കവികളുടെ സമാഗമം തുടരുകയായിരുന്നു. കഥ പറഞ്ഞും കവിതചൊല്ലിയും അത് നീണ്ടു. അതില്‍ അക്കിത്തം ഒരു കുസൃതിപറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ മഴനനഞ്ഞ് വൈലോപ്പിള്ളിയെ കണ്ടു...

To advertise here,

വിഭവങ്ങളില്‍ ബോര്‍ഡുസ്ഥാപിക്കല്‍ സംബന്ധിച്ച് ഇടയ്‌ക്കൊരു നീരസമെരിഞ്ഞെങ്കിലും തൊട്ടടുത്ത മരുതൂരമ്പലത്തിലെ നെയ്പായസത്തോടെ മധുരമായി സമാപിച്ച പിറന്നാള്‍സദ്യയ്ക്കുശേഷവും പിരിയാതെ ഉമ്മറവരാന്തയില്‍ തിരിച്ചെത്തി സംഭാഷണം തുടരുകയായിരുന്നു കവിസംഘം.

''ഈ മനുഷ്യനെ ഞാന്‍ കള്ളുകുടിപ്പിച്ചിട്ടുണ്ട്, അറിയാമോ?''- ഒന്നു വിശദമായി മുറുക്കിയതോടെ ചങ്ങലകളഴിഞ്ഞ് സ്വതന്ത്രനായ അക്കിത്തം, മാസ്റ്ററെ ലക്ഷ്യമാക്കി ചോദിച്ചു.

''മാഷോ... കള്ളോ...?'' -  ദേശം ഇരിപ്പില്‍നിന്നൊന്നു പൊന്തി.

''കള്ളെന്നുപറഞ്ഞാല്‍ കള്ളല്ല, മദ്യം. വിദേശം.''

''അതിനു സാധ്യതയില്ല''- വിഷ്ണു പറഞ്ഞു

''മാസ്റ്റര്‍ക്കോര്‍മ്മയുണ്ടോ?''-  അക്കിത്തം ചോദിച്ചു.

''താനോ... എന്നെയോ...?''- വൈലോപ്പിള്ളി രക്ഷാമാര്‍ഗം നോക്കി.

''ഞാന്‍ നേരിട്ടല്ല, ഞാന്‍ വഴി'' - അക്കിത്തം പറഞ്ഞു.

തോള്‍ വെട്ടിച്ചുകൊണ്ട് വൈലോപ്പിള്ളി എന്തോ പിറുപിറുത്തു.

''അല്പസമയത്തിനകം ആ കഥ കേള്‍ക്കാം'' - ആകാശവാണി ശൈലിയില്‍ കക്കാട് അനൗണ്‍സ് ചെയ്തു.

''മാസ്റ്റര്‍തന്നെ പറഞ്ഞാലേ അതു ശരിയാവൂ'' - അക്കിത്തം കൈയൊഴിഞ്ഞു.

''ഇയാള്‍ക്ക് മുറുക്കാത്തേന്റെ അസ്‌കിത്യാ. താന്‍ പോയി മുറ്ക്വാ'' - വൈലോപ്പിള്ളി അക്കിത്തത്തെ മുറുക്കാന്‍ പ്രോത്സാഹിപ്പിച്ചു. ആദ്യം തടഞ്ഞതില്‍ തെല്ലുവിഷമത്തോടെ ''മുറുക്കീട്ടുതന്നെയാണ് പറയുന്നത്'' - അക്കിത്തം ഉത്തരവാദിത്വത്തോടെ പറഞ്ഞു.

എന്നാല്‍ കേള്‍ക്കാം - സഭ ഏകകണ്ഠമായി പറഞ്ഞു.

''ഞാന്‍ പറയട്ടെ മാസ്റ്ററേ'' - അക്കിത്തം അനുവാദം ചോദിച്ചു.

''നൊണ പറയാന്‍ എന്റെ അനുവാദോ'' - മുന്‍കൂറായി അതിനെ ഖണ്ഡിച്ചു, വൈലോപ്പിള്ളി. ഒടുവില്‍ മദ്യക്കുപ്പി പൊട്ടിക്കുകതന്നെ ചെയ്തു.

അക്കിത്തം ഒരു വൈകുന്നേരം തൃശ്ശൂരെത്തുന്നു. അയ്യന്തോളിലുള്ള മകളുടെ വീടായിരുന്നു ലക്ഷ്യം. തേക്കിന്‍കാട് വഴി ബസ്സ്റ്റോപ്പിലേക്ക് നടക്കുകയാണ്. വടക്കുന്നാഥന്റെ താഴികക്കുടങ്ങള്‍ പോക്കുവെയിലില്‍ മിന്നിത്തിളങ്ങിയിരുന്നു. അപ്പോള്‍ യാദൃച്ഛികമായി നാലുവരിക്കവിത മനസ്സില്‍ പൊന്തിവന്നു.

'അപ്പൂ നീ ദ്രോഹിക്കരു-
തമ്മ ചൊല്ലുന്നൂ ചിറ്റൂ-
രപ്പനാടുവാനെണ്ണകൊണ്ടുപോം പുഴുവല്ലോ...'

മാസ്റ്ററുടെ കവിതയാണ്. ഇതു തോന്നാന്‍ ഒരു കാരണമുണ്ടായി. നാലാംക്ലാസില്‍ പഠിക്കുന്ന മകള്‍ ശ്രീജ വൈലോപ്പിള്ളിയുടെ കയ്പവല്ലരി എടുത്തുകൊണ്ടുവന്നു. അതിലെ ഒരു കവിത അച്ഛന്‍ ചൊല്ലി അര്‍ഥം പറഞ്ഞുകൊടുക്കണം. ഞാന്‍ പറഞ്ഞു: നിനക്ക് തന്നത്താന്‍ അര്‍ഥം മനസ്സിലാവുന്ന ഒരു കവിത വായിച്ചുതരാം. അങ്ങനെ 'എണ്ണപ്പുഴുക്കള്‍' എന്ന ഗീതകം വായിച്ചുകൊടുത്തു. അതാണ് പെട്ടെന്ന് നാക്കില്‍ തോന്നിയത്. അപ്പോള്‍ ശ്രീജ യുക്തിപൂര്‍വം ഒരു ചോദ്യം ചോദിച്ചു. ''അച്ഛാ. തൃപ്പങ്ങോട്ടപ്പന് ആടാനല്ലേ പുഴു എണ്ണ കൊണ്ടുപോകുന്നത്?''

''അത് നമ്മുടെ നാട്ടില്‍. ഇവിടെ അതല്ലേ എളുപ്പം. ഇതെഴുതിയ വൈലോപ്പിള്ളിമാഷ് അന്ന് കൊച്ചിയിലാണ് താമസം. അപ്പോള്‍ അവിടത്തെ എണ്ണപ്പുഴുക്കള്‍ക്ക് അടുത്തുള്ള ചിറ്റൂരപ്പന് എണ്ണകൊണ്ടുപോകുന്നതല്ലേ എളുപ്പം?''

''അതെതേ'' -ശ്രീജ സമ്മതിച്ചു. ''പാവങ്ങള്‍.''

ഈ സംഭവം എനിക്ക് ഉടനെ വൈലോപ്പിള്ളിയോട് പറയണം. തൊട്ടടുത്തുതന്നെയുള്ള മാസ്റ്ററെ ഇപ്പോള്‍ത്തന്നെ പോയി കാണണം.

''തന്റെ മൂവന്തിക്കുള്ള അന്നത്തെ വരവ് എനിക്കോര്‍മ്മേണ്ട്. വേര്‍ത്തൊലിച്ച്.''- മാസ്റ്റര്‍ ഓര്‍ക്കാപ്പുറത്ത് സത്യം പറഞ്ഞുപോയി.

അക്കിത്തം കഥ തുടരുന്നു. ദേവസ്വം ക്വാര്‍ട്ടേഴ്സിലേക്ക് വേഗം നടന്നു. ഗേറ്റ് റബ്ബര്‍ച്ചരടുകൊണ്ട് മുറുക്കിക്കെട്ടിയിരിക്കുന്നു. ഒരുവിധം കെട്ടഴിച്ചു. ശബ്ദംകേട്ട് മാസ്റ്റര്‍ പുറത്തുവന്നു. എന്നെ അപ്രതീക്ഷിതമായി കണ്ട അദ്ഭുതം മുഖത്തുദിച്ചു.

''അത് ശരിതന്നെ. ഇയാളെ കണ്ടിട്ട് കാലം കൊറെയായിരുന്നു''- വൈലോപ്പിള്ളി സാക്ഷ്യപ്പെടുത്തി.

''അങ്ങനെ അകത്തുകയറി. മുറുക്കി. പരസ്പരം പൊറുതിയും പരിഭവങ്ങളും പറഞ്ഞു. വടുക്കളില്‍ വാക്കു തലോടി... എല്ലാ മനുഷ്യരും സ്വന്തം ഹൃദയത്തിന്റെ ഏകാന്തതയിലിരുന്ന് തേങ്ങിക്കരയുന്നവരാണെന്ന ഇടശ്ശേരിയുടെ രണ്ടുവരി ഞാന്‍ അനുസ്മരിച്ചു.''

''എല്ലാം കേട്ട് ഇദ്ദേഹം പറയുകയാണ്.

'അക്കിത്തം, കലൂരില്‍ എന്റെ തറവാടിനും സഹോദരിയുടെ വീടിനുമടുത്ത് ഒരു ചെറിയ വീടുപണിയാന്‍ ഞാന്‍ നിശ്ചയിച്ചു. ഇവിടത്തെ പൊറുതി മതിയായി. അവളുടെ അടുത്തുചെന്ന് ജീവിച്ചാല്‍ത്തന്നെ എനിക്ക് സ്വസ്ഥതകിട്ടും. പുതിയ ചിലതൊക്കെ എഴുതണമെന്നുണ്ട്. അത് സാധിക്കും.'

''അപ്പോള്‍ മാസ്റ്റര്‍ സ്‌കൂളില്‍നിന്ന് പിരിഞ്ഞിട്ടെത്രയായിരുന്നു?'' - വിഷ്ണുനാരായണന്‍ ചോദിച്ചു

''അതൊക്കെ കുറച്ചായി''- മാസ്റ്റര്‍ മുഖംതുടച്ചു.

''അന്ന് ആത്മഗതംപോലെ മാസ്റ്റര്‍ പറഞ്ഞത് എന്നെ ഞെട്ടിച്ചു''- അക്കിത്തം ഓര്‍ത്തു.

''ഈ വരുന്ന മേടത്തിലെ ചോതി എന്റെ ഷഷ്ടിപൂര്‍ത്തിയാണ്.''

''നാല്‍പ്പതുവര്‍ഷമായി മലയാള കവിതയ്ക്ക് ജലസേചനംചെയ്യുന്ന ഭാവനയ്ക്ക് ഷഷ്ടിപൂര്‍ത്തി. അത് ആരാരുമറിയാതെ കടന്നുപോവുക. അതിനെന്തു ചെയ്യണം. മടക്കത്തില്‍ എന്റെ ആലോചന അതായിരുന്നു.''- അക്കിത്തം ഓര്‍ത്തു.

''അന്നുരാത്രി എനിക്കുറക്കംവന്നില്ല. ഈ കവിയെ നമ്മള്‍ ശരിക്കറിയുമോ. ആ ചോദ്യം ഒരു ലേഖനമായിമാറി. മലയാള കവിതയെസംബന്ധിച്ച് എന്താണ്, ആരാണ് വൈലോപ്പിള്ളിയെന്ന് എനിക്കാകുന്നത്ര ഉച്ചത്തില്‍ പറഞ്ഞുവെച്ചു.''

''11-05-1971. വൈലോപ്പിള്ളിയുടെ ഷഷ്ടിപൂര്‍ത്തിദിവസംതന്നെ അത് പത്രത്തിലൂടെ വികിരണംചെയ്യാന്‍ കഴിഞ്ഞു. ഞാന്‍ കൃതാര്‍ഥനായി'' - അക്കിത്തം പറഞ്ഞു.

''പക്ഷേ, ഇതിലെവിടെയാണ് മദ്യം?''- കക്കാട് ആരാഞ്ഞു.

''ഒന്നും പറയണ്ടടോ.'' ഗത്യന്തരമില്ലാതെ വൈലോപ്പിള്ളി തന്നെ ബാക്കി ഏറ്റെടുത്തു. ''അന്ന് ഇയാളുണ്ടാക്കിയ കുഴപ്പം ചില്ലറയല്ല. ആ ലേഖനം പത്രത്തിലച്ചടിച്ചുവന്ന ദിവസം. നട്ടുച്ചയ്ക്ക് നമ്മുടെ മുണ്ടശ്ശേരിമാഷും നാലഞ്ചു പരിവാരവും ക്വാര്‍ട്ടേഴ്സിലേക്ക് കയറിവരുന്നു. നിന്നവേഷത്തില്‍ എന്നെ അറസ്റ്റുചെയ്ത് കാറില്‍ക്കയറ്റി. ഒന്നും ചോദിക്കാനോ പറയാനോപോലും സമ്മതിച്ചില്ല. കാറ് എവിടേയ്‌ക്കോ ഓടിച്ചുകൊണ്ടുപോകുന്നു. ഒരു സ്ഥലത്ത് ചെന്നുനിന്നു. പിന്നെയാണ് അതൊരു കള്ളുഷാപ്പാണെന്നറിയുന്നത്. നാടനല്ല നഗരന്‍ തന്നെ.''

''ഇവിടെയാണ് മാസ്റ്ററുടെ ഷഷ്ടിപൂര്‍ത്തി ആഘോഷം''- മുണ്ടശ്ശേരി പൊട്ടിച്ചിരിച്ചു. മദ്യക്കുപ്പിയും മറ്റെന്തൊക്കെയോ അമിട്ടുകളും വന്നു. പരിവാരങ്ങള്‍ കൂടിത്തുടങ്ങി. ആകെ ബഹളം. എന്നെ മദ്യം സേവിപ്പിച്ചു എന്നുപറഞ്ഞാല്‍ മതിയല്ലോ. എപ്പോഴാണ് തിരിച്ചെത്തിച്ചത് എന്നോര്‍മ്മയില്ല.''

''അന്ന് മുണ്ടശ്ശേരി വൈസ് ചാന്‍സലറോ മറ്റോ ആണ്. അതോ ആശാന്‍ പ്രതിമാക്കമ്മിറ്റി ചെയര്‍മാനോ''- അക്കിത്തം പറഞ്ഞു.

''ഇതുപോലൊരു ഷഷ്ടിപൂര്‍ത്തിഭാഗ്യം കുഞ്ഞിരാമന്‍നായര്‍ക്കുപോലും ഉണ്ടായിട്ടുണ്ടാവില്ല.''- കക്കാട് പറഞ്ഞു.

ദേശം പതുക്കെ മാസ്റ്ററുടെ കവിതമൂളി അതോര്‍മ്മിച്ചു.

എന്‍ പ്രതിഭകള്‍ വാറ്റിയൊരുക്കി
സംഭൃതമാക്കിയ മദ്യം
അത്രയുമിഹ പഴകിയ മദ്യമ-
തെത്ര മനസ്സിനു പഥ്യം.
സ്വപ്നത്തിന്‍ സുന്ദരകലയാം
സ്വച്ഛസ്ഫടികക്കപ്പില്‍
കളരുചിയും കൗമാരത്തിന്‍
കളിരുചി പതയും മദ്യം
സാഹസ മദ ലാലസ യൗവന
സാരം നുരയും മദ്യം.
കാലവര്‍ഷത്തില്‍ കുടയില്ലാതെ

കാലവര്‍ഷക്കാലം. വന്മഴതോര്‍ന്ന ഒരു വൈകുന്നേരം. ചാറ്റല്‍മഴയുണ്ട്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഞാന്‍ പൂങ്കുന്നത്ത് ബസ്സിറങ്ങുന്ന വൈലോപ്പിള്ളിയെ അവിചാരിതമായി കണ്ടു. തലയില്‍ ഇരുകൈപ്പടവും കമിഴ്ത്തി മഴയെ പ്രതിരോധിച്ച് ധൃതിയില്‍ നടക്കുകയാണ്. ഞാന്‍ സ്‌കൂട്ടര്‍ തിരിച്ച് പിന്നാലെചെന്നു.

''മാഷേ.'' സ്‌കൂട്ടര്‍ തൊട്ടടുത്തുകൊണ്ട് നിര്‍ത്തി. മാഷൊന്ന് മുഖമുയര്‍ത്തിനോക്കി. മഴക്കോട്ടിലും എന്നെ തിരിച്ചറിഞ്ഞു.

''ആ, താനെന്താ ഇവിടെ. ഈ മഴേത്ത്.''

നല്ല കാലവര്‍ഷക്കാലത്ത് കുടയെടുക്കാതെ, ഒരു തൂവാലപോലും കൈയിലില്ലാതെ അവനവന്‍ പുറത്തിറങ്ങുന്നതില്‍ മാസ്റ്റര്‍ക്ക് ഒരു അസാധാരണത്വവുമില്ല. എന്നെ വഴിയില്‍ കണ്ടതും മഴക്കോട്ടിട്ട ഞാന്‍ കുടയെടുക്കാത്തതിലുമാണ് അസാധാരണത്വം.

എന്തുകൊണ്ടോ മാസ്റ്റര്‍ അന്ന് സൈക്കിളെടുത്തിട്ടില്ല.

''മാഷെവിടേക്കാ ഈ മഴയുംകൊണ്ട്?''- ഞാന്‍ തിരിച്ചു ചോദിച്ചു.

''ചെറിയ തലചുറ്റല്‍. രാധാകൃഷ്ണനെ ഒന്നു കാണണം. ഇന്നലെ ചെല്ലാന്‍ പറഞ്ഞതാണ്. അത് മറന്നു.''

എഴുത്തുകാരുടെ ഡോക്ടറായ പൂങ്കുന്നത്തെ ടി.ഐ. രാധാകൃഷ്ണനെയാണ് മാസ്റ്റര്‍ ഉദ്ദേശിക്കുന്നത്. അഴീക്കോട്, വിലാസിനി, വൈലോപ്പിള്ളി എന്നിവര്‍ അദ്ദേഹത്തിന്റെ സ്ഥിരം പേഷ്യന്റ്സ് ആയിരുന്നു. ഡോക്ടറുടെ വിശാലമായ വീടുതന്നെയായിരുന്നു ആശുപത്രിയും. ഭാര്യ നളിനി ഗൈനക്കോളജിസ്റ്റ്. രാവിലെ എട്ടിന് കണ്‍സള്‍ട്ടിങ് തുടങ്ങുമ്പോള്‍ ചെല്ലുന്നവര്‍ക്കെല്ലാം ഇഡ്ഡലിയും ചായയും പ്രഭാതഭക്ഷണമായി അവിടെ കിട്ടുമായിരുന്നു. പില്‍ക്കാലം ഡോ. രാധാകൃഷ്ണനാണ് വൈലോപ്പിള്ളി സ്മാരകസമിതിയും പുരസ്‌കാരവും സ്ഥാപിച്ചത്.

''മാഷെ അവിടെ കൊണ്ടുവിടാം''-  ഞാന്‍ പറഞ്ഞു.

''സ്‌കൂട്ടറിലോ, ഞാന്‍ കയറില്ല. ആ കച്ചോടില്യ.''

''കയറണ്ട. നടന്നുപോകാം.''

ഞാന്‍ സ്‌കൂട്ടര്‍ റോഡരികില്‍വെച്ച് ബാഗില്‍ കരുതിയിരുന്ന കുടനിവര്‍ത്തി മാസ്റ്ററെ കുടക്കീഴിലാക്കി. നനഞ്ഞൊട്ടിയ മാസ്റ്ററുടെ ശരീരം എന്റെ മഴക്കോട്ടിനെക്കാള്‍ തണുത്തിരുന്നു.

''താനിപ്പൊ ഏതുലോകത്താ?''- മാസ്റ്റര്‍ ആരാഞ്ഞു.

''കോഴിക്കോട് മാതൃഭൂമിലല്ലേ. ആഴ്ചപ്പതിപ്പീന്ന് എന്‍.വി. പോയിട്ട് ആരാപ്പൊ മേശ്ശാന്തി?''

''വി.ആര്‍. ഗോവിന്ദനുണ്ണി.''

''എന്‍.വി. കുങ്കുമംതൊട്ടു അല്ലേ.'' - മാസ്റ്റര്‍ വെള്ളം കുടഞ്ഞ് ചിരിച്ചു (കുങ്കുമം, കേരളശബ്ദം, മഹിളാരത്നം പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിട്ടായിരുന്നു എന്‍.വി. കൃഷ്ണവാരിയര്‍ മാതൃഭൂമി വിട്ടത്).

'കന്യമാര്‍ക്ക് നവാനുരാഗങ്ങള്‍ കമ്രശോണസ്ഫടികവളകള്‍, ഒന്നുപൊട്ടിയാല്‍ മറ്റൊന്ന്' എന്ന മാസ്റ്ററുടെ വരികളാണെനിക്ക് ഓര്‍മ്മവന്നത്.

''തന്റെ കഥയെഴ്ത്തൊക്കെ നടക്കണില്യേ?'' - വൈലോപ്പിള്ളി ചോദിച്ചു.

''പ്രസിദ്ധീകരിച്ചാലല്ലേ എഴുതാനൊരു ഉത്സാഹമുണ്ടാവൂ മാഷേ.''

''അങ്ങനെ വെയ്ക്കണ്ട, ധാരാളം എഴ്താ. അതൊരു ശീലല്ലേ. ഒക്കെ പ്രസിദ്ധീകരിക്കണന്നില്യ''

''മാഷേപ്പോലെ പതിരില്യാണ്ട് എഴുതണംന്നാണ് ആഗ്രഹം.'' - ഞാന്‍ പറഞ്ഞു.

വൈലോപ്പിള്ളി തണുത്തുവിറച്ച് ചിരിച്ചു.

ഡോക്ടര്‍ രാധാകൃഷ്ണന്റെ വീടെത്താന്‍ പടികടന്ന് കുറച്ചുദൂരം നടക്കണം. കുളിച്ചുതൊഴുന്ന അവസ്ഥയിലായിരുന്നു മാസ്റ്റര്‍. തണുത്തുവിറച്ച് കൈകൂപ്പി.

''വല്യേ മഴേല് നനയാം. ചാറല്‍മഴേല് ഇങ്ങനെ കുളിക്കണത് നാണക്കേടാ.'' - വരാന്തയിലേക്കു കയറി എന്നെ തിരിച്ചയക്കുമ്പോള്‍ മാസ്റ്റര്‍ നിരൂപിച്ചു.