അന്തരിച്ച പ്രമുഖ എഴുത്തുകാരന് ജോസഫ് വൈറ്റിലയെക്കുറിച്ച് ജോര്ജ് ജോസഫ് കെ എഴുതുന്നു.
ഞാനും പി.എഫ്. മാത്യൂസും ജോസഫ് മരിയനും തോമസ് ജോസഫും സോക്രട്ടീസും ജോണി മിറാന്ഡയും എഴുതും മുന്പേ കൊച്ചിക്കാരുടെ അഭിമാനമായിരുന്നു പോഞ്ഞിക്കര റാഫി മാഷും ജോസഫ് വൈറ്റില ചേട്ടനും വിക്ടര് ലീനസും. ഇവരുടെ സ്കൂള്മുറ്റത്താണ് ഞങ്ങള് കഥ എഴുതി പഠിച്ചത്.
സ്വര്ഗദൂതനും ഓരാ പ്രനോബീസും സൗന്ദര്യാത്മക അനുഭൂതി പടര്ത്തിയ എഴുത്തുപാടങ്ങളിലേക്ക് ആദ്യം കൈപിടിച്ചു കയറിയത് ജോസഫ് വൈറ്റില ചേട്ടനും വിക്ടര് ലീനസുമായിരുന്നു. എറണാകുളത്തെ രണ്ട് നെടുങ്കന് ഗോപുരങ്ങള്. അവര് രണ്ടു ശരീരവും ഒരാത്മാവും കൂടിച്ചേര്ന്ന് എഴുത്തിലും സൗഹൃദത്തിലും ഒന്നിച്ചുജീവിച്ചു.
ലത്തീന് കത്തോലിക്കര് ചവിട്ടുനാടകവും ദേവാസ് വിളിയും പള്ളിപ്പെരുന്നാളും ഒക്കെ ആഘോഷിച്ചുകൊണ്ട് നടന്നപ്പോള് ജോസഫ് വൈറ്റില ചേട്ടനും വിക്ടര് ലീനസും കഥയിലേക്ക് ചുവടുമാറി.
60-70 കളില് ആധുനികതയുടെ ശിഖരങ്ങള് സാഹിത്യത്തില് ആടിയുലഞ്ഞപ്പോള് വിക്ടര് ലീനസും വൈറ്റില ചേട്ടനും കൊച്ചിയുടെ അഭിമാന എഴുത്തുകാരായി.
'യോദ്ധാവും' 'ചരമ വാര്ഷികവും' പ്രസിദ്ധീകരിച്ചു വന്നപ്പോള്ത്തന്നെ ജോസഫേട്ടന് മലയാള സാഹിത്യത്തില് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
കൊച്ചിയിലെ എഴുത്തുകാര് വളര്ന്നത് എന്നും കൂട്ടായ്മയിലൂടെയാണ്. എഴുതിയത് വായിക്കാന്, പരസ്പരം പങ്കുവെക്കുന്ന ആത്മബന്ധം അവരില് ഉണ്ടായിരുന്നു. ഞങ്ങളും അങ്ങനെ വളര്ന്നവരാണ്.
വിക്ടര് ലീനസ് എന്ന വിദേശ സാഹിത്യം അരച്ചുകുടിച്ച ഒരു കൂട്ടുകാരനെ കിട്ടിയപ്പോള് ലോക സാഹിത്യത്തിന്റെ, ലോക സിനിമയുടെ അതിരുകള് ജോസഫേട്ടന്റെ മനസ്സില് മഴവില്ലുകള് തെളിച്ചു. അവര് പരസ്പരം കൂട്ടുകാരുടെ രചനകളില് എഡിറ്ററുടെ കത്രികകള് വെച്ചു മനോഹരമാക്കി പ്രസിദ്ധീകരണങ്ങള്ക്കയച്ചു, ഒരു തടസ്സവുമില്ലാതെ അതൊക്കെയും പ്രമുഖ മാസികകളില് അച്ചടിച്ചു വന്നു.
വിക്ടര് ആക്സിഡന്റില് മരിച്ചതോടെ ജോസഫേട്ടന്റെ ചിറകൊടിഞ്ഞു.
വിക്ടര് പെരുവഴിയില്നിന്നും മോര്ച്ചറിയിലെ അനാഥ ശവമായി മാറിയപ്പോള് എന്തിനെയും നേരിടുന്ന കരുത്തനായ ജോസഫേട്ടന് ഉള്ളില് കരഞ്ഞ കരച്ചിലും കണ്ണുനീരും എത്ര വലുതായിരിക്കും! ജോസഫേട്ടന്റെ പിന്നീടുള്ള ജീവിതത്തിലേക്ക് ഞാന് ചെന്നുപെട്ടത് കൂടുതലും 'സമയം' മാസികയുടെ പത്രാധിപരായിരിക്കുമ്പോഴാണ്.
'സമയ'ത്തില് എഴുതിച്ച് എനിക്ക് കാശുവാങ്ങിത്തന്നു. അപ്പോഴും വിക്ടറുമായുള്ള ജീവിത നിമിഷങ്ങളുടെ ഓര്മയും ഭാരവും അദ്ദേഹത്തിന് ഒരു ബാധയായിരുന്നു.
കഥകള് എഴുതി തീര്ക്കാത്ത, നോവലുകള് എഴുതി തീര്ക്കാത്ത വ്യഥകള് എപ്പോഴും അദ്ദേഹത്തിന്റെ മനസ്സിനെ അസ്വസ്ഥപ്പെടുത്തി.
അങ്ങനെയിരിക്കുമ്പോഴാണ് കാര്ട്ടൂണിസ്റ്റും പത്രപ്രവര്ത്തകനുമായ ജോഷി ജോര്ജ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വരുന്നത്. ജോഷി ഉത്സാഹ കമ്മിറ്റിയുടെ പ്രസിഡന്റാണ്. ജോഷിയുടെ നിരന്തരമുള്ള ഒത്തുചേരലില് രണ്ടു നോവലുകള് പിന്നെയും പിറന്നു. ജോഷി ജോര്ജും ജോസഫേട്ടനും ചേര്ന്ന് രണ്ടു നോവലുകള് എഴുതി. സംഘര്ഷഭരിതമായ പി.ജെ. ആന്റണിയുടെ ജീവിതത്തിന്റെ നേര്പ്പകര്പ്പായിരുന്നു 'ഭരതനടനം' എന്ന നോവല്. ജോഷിയുമായി ഇടുക്കിയുടെ പശ്ചാത്തലത്തില് മറ്റൊരു നോവല് എഴുതി- 'കമ്പക്കല്ല്.'
ആരോഗ്യമുള്ള സമയത്ത് വൈറ്റിലയില്നിന്ന് സൈക്കിള് ചവിട്ടി ജോസഫേട്ടന് എന്റെ വീട്ടില് വരും. എന്റെ മകന് അപ്പുവും മകള് ഹന്നയും അന്നു കുഞ്ഞുങ്ങളാണ്. അവരോട് പറയും, 'പഠിച്ച് വലിയ ജോലി നേടി അപ്പയെയും അമ്മയെയും സന്തോഷിപ്പിക്കണം'.
ഭാഷാപോഷിണിയില് എന്റെ 'മാത്തമാറ്റിക്സ്' എന്ന കഥ വായിച്ച്, എന്നെ വിളിച്ചു.
'സന്തോഷമായി. നീ ഇപ്പോഴും എഴുതുന്നുണ്ടല്ലോ?'
ആയിടയ്ക്ക് ജമാല് കൊച്ചങ്ങാടിക്ക് ജോസഫ് വൈറ്റില ചേട്ടനെ കാണണമെന്ന് ആഗ്രഹം. ജിജോ സാമുവല് അനിയന് ഞങ്ങളെ ജോസഫേട്ടന്റെ അടുക്കല് എത്തിച്ചു. ജോസഫേട്ടന് കേള്വി കുറവായതിനാല് ഒത്തിരി ഒച്ചയില് ഞങ്ങള് സംസാരിച്ചു. പോകാന് നേരത്ത് സന്തോഷംകൊണ്ട് ആ കണ്ണുകള് തിളങ്ങി. ആ ചുണ്ടുകള് ചോദിച്ചു 'ഇനി എന്നാ...? '', ''വരാം' ഞാന് പറഞ്ഞു.
'ഞാന് പുതിയൊരു നോവല് എഴുതിയിട്ടുണ്ട്. നീ വായിക്കണം. അഭിപ്രായം പറയണം' '- ഞാന് ചെല്ലാമെന്നു വാക്കു പറഞ്ഞിറങ്ങി.
എന്റെ രോഗങ്ങളും ആശുപത്രി വാസവും കാരണം പോകാനായില്ല.
ഈ ദിവസം, ഇപ്പോഴും ഞാന് പനിച്ചൂടിലും മേലുവേദനയിലുമാണ്. എങ്കിലും ജോസഫേട്ടനോട് അവിടെ ചെന്നിട്ട് ആ അടഞ്ഞ കണ്ണുകളില് നോക്കിയിട്ടു പറയണം
'ഞാന് വന്നൂ ജോസഫേട്ടാ...'
Content Highlights: Joseph Vyttila, Victor Leenus, George Joseph K, Mathrubhumi
Published: 10 Jan 2024, 02:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented