ജപ്പാനിലെ യുണിസെക്സ് സലൂണുകളിലും ഗ്രൂമിങ് ക്ലിനിക്കുകളിലും കുറച്ചുനാളായി പുരുഷന്മാരുടെ തിരക്കാണ്. കൊടും വേനലിനെ പ്രതിരോധിക്കാൻ സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും ഡ്രസ് കോഡുകളിൽ ഇളവ് വരുത്തിയതാണ് ഈ തിരക്കിന് പിന്നിലെ കാരണം. അതിനുകാരണമായതോ പുരുഷന്മാരുടെ കാലിലെ രോമവും! സംഗതി വലിയൊരു സാമൂഹിക ചർച്ചയായി മാറിയതോടെ, വിവാദങ്ങൾക്കൊപ്പം പുതിയൊരു വാക്കും അവിടെ പിറവിയെടുത്തു, ‘സുനെഹര’! കാലിലെ രോമം മൂലമുള്ള അസ്വസ്ഥത എന്നാണ് ഈ വാക്കിന്റെ അർഥം. സംഗതി എന്തായാലും സോഷ്യൽ മീഡിയയിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ചർച്ചയായിക്കഴിഞ്ഞു.

To advertise here,

ടോക്കിയോ മെട്രോപൊളിറ്റൻ ഗവൺമെന്റും സ്വകാര്യ സ്ഥാപനങ്ങളും ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ ഷോർട്‌സുകളും ടി-ഷർട്ടുകളും ധരിച്ചെത്താൻ അനുമതി നൽകിയതാണ് വിവാദങ്ങളുടെ തുടക്കം.

ഡ്രസ് കോഡിലെ മാറ്റം, തൊഴിലിടത്തിൽ പുതിയൊരു സൗന്ദര്യബോധവും ലിംഗപരമായ വിവേചനത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നുവരാൻ കാരണമായി. ചില സ്ത്രീകൾ പുരുഷന്മാരുടെ കാലിലെ രോമങ്ങൾ അസ്വസ്ഥയുണ്ടാക്കുന്നത് ചൂണ്ടിക്കാണിക്കാൻ സുനെഹര എന്ന വാക്ക് സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുകയും ചെയ്തു. കാലിന്റെ താഴ്ഭാഗം എന്നർത്ഥം വരുന്ന 'സുനെ' എന്ന വാക്കും, അസ്വസ്ഥത/ഉപദ്രവം എന്നർത്ഥം വരുന്ന 'ഹരാസ്മെന്റ്'എന്ന വാക്കും കൂട്ടിച്ചേർത്താണ് ഈ പദം രൂപപ്പെടുത്തിയത്. സംഗതി ആകെ ചർച്ചയായതോടെ പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കാതിരിക്കാനും തൊഴിൽ മര്യാദ പാലിക്കാനുമായി പുരുഷന്മാർ ലേസർ ഹെയർ റിമൂവലിനും വാക്‌സിങ്ങിനുമായി ഗ്രൂമിങ് ക്ലിനിക്കുകളിലേക്കും ബ്യൂട്ടി സലൂണുകളിലേക്കും ഒഴുകിയെത്തുകയാണ്.

കൂൾ ബിസ് പദ്ധതി

ജപ്പാനിലെ കടുത്ത വേനൽക്കാലത്ത് എയർ കണ്ടീഷണറുകളുടെ ഉപയോഗം കുറയ്ക്കാനും ഊർജ്ജ ഉപഭോഗം നിയന്ത്രിക്കാനുമായി 2005-ൽ അന്നത്തെ പരിസ്ഥിതി മന്ത്രിയും നിലവിലെ ടോക്കിയോ ഗവർണറുമായ യുറിക്കോ കൊയ്ക്കെ ആവിഷ്‌കരിച്ച നയമാണ് 'കൂൾ ബിസ്'. 2011ലെ തോകോക്കു ഭൂകമ്പത്തിനും സുനാമിക്കും ശേഷം ഊർജ്ജക്ഷാമം രൂക്ഷമായപ്പോൾ ഈ നയം സൂപ്പർ കൂൾ ബിസ് എന്ന പേരിലേക്ക് കൂടുതൽ വിപുലീകരിക്കപ്പെട്ടു.

പാരമ്പര്യമായി കറുത്ത സ്യൂട്ടും ടൈയും ധരിച്ച് ഓഫീസുകളിലെത്തുന്ന ജാപ്പനീസ് കോർപ്പറേറ്റ് സംസ്‌കാരത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങളാണ് കൂൾ ബിസ് കൊണ്ടുവന്നത്. ടൈ ഒഴിവാക്കാനും ഹാഫ് സ്ലീവ് ഷർട്ടുകൾ ധരിക്കാനും തുടക്കത്തിൽ നൽകിയ അനുവാദം, കഴിഞ്ഞ ഏപ്രിൽ മാസത്തോടെ ടോക്കിയോ സർക്കാർ കൂടുതൽ ഉദാരമാക്കി. ജീവനക്കാർക്ക് കാഷ്വൽ ടി-ഷർട്ടുകൾ, സ്‌നീക്കറുകൾ, ഷോർട്‌സുകൾ എന്നിവ ധരിച്ച് ജോലിക്കെത്താം എന്ന് ടോക്കിയോ ഗവർണർ പ്രഖ്യാപിച്ചു.

'കഠിനമായ ചൂടിൽ ജനങ്ങൾക്ക് വസ്ത്രധാരണത്തിൽ കൂടുതൽ സ്വാതന്ത്ര്യവും ബദൽ വഴികളും നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വസ്ത്രധാരണം മറ്റുള്ളവർക്ക് ആക്ഷേപകരമോ അസ്വസ്ഥതയുണ്ടാക്കുന്നതോ ആകാതിരുന്നാൽ മാത്രം മതി.' ടോക്കിയോ ഗവൺമെന്റിലെ പരിസ്ഥിതി വിഭാഗം ഉദ്യോഗസ്ഥനായ നോബോറു വതനാബെ ഇതേക്കുറിച്ച് ബിബിസിക്ക് നൽകിയ പ്രതികരണം ഇങ്ങനെയായിരുന്നു. എന്നാൽ, നിർദ്ദേശം നടപ്പിലാക്കി ആഴ്ചകൾക്കകം സംഗതി പുരുഷന്മാരുടെ കാലിലെ രോമത്തിന്റെ പേരിൽ വലിയ ചർച്ചയായി.

വർക്ക് ഏരിയകളിലും കോപ്പി മെഷീനുകൾക്ക് മുന്നിലും ഭക്ഷണം കഴിക്കുന്ന മേശകൾക്കരികിലും കൈയും കാലും മടക്കിവെച്ച് ജോലി ചെയ്യുന്ന പുരുഷന്മാരുടെ രോമാവൃതമായ കാലുകൾ കാണുന്നത് തങ്ങൾക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് നിരവധി വനിതാ ജീവനക്കാർ പരാതിപ്പെടാൻ തുടങ്ങി. ഔദ്യോഗിക അന്തരീക്ഷത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ വൃത്തിഹീനമായി വളർന്നുനിൽക്കുന്ന രോമങ്ങൾ കാണുന്നത് മാനസികമായ പ്രയാസമുണ്ടാക്കുന്നുവെന്നായിരുന്നു ഇവരുടെ വാദം. ഇതോടെയാണ് 'ലെഗ് ഹെയർ ഹരാസ്‌മെന്റ്' ജപ്പാനിലെ പ്രധാന ചർച്ചയായി മാറിയത്.

ഈ വിഷയം കേവലം പുരുഷന്മാരുടെ കാലിലെ രോമത്തിൽ ഒതുങ്ങുന്നതല്ലത്രേ. തൊഴിലിടങ്ങളിലെ ലിംഗവിവേചനത്തെക്കുറിച്ചുള്ള കടുത്ത വിമർശനങ്ങൾ ഇതിന് പിറകേ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ചൂട് ഉയരുമ്പോഴും വനിതാ ജീവനക്കാർ ഓഫീസുകളിൽ ഫുൾ ടൈറ്റ്സുകൾ ധരിക്കണമെന്ന സമ്മർദം ഉണ്ടെന്ന് പറയപ്പെടുന്നു. സ്ത്രീകൾ അവരുടെ കാലുകൾ പൂർണ്ണമായും മറയ്ക്കണമെന്നും, ശരീരരോമങ്ങൾ കൃത്യമായി നീക്കം ചെയ്യണമെന്നും ശഠിക്കുന്ന ജാപ്പനീസ് കോർപ്പറേറ്റ് ലോകം, പുരുഷന്മാർക്ക് മാത്രം ഷോർട്‌സ് ധരിക്കാനുള്ള സ്വാതന്ത്ര്യം നൽകിയത് ഇരട്ടത്താപ്പാണെന്നാണ് വാദം. സ്ത്രീകൾക്ക് സൗന്ദര്യസംരക്ഷണത്തിനും രോമനിർമാർജ്ജനത്തിനുമായി വലിയ തുക ചെലവഴിക്കേണ്ടിവരുമ്പോൾ പുരുഷന്മാർ യാതൊരു നിയന്ത്രണവുമില്ലാതെ പൊതുവിടങ്ങളിൽ വരുന്നത് വിവേചനമാണെന്നും പറയുന്നു.

സർവേ ഫലങ്ങളും പുരുഷന്മാരുടെ മാനസിക സമ്മർദ്ദവും

പുരുഷന്മാരുടെ സൗന്ദര്യവർദ്ധക ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന ഗൊറില്ല ക്ലിനിക്ക് ഇതുസംബന്ധിച്ച് പഠനം തന്നെ നടത്തി. സർവേയിൽ പങ്കെടുത്തവരിൽ 53.5 ശതമാനം പേരും ഓഫീസുകളിൽ പുരുഷന്മാർ ഷോർട്‌സ് ധരിക്കുന്നതിനെ എതിർത്തപ്പോൾ, 46.5 ശതമാനം പേരാണ് ഇതിനെ പിന്തുണച്ചത്. സർവേയിൽ എതിർത്തവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു എന്നത് ശ്രദ്ധേയമാണ്. കാലുകളുടെ ആകൃതിയും അതിലെ രോമങ്ങളുമാണ് എതിർപ്പിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. സംഗതി എന്തായാലും പുരുഷന്മാരിൽ വലിയ അപകർഷതാബോധവും മാനസിക സമ്മർദ്ദവും ഉണ്ടാക്കിയിട്ടുണ്ട്. സഹപ്രവർത്തകരുടെ മുന്നിൽ തങ്ങൾ അരോചകമായി മാറും എന്ന ഭയം പലരെയും സ്വയം നിയന്ത്രിക്കാൻ നിർബന്ധിതരാക്കി.

'പൂർണ്ണമായും സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്കായി മാത്രമല്ല ഇപ്പോൾ പുരുഷന്മാർ ഞങ്ങളെ സമീപിക്കുന്നത്. ഷോർട്‌സ് ധരിക്കുമ്പോൾ പാലിക്കേണ്ട ഒരു സാമൂഹിക മര്യാദ ആയിട്ടാണ് പലരും ലേസർ ട്രീറ്റ്മെന്റുകളെ കാണുന്നത്. പുരുഷന്മാരുടെ കാലിലെ രോമം സ്ത്രീകൾക്ക് അറപ്പുണ്ടാക്കുന്നുവെന്ന പൊതുബോധം ശക്തമായതോടെ ക്ലിനിക്കുകളിൽ എത്തുന്നവരുടെ എണ്ണം കുത്തനെ കൂടി'; ഗൊറില്ല ക്ലിനിക്കിന്റെ ഡയറക്ടറായ ഡോ. അക്കിഫുമി ഫുനാത്സു പറയുന്നു.

ഗ്രൂമിങ് വ്യവസായത്തിൽ കുതിച്ചുചാട്ടം

'സുനെഹര' തരംഗം ജപ്പാനിലെ മെയിൽ ഗ്രൂമിങ് വ്യവസായത്തിന് നൽകിയത് അവിശ്വസനീയമായ കുതിച്ചുചാട്ടമാണ്. മുൻപ് പെൺകുട്ടികളും വസ്ത്രധാരണത്തിൽ കടുത്ത ശ്രദ്ധ പുലർത്തുന്ന യുവാക്കളും മാത്രം ആശ്രയിച്ചിരുന്ന ക്ലിനിക്കുകളിൽ ഇന്ന് മധ്യവയസ്‌കരായ കോർപ്പറേറ്റ് ഉദ്യോഗസ്ഥരും എത്തുന്നു. മാസങ്ങളോളം നീണ്ടുനിൽക്കുന്നതും പൂർണ്ണമായും രോമം നീക്കം ചെയ്യുന്നതുമായ ലേസർ ചികിത്സകൾക്ക് ആവശ്യക്കാർ ഏറെയാണ്.രോമം പൂർണ്ണമായി കളയാൻ ആഗ്രഹിക്കാത്തവർ അത് വെട്ടി ഒതുക്കാനും തിക്‌നസ്സ് കുറയ്ക്കാനുമുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നു.ഹോം ട്രിമ്മറുകൾ, ഹെയർ റിമൂവൽ ക്രീമുകൾ, വാക്‌സിങ് സ്ട്രിപ്പുകൾ എന്നിവയുടെ വിൽപ്പനയിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും ആധുനിക സംസ്‌കാരവും

ജാപ്പനീസ് ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഏജൻസിയുടെ കണക്കനുസരിച്ച്, ജൂലൈ ആദ്യവാരങ്ങളിൽ മാത്രം അയ്യായിരത്തിലധികം ആളുകളാണ് സൂര്യാഘാതവും നിർജ്ജലീകരണവും മൂലം ആശുപത്രിയിലായത്. കഠിനമായ ഇത്തരം കാലാവസ്ഥയിൽ ജീവൻ രക്ഷിക്കാനും അധ്വാനശേഷി നിലനിർത്താനും വസ്ത്രധാരണത്തിൽ ഇളവുകൾ അത്യാവശ്യമാണ്.എന്നാൽ, വസ്ത്രങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ മാത്രം പോരെന്നും, അതോടൊപ്പം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സൗന്ദര്യസങ്കൽപ്പങ്ങളിലും തൊഴിലിടങ്ങളിലെ മര്യാദകളിലും പരസ്പര ബഹുമാനത്തോടെയുള്ള മാറ്റങ്ങൾ അനിവാര്യമാണെന്നുമാണ് 'സുനെഹര' വിവാദം പറഞ്ഞുവയ്ക്കുന്നത്.