കാഞ്ഞിരപ്പള്ളി : മണ്ണനാനിയിലെ കലുങ്കിന്റെ നിർമാണം പൂർത്തിയാക്കിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും റോഡ് തുറക്കാത്തതിനാൽ യാത്രാദുരിതം തുടരുന്നു. സെപ്റ്റംബർ മൂന്നിനാണ് കലുങ്കിന്റെ കോൺക്രീറ്റിങ് നടത്തിയത്. 25 ദിവസം വരെ കാലാവധി കഴിഞ്ഞശേഷം ഒരു വശത്തുകൂടിയെങ്കിലും ഗതാഗതം സാധ്യമാക്കുമെന്നാണ് അറിയിച്ചത്. എന്നാൽ സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർത്തിയാകാത്തതിനാൽ നിലവിൽ കലുങ്കും റോഡുമായി ചേരുന്ന ഭാഗത്ത് മണ്ണിട്ട് നികത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ മേയ്‌ 19-ന് അടച്ച റോഡിലൂടെയുള്ള ഗതാഗത നിരോധനം അഞ്ച് മാസമായി തുടരുന്നു. കാഞ്ഞിരപ്പള്ളി-മണിമല റോഡിലോടുന്ന ബസുകളും ചെറുവാഹനങ്ങളും കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്.

To advertise here,

മണിമല റോഡിൽ കുരിശുങ്കലിനു സമീപം ബൈപ്പാസിന്റെ മേൽപ്പാലത്തിന്റെ തൂണുകൾ നിർമിക്കുന്നതിനാൽ ഇതുവഴി ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. ബസുകൾ കാഞ്ഞിരപ്പള്ളിയിൽനിന്ന് കുന്നുംഭാഗത്തെത്തി മണിമല റോഡിൽ പ്രവേശിച്ച് ചിറക്കടവ് മൂന്നാം മൈലിൽനിന്ന് തിരിഞ്ഞ് തെക്കേത്തുകവല എസ്.വി.ആർ. എൻ.എസ്.എസ്. സ്‌കൂളിന് സമീപമെത്തി മണിമല-പൊൻകുന്നം റോഡിൽ പ്രവേശിച്ചാണ് മണിമലയ്ക്ക് പോകുന്നത്. മൂന്നാം മൈൽ മുതൽ മണ്ണനാനി വരെയുള്ള ഭാഗത്തെ യാത്രക്കാർ ഏറെ ദൂരം നടന്നുവേണം ബസ് സ്‌റ്റോപ്പിലേക്കെത്താൻ.ചെറുവാഹനങ്ങൾ, മെറ്റൽ നിരത്തി ടാറങ്ങിനായി സജ്ജമാക്കിയ സ്ഥലത്തുകൂടിയാണ് യാത്ര ചെയ്യേണ്ടത്. റോഡ് മണ്ഡലകാലത്തിനുമുൻപ് റോഡ് തുറന്നുനൽകുമെന്നാണ്‌ റോണി കെ. ബേബി എം.എൽ.എ. അറിയിച്ചിരിക്കുന്നത്. എന്നാൽ ടാറിങ്ങിന്റെ ജോലികൾ ഇതുവരെ ആരംഭിച്ചിട്ടുമില്ല. സംരക്ഷണഭിത്തിയുടെ കോൺക്രീറ്റിങ് ഉടൻ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ജനങ്ങളോടുള്ള അനീതി

:പ്രദേശവാസികളോടും ഈ റോഡ് ഉപയോഗിക്കുന്ന യാത്രക്കാരോടുമുള്ള അനീതിയാണിത്. കലുങ്ക് നിർമാണശേഷം ഒരു വശമെങ്കിലും തുറന്നുനൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും റോഡ് തുറന്നുനൽകിയില്ല. ഇപ്പോൾ മണിമലയിലെത്താൻ ചുറ്റിസഞ്ചരിക്കണം. ശബരിമല തീർഥാടനകാലത്ത് നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന പാതയാണ്. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.

-ലാജി തോമസ് മാടത്താനിക്കുന്നേൽ, പ്രദേശവാസി