ജീവിതത്തില്‍ കടന്നുപോയ പ്രതിസന്ധികളെ കുറിച്ച് തുറന്നുപറഞ്ഞ് ഹാരി രാജകുമാരന്‍. ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ കേസിന്റെ ഭാഗമായുള്ള സാക്ഷ്യപത്രത്തിലാണ് ഹാരി താന്‍ അനുഭവിച്ച വേദനയെ കുറിച്ച് പറയുന്നത്. തന്നെ രാജകുടുംബത്തില്‍ നിന്ന് പുറത്താക്കാനായി തന്റെ പിതാവ് മേജര്‍ ജെയിംസ് ഹെവിറ്റ് ആണെന്ന രീതിയില്‍ ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയെന്നും അത് വര്‍ഷങ്ങളോളം തന്നെ വേദനിപ്പിച്ചിരുന്നുവെന്നും ജൂണ്‍ ആറിന് കോടതിയില്‍ നല്‍കിയ സാക്ഷ്യപത്രത്തില്‍ ഹാരി പറയുന്നു.
'രാജകുടുംബത്തില്‍ നിന്ന് തന്നെ പുറത്താക്കാനായിരുന്നു ബ്രിട്ടീഷ് മാധ്യമങ്ങളുടെ ശ്രമം. മേജര്‍ ജെയിംസ് ഹെവിറ്റ് ആണ് തന്റെ പിതാവ് എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാതാവ് ഡയാന രാജകുമാരി ജെയിംസുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് ശേഷമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഞാന്‍ ജനിച്ചതിന് ശേഷമാണ് മാതാവ് ജെയിംസിനെ കണ്ടുമുട്ടുന്നത്. മാതാവ് മരിച്ച് ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്. പതിനെട്ടു വയസുകാരനായ എനിക്ക് താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു അത്. ഇത്തരം പ്രചാരണങ്ങള്‍ എന്നോട് ചെയ്ത ക്രൂരതയായിരുന്നു. പൊതുജനങ്ങളില്‍ സംശയം കുത്തിവെച്ച് എന്നെ രാജകുടുംബത്തില്‍ നിന്ന് പുറത്താക്കാനായിരുന്നു പത്രങ്ങളുടെ ശ്രമം'-സാക്ഷ്യപത്രത്തില്‍ ഹാരി പറയുന്നു.
130 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് ഒരു അംഗം തെളിവ് നല്‍കാനായി കോടതിയില്‍ ഹാജരാകുന്നത്. ദ മിറര്‍, സണ്‍ഡേ പീപ്പിള്‍, സണ്‍ഡേ മിറര്‍ എന്നീ ടാബ്ലോയിഡുകളുടെ പ്രസാധകരായ മിറര്‍ ഗ്രൂപ്പ് ന്യൂസ്‌പേപ്പേഴ്‌സ് ലിമിറ്റഡിന് എതിരായ കേസിലാണ് ലണ്ടന്‍ ഹൈക്കോടതിയില്‍ ഹാരി രാജകുമാരന്‍ ഹാജരായത്.

നേരത്തെ തന്റെ ഓര്‍മക്കുറിപ്പായ 'സ്‌പെയറിലും' ഇക്കാര്യം ഹാരി പങ്കുവെച്ചിരുന്നു. താനല്ല യഥാര്‍ഥ പിതാവെന്ന തരത്തില്‍ ചാള്‍സ് രാജാവ് പോലും ക്രൂരമായ തമാശകള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും മേജര്‍ ജെയിംസ് ഹെവിറ്റിന്റെ മുടിയുടെ നിറവും തന്റെ മുടിയുടെ നിറവും തമ്മിലുള്ള സാമ്യമാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടിയെന്നും ഹാരി പുസ്തകത്തില്‍ തുറന്നെഴുതിയിരുന്നു.
ബ്രിട്ടീഷ് പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന ജെയിംസ് ഹെവിറ്റും ഡയാന രാജകുമാരിയും 1986 മുതല്‍ 1991 വരെ പ്രണയത്തിലായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 1984-ലാണ് ഹാരി ജനിച്ചത്. 2017-ല്‍ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ജെയിംസ് ഹെവിറ്റും രംഗത്തെത്തിയിരുന്നു. താനല്ല ഹാരിയുടെ പിതാവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സഹോദരന്‍ വില്ല്യമില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് 'സ്‌പെയര്‍' എന്ന പുസ്തകത്തില്‍ ഹാരി പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. വില്ല്യമിന്റെ വില്ലത്തരത്തെ കുറിച്ചാണ് ഹാരി പുസ്തകത്തില്‍ വിവരിച്ചത്. ''വില്യം എന്റെ കോളറില്‍ കുത്തിപ്പിടിച്ചു, മാല വലിച്ചുപൊട്ടിച്ചു, പിന്നെ എന്നെ തറയിലേക്കു തള്ളിയിട്ടു. പട്ടിക്ക് ആഹാരം കൊടുക്കുന്ന പാത്രത്തിനുമുകളിലേക്കു ഞാന്‍ വീണു. അതു പൊട്ടി, ആ കഷണങ്ങള്‍കൊണ്ട് എന്റെ പുറം മുറിഞ്ഞു. കുറച്ചുനേരം ഞാന്‍ അവിടെക്കിടന്നു, പരിഭ്രമിച്ചു. പിന്നെ എഴുന്നേറ്റു. അയാളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു.''സ്‌പെയര്‍ എന്ന ഓര്‍മക്കുറിപ്പില്‍ ഹാരി ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്. സഹോദരങ്ങള്‍ തമ്മിലുള്ള അസ്വാരസ്യത്തിന്റെ രൂക്ഷത എത്രത്തോളമുണ്ടായിരുന്നു എന്ന് ആളുകള്‍ മനസിലാക്കിയതെന്ന് ഹാരിയുടെ ഈ തുറന്നെഴുത്തിലൂടെയാണ്. ഇത് വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്തു.
രാജകീയ പദവികള്‍ ഉപേക്ഷിച്ച് യുഎസിലെ കാലിഫോര്‍ണിയയിലാണ് ഹാരി ഇപ്പോള്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. പിതാവായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ രാജാവായി കിരീടം ചൂടിയപ്പോള്‍ ചടങ്ങിന് സാക്ഷിയാകാന്‍ ഹാരി മാത്രമാണ് എത്തിയത്. ഭാര്യ മേഗന്‍ മെര്‍ക്കലും മക്കളും കൂടെയുണ്ടായിരുന്നില്ല. ചടങ്ങിനിടെ മൂത്ത സഹോദരന്‍ വില്ല്യമുമായി ഹാരി സംസാരിച്ചില്ലെന്നും അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജകുടുംബാഗങ്ങള്‍ക്ക് നല്‍കുന്ന ഔദ്യോഗിക പങ്കാളിത്തവും ചടങ്ങില്‍ ഹാരിക്ക് നല്‍കിയിരുന്നില്ല.
Content Highlights: prince harry opens up on cruel claims that king charles isnt his real father
Published: 14 Jun 2023, 10:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented