അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ 30,000 കോടി മൂല്യമുള്ള സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ, തന്റെ യൂണിവേഴ്‌സിറ്റി ഫീസ് രണ്ട് മാസമായി അടച്ചിട്ടില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ച് സഞ്ജയ് കപൂറിന്റേയും നടി കരിഷ്മ കപൂറിന്റേയും മകള്‍ സമൈറ കപൂര്‍. എന്നാല്‍ സഞ്ജയ് കപൂറിന്റെ നിലവിലെ ഭാര്യ പ്രിയ കപൂര്‍ ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി.
സഞ്ജയ് കപൂറിന്റെ സ്വത്തുക്കള്‍ വില്‍ക്കുന്നതില്‍നിന്ന് പ്രിയ കപൂറിനെ തടയണമെന്ന് ആവശ്യപ്പെട്ട് കരിഷ്മ കപൂറിന്റെ രണ്ട് മക്കള്‍ സമര്‍പ്പിച്ച ഇടക്കാല സ്റ്റേ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. കരിഷ്മയുടെ മക്കള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി അമേരിക്കയില്‍ പഠിക്കുന്ന സമൈറയുടെ യൂണിവേഴ്‌സിറ്റി ഫീസ് രണ്ട് മാസമായി അടച്ചിട്ടില്ലെന്ന് വാദിച്ചു.
'കുട്ടികളുടെ സ്വത്തുക്കള്‍ ഒന്നാം പ്രതിയായ പ്രിയ കപൂറിന്റെ കൈവശമാണ്. അതിനാല്‍ ഫീസ് അടയ്ക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. യുഎസില്‍ പഠിക്കുന്ന മകള്‍ക്ക് രണ്ട് മാസത്തെ ഫീസ് അവര്‍ നല്‍കിയിട്ടില്ല,' മഹേഷ് ജഠ്മലാനി വാദിച്ചു. കരിഷ്മയുമായുള്ള വിവാഹമോചന ഉത്തരവ് പ്രകാരം കുട്ടികളുടെ വിദ്യാഭ്യാസ, ജീവിതച്ചെലവുകള്‍ വഹിക്കേണ്ടത് സഞ്ജയ് ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രിയ കപൂറിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാജീവ് നയ്യാര്‍ ഈ വാദങ്ങള്‍ തള്ളിപ്പറയുകയും കരിഷ്മയുടെ മക്കള്‍ക്ക് വേണ്ടി സമര്‍പ്പിച്ച എല്ലാ ചെലവുകളും പ്രിയ കൃത്യമായി അടച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
നടപടിക്രമങ്ങള്‍ നാടകീയമാക്കാന്‍ താത്പര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ കോടതിക്ക് മുന്നില്‍ കൊണ്ടുവരുന്നതില്‍ നിന്ന് ഇരുപക്ഷവും വിട്ടുനില്‍ക്കണമെന്ന് ജസ്റ്റിസ് ജ്യോതി സിങ് ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉചിതമായി കൈകാര്യം ചെയ്യണമെന്ന് പ്രിയയെ പ്രതിനിധീകരിച്ച സീനിയര്‍ അഭിഭാഷക ഷൈല്‍ ത്രെഹാനോടും കോടതി നിര്‍ദേശിച്ചു.
'എനിക്ക് ഇതില്‍ 30 സെക്കന്‍ഡില്‍ കൂടുതല്‍ ചെലവഴിക്കാന്‍ താത്പര്യമില്ല. ഈ വിഷയം ഇനിയും കോടതിക്ക് മുന്നില്‍ വരരുത്. ഈ വാദം നാടകീയമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഈ ഉത്തരവാദിത്തം ഷൈല്‍ ത്രെഹാനെ ഏല്‍പ്പിക്കുന്നു. ഈ വിഷയം ഇനി ഉയര്‍ന്നു വരരുത്,' ജഡ്ജി പറഞ്ഞു. നവംബര്‍ 19-ന് ഡല്‍ഹി ഹൈക്കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കും.
കഴിഞ്ഞ ജൂണ്‍ 12-നാണ് ലണ്ടനില്‍ പോളോ കളിക്കുന്നതിനിടെ സഞ്ജയ് കപൂര്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരണശേഷം സഞ്ജയ് കപൂറിന്റെ നിലവിലെ ഭാര്യയും തങ്ങളുടെ രണ്ടാനമ്മയുമായ പ്രിയ കപൂര്‍ വില്‍പത്രം വ്യാജമായി നിര്‍മിച്ചുവെന്ന് ആരോപിച്ച് കരിഷ്മയുടെ മക്കളായ സമൈറയും കിയാനും കേസ് ഫയല്‍ ചെയ്തു. സഞ്ജയ് തന്റെ സ്വത്തില്‍ അവര്‍ക്ക് വിഹിതം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അന്തിമ രേഖയില്‍ ഇതില്ലെന്നും അവര്‍ അവകാശപ്പെട്ടു. കേസ് നിലവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Content Highlights: karisma kapoors daughter tells delhi hc her university fees unpaid for two months
Published: 15 Nov 2025, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented