വ്യത്യസ്ത സാഹചര്യങ്ങളില്‍ വളരുന്ന രണ്ട് വ്യക്തികള്‍ ഒരുമിച്ച് ഒരേ സാഹചര്യത്തില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ പല പ്രശ്നങ്ങളും ഉണ്ടാകുന്നതായി കാണാം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവ പരിഹരിച്ച് സന്തുഷ്ടജീവിതം നയിക്കാനാവും. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.
            
ആശയവിനിമയം (Communication)

To advertise here,

പല കുടുംബങ്ങളിലെയും ദാമ്പത്യ പ്രശ്‌നങ്ങളുടെ തുടക്കത്തിനു പിന്നില്‍ ഫലപ്രദമായ ആശയവിനിമയത്തിലുള്ള കുറവാണ്. ആശയവിനിമയത്തിനു വേണ്ടി മാത്രം ദിവസവും ഒരു മണിക്കൂര്‍  സമയം മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണ്. എല്ലാകാര്യങ്ങളും മനസ്സുതുറന്നു സംസാരിക്കുന്നതിനും ജീവിതപങ്കാളിയുടെ കാര്യങ്ങളും വിശേഷങ്ങളും കേള്‍ക്കുന്നതിനും ആത്മാര്‍ഥമായി ശ്രമിക്കുക. കേള്‍ക്കുന്നയാള്‍ വളരെ ഉത്സാഹത്തോടും സജീവമായും ഇരിക്കേണ്ടതും അത്യാവശ്യമാണ്. പറയുന്ന ഓരോ കാര്യങ്ങളും വളരെ ശ്രദ്ധയോടെ കേള്‍ക്കുകയും മറുപടി പറയുകയും ചെയ്യുക. ഇമോഷണല്‍ വാലിഡേഷന്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. അതായത് പറയുന്ന ആള്‍ ഏത് വികാരത്തിലും മാനസിക അവസ്ഥയിലുമാണ് പറയുന്നത് എന്ന് കേള്‍ക്കുന്ന ആള്‍ മനസ്സിലാക്കിയിരിക്കണം. ചിലപ്പോള്‍ കേള്‍ക്കുന്ന ആള്‍ക്ക് വളരെ നിസാരം എന്ന് തോന്നുന്ന ചില കാര്യങ്ങള്‍ ആയിരിക്കും  പറയുന്നത്, എന്നിരുന്നാലും ആ കാര്യത്തെ വളരെ അനുഭാവപൂര്‍വം പരിഗണിക്കുക.
        
സ്ത്രീകള്‍ പോതുവേ കൂടുതല്‍ ആയി സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്, വളരെ വിശദമായി കേള്‍ക്കാനും ആഗ്രഹിക്കുന്നു. ഒരു ദിവസം സ്ത്രീകള്‍ ഇരുപത്തിഅയ്യായിരം വാക്കുകള്‍ സംസാരിക്കുമ്പോള്‍ പുരുഷന്മാര്‍ പതിനായിരം വാക്കുകള്‍ സംസാരിക്കും എന്നാണ് ഒരു കണക്ക് പറയുന്നത്. ആയതിനാല്‍ പുരുഷന്മാര്‍ ആ വ്യത്യാസം തിരിച്ചറിഞ്ഞു കൂടുതല്‍ സമയം ഭാര്യയുമായി സംസാരിക്കുന്നതിനു സമയവും സന്ദര്‍ഭവും കണ്ടെത്തുക. എപ്പോഴും ആശയവിനിമയത്തില്‍ ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങള്‍ ആണ് സത്യസന്ധത, വിശ്വസ്തത, ആത്മാര്‍ഥത മുതലായവ. ഏത് സാഹചര്യമായാലും പൂര്‍ണ്ണമായും സത്യസന്ധത വളരെ അത്യാവശ്യമാണ്. ചില സത്യങ്ങള്‍ പറയുമ്പോള്‍ താത്കാലികമായി ചില നഷ്ടങ്ങളോ വേദനകളോ പരാജയങ്ങളോ ഉണ്ടായാലും ആത്യന്തികമായി സത്യം പറയുന്നത് തന്നെയാണ് നല്ലത്.
            
അടുപ്പം (Intimacy)
            
ആശയവിനിമയത്തിന്റെ അടുത്ത ഘട്ടമാണിത്. ഇന്റിമസി എന്താണെന്ന് മനസ്സിലാക്കാന്‍ ഒരു സന്ദര്‍ഭം വിവരിക്കാം. നമ്മള്‍ ഒരു അപരിചിതനെ പരിചയപെട്ടു എന്ന് വിചാരിക്കുക. ആദ്യം നമ്മള്‍ പേര് ചോദിക്കും, പിന്നെ കാണുമ്പോള്‍ വീടിനെക്കുറിച്ച് ചോദിക്കും,വീട്ടില്‍ ആരൊക്കെയുണ്ടെന്ന് ചോദിക്കും. അങ്ങനെ ആ ബന്ധം വളരെ ആഴങ്ങളിലേക്ക് വളരും. വ്യക്തിപരമായ കാര്യങ്ങളും രഹസ്യങ്ങളും പരസ്പരം പറയുമ്പോള്‍ മാത്രമാണ് അടുപ്പം അഥവാ ഇന്റിമസി തോന്നുക. ദാമ്പത്യ ബന്ധത്തില്‍ അത്തരം ഒരു അടുപ്പം ഉണ്ടാക്കി എടുക്കുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം മാനസിക അവസ്ഥകള്‍ മനസ്സിലാക്കി എടുക്കാനും വളരെ ആഴത്തിലുള്ള ബന്ധം നിലനിര്‍ത്തുന്നതിനും സാധിക്കും.

സമര്‍പ്പണം (Commitment)
            
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് ചുരുങ്ങിയ കാലത്തേക്ക് അല്ല. ആത്മാര്‍ഥമായി ബന്ധം തുടരുന്നതിനു വേണ്ടിയുള്ള ബോധപൂര്‍വമായ തീരുമാനം ആണ് കമ്മിറ്റ്മെന്റ്. നല്ല ഭാര്യയോ നല്ല ഭര്‍ത്താവോ ലഭിക്കുന്നതിലല്ല, നേരെമറിച്ച് എങ്ങനെ ഒരു നല്ല ഭര്‍ത്താവോ ഭാര്യയോ ആവാന്‍ സാധിക്കുന്നു എന്നുള്ളതാണ് ജീവിതത്തില്‍ സംതൃപ്തി ഉണ്ടാക്കുന്നത്. ആയതിനാല്‍ ദാമ്പത്യ ജീവിതത്തില്‍ കമ്മിറ്റ്മെന്റ് വളരെ പ്രധാനമാണ്.            

ഡിജിറ്റല്‍ മിനിമലിസം (Digital Minimalism)
            
ഓണ്‍ലൈന്‍ കണക്റ്റിവിറ്റിയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഉപയോഗവുമെല്ലാം കൂടിയ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇവക്ക് അത്യാവശ്യം ചില ഉപയോഗങ്ങള്‍ ഉണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ ഇവയെല്ലാം ഇന്ന് കുടുംബ ജീവിതത്തില്‍ ചിലവഴിക്കേണ്ട അര്‍ഥവത്തായ സമയത്തെ ഇല്ലാതാക്കുന്നു. ആയതിനാല്‍ ഏറ്റവും വലിയ മുന്‍ഗണന ദാമ്പത്യ ജീവിതത്തിനു നല്‍കുകയും അത്യാവശ്യത്തിനു മാത്രം ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിക്കുകയും ചെയ്യുന്നതിനെയാണ് ഡിജിറ്റല്‍ മിനിമലിസം എന്ന് പറയുന്നത്.
                    
50% സമയം ദിവസവും പങ്കാളിയോട് ഒരുമിച്ചു ചിലവഴിക്കുക
            
ഈ കാലഘട്ടത്തില്‍ ധാരാളം ജീവിതപങ്കാളികളും ജോലിസംബന്ധമായോ മറ്റു സമാന കാരണങ്ങളാലോ അകന്നു കഴിയുന്നത് കാണാന്‍ കഴിയും. എന്നാല്‍ ദാമ്പത്യ ജീവിതത്തിന്റെ അര്‍ഥവും ഉദ്ദേശവും മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ ഇത് ഒരു ആരോഗ്യകരമായ പ്രവണതയല്ല. ഒരു ഫലപ്രദമായ ദാമ്പത്യ ജീവിതത്തിന് ദിവസവും 50% സമയം ജീവിത പങ്കാളിയുമൊത്തു ചിലവഴിക്കേണ്ടത് അത്യാവശ്യമാണ്.
            
വീട്ടുജോലിയില്‍ പങ്കാളിയാവുക
            
ഒരു വീട്ടില്‍ അവരവര്‍ ചെയ്യേണ്ട ജോലികള്‍ സ്വയം തിരിച്ചറിഞ്ഞ് ആത്മാര്‍ഥമായും ഉത്സാഹത്തോടെയും ചെയ്യുമ്പോള്‍ കിട്ടുന്ന സംതൃപ്തി വേറെ ഒരിടത്തു നിന്നും ലഭിക്കില്ല. ഇംഗ്ലീഷില്‍ വീടിനെ ഹൗസ് എന്നും ഹോം എന്നും രണ്ട് വ്യത്യസ്ത വാക്കുകള്‍ കാണാം. ഒരു ഹൗസിനെ ഹോം ആക്കിമാറ്റുന്നത് ആ വീട്ടിലെ വ്യക്തികള്‍ അവരവരുടെ ഉത്തരവാദിത്തങ്ങളും കര്‍ത്തവ്യങ്ങളും സ്വയം അറിഞ്ഞു നിറവേറ്റുമ്പോഴാണ്. 

സാമ്പത്തിക ക്രമീകരണം (50/20/20/10 Rule of Budgeting)
            
വരവുചെലവ് കണക്കുകള്‍ ശ്രദ്ധിക്കാത്തതുകൊണ്ട് പല കുടുംബങ്ങളും തകര്‍ന്നതായി കാണാന്‍ കഴിയും. ആയതിനാല്‍  വളരെ ക്രമീകൃതമായി സമ്പത്ത് വിനിയോഗിക്കേണ്ടതാണ്. അതിനുള്ള ഒരു നിയമമാണ് 50/20/20/10 റൂള്‍ ഓഫ് ബഡ്ജെറ്റിങ്. നമ്മുടെ ആകെ വരുമാനത്തിന്റെ 50% അടിസ്ഥാനപരമായ ദൈനംദിന ആവശ്യങ്ങള്‍ക്ക് (needs) വേണ്ടി ചിലവാക്കുക. 20% ഉല്ലാസത്തിനും വിനോദത്തിനും ചിലവാക്കുക. അടുത്ത 20% നിക്ഷേപങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക. ബാക്കി വരുന്ന 10% ചാരിറ്റബിള്‍ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക. അപ്പോള്‍ ജീവിതം കുറേക്കൂടി ക്രിയാത്മകമായി മാറുന്നതായി അനുഭവിക്കാന്‍ സാധിക്കും. ഒരിക്കലും നമ്മുടെ അയല്‍ക്കാരുമായോ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ താരതമ്യം ചെയ്യരുത്. മറ്റുള്ളവരെക്കാള്‍ ഭൗതികമായി വലിയ വീട് വയ്ക്കണം അങ്ങനെയുള്ള അനാരോഗ്യകരമായ ചിന്തകള്‍ ജീവിതത്തെ നിരാശയില്‍ കൊണ്ടുചെന്ന് എത്തിക്കും. പകരം നമ്മുടെ ഇന്നലെകളുമായി താരതമ്യം ചെയ്ത് അതിനേക്കാള്‍ ഉയരാന്‍ ശ്രമിക്കുക.
                        
പട്ടം എസ്.യു.ടി ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ആണ് ലേഖകന്‍