അച്ഛന്റെ ആവശ്യം നിറവേറ്റിയതിലുള്ള ആത്മസംതൃപ്തിയോടെ ഞങ്ങള്‍ ആ വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ തള്ളിക്കളഞ്ഞു. അച്ഛന്‍ ഓര്‍മയായിട്ട് എട്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു. എം.വി. ദേവന്‍ എന്ന വ്യക്തിത്വം ഗരിമയോടെ നിലകൊള്ളുന്ന സമൂഹത്തില്‍ ആ പേര് ഞങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവെക്കുന്നു.