
ഒരുകാട്ടിൽ ദുഷ്ടനായ ഒരു ആനയുണ്ടായിരുന്നു. ജില്ലൻ എന്നായിരുന്നു അവന്റെ പേര്. കാട്ടിലെ മറ്റുമൃഗങ്ങളെയെല്ലാം നേരിട്ടും അല്ലാതെയും ഉപദ്രവിക്കുന്നതാണ് ജില്ലനാനയുടെ വിനോദം.
ഒരിക്കൽ ഒരു കുരുവി മുട്ടയിട്ട് കുട്ടികളെ വിരിയിക്കാനായി മരച്ചില്ലയിൽ കൂടുണ്ടാക്കി. മുട്ടകളിട്ട് കുരുവി അതിനുമുകളിൽ അടയിരുന്നു. മുട്ടകൾ വിരിയാൻ ഇനി കുറച്ചുദിവസങ്ങൾകൂടി മതി. തന്റെ കുഞ്ഞുങ്ങൾ പുറത്തുവരുന്നതും സ്വപ്നംകണ്ട് കുരുവി കൂട്ടിൽ അടയിരുന്നു.
അപ്പോഴാണ് ജില്ലനാന തൊട്ടടുത്തുള്ളകുളത്തിൽനിന്ന് വെള്ളംകുടിക്കാൻ അതുവഴി വന്നത്. വഴിയിലുള്ള മരങ്ങളെല്ലാം പിഴുതെറിഞ്ഞും ചില്ലകൾ ഒടിച്ച് വലിച്ചെറിഞ്ഞുമാണ് അവന്റെ വരവ്.
ജില്ലന്റെ വരവുകണ്ട് കുരുവി തന്റെ കൂട്ടിനുവെളിയിൽ വന്നിട്ട് പറഞ്ഞു: ''ആനച്ചേട്ടാ, ഈ മരച്ചില്ലയിലെ കൂട്ടിലുള്ള എന്റെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരാറായി. ഈ മരവും അതിന്റെ ചില്ലകളും ഒടിക്കല്ലേ.''
എന്നാൽ ഇതുവല്ലതുമുണ്ടോ ജില്ലനാന കേൾക്കുന്നു. ജില്ലനാന കൂടുള്ള മരച്ചില്ലതന്നെ തുമ്പിക്കൈനീട്ടി ഒടിച്ചെടുത്തു. എന്നിട്ട് ദൂരേക്ക് വലിച്ചെറിഞ്ഞു. ദൂരെച്ചെന്നുവീണ മരച്ചില്ലയിലെ കൂട്ടിലുണ്ടായിരുന്ന മുട്ടകളെല്ലാം പൊട്ടി. വിരിഞ്ഞുവരാറായ കുഞ്ഞുങ്ങളെല്ലാം ചത്തുപോയി. ഇതുകണ്ട് അമ്മക്കുരുവി നെഞ്ചുപൊട്ടിക്കരഞ്ഞു. ഇതൊന്നും കണ്ട ഭാവമില്ലാതെ ജില്ലനാന അഹങ്കാരത്തോടെ മുന്നോട്ട് നടന്നുപോയി.
അമ്മക്കുരുവിയുടെ കരച്ചിൽ കേട്ട് ഒരു മരംകൊത്തി പാഞ്ഞെത്തി കാര്യം തിരക്കി. കുരുവി ഉണ്ടായകാര്യങ്ങൾ പറഞ്ഞു. മരംകൊത്തി അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: ''നമുക്ക് ഇങ്ങനെ കരയുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. അവൻ ഈ കാട്ടിലെ വമ്പനാ. അവനോട് നമുക്കെങ്ങനെ എതിരിടാനാവും.''
''അത് ശരിതന്നെ. പക്ഷേ, ആ ആനകാരണം എന്റെ കുഞ്ഞുങ്ങളെല്ലാം ചത്തുപോയി. നീ എന്നെ സഹായിക്കുമെങ്കിൽ ഞാൻ ആ ആനയോട് പകരം ചോദിക്കും.'' കുരുവി പറഞ്ഞു.
''ശരി. ഞാൻ നിന്നോടൊപ്പമുണ്ടാവും.'' മരംകൊത്തി സമ്മതിച്ചു.
അങ്ങനെ കുരുവി, മരംകൊത്തിയേയുംകൊണ്ട് തന്റെ കൂട്ടുകാരിയായ ഈച്ചയുടെ അടുത്തെത്തി. ഈച്ചയോട് അവർ കാര്യം വിശദീകരിച്ചു.
''നമുക്ക് ആനയോട് പ്രതികാരം ചെയ്യാം. അതിന് നമ്മൾമാത്രം വിചാരിച്ചാൽ പോരാ. എന്റെ ചങ്ങാതിയായ ഒരു തവളയുണ്ട്. അവനെക്കണ്ട് കാര്യം പറയാം.'' അവർ തവളയുടെ അടുത്തെത്തി കാര്യം പറഞ്ഞു.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ തവള പറഞ്ഞു: ''ആന നമ്മെക്കാളൊക്കെ വമ്പനാ. നമ്മൾ ഓരോരുത്തരും ഒറ്റയ്ക്കുപോയി അവനെ തോല്പിക്കാൻ പറ്റില്ല. എന്നാൽ നമ്മൾ ഒരുമിച്ചുനിന്നാൽ പലതും ചെയ്യാനാവും. എനിക്കൊരു പദ്ധതി മനസ്സിൽ തോന്നുന്നുണ്ട്.'' തവള തന്റെ പദ്ധതി എല്ലാവരോടുമായി പറഞ്ഞു.
പിറ്റേന്ന് നട്ടുച്ചനേരം. ആന പതിവുപോലെ വെള്ളം കുടിക്കാനായി വരുകയാണ്. ഈ സമയം തവള ഈച്ചയെ ആംഗ്യം കാണിച്ചു. ഉടൻ ഈച്ച പറന്നുചെന്ന് ആനയുടെ ചെവിയിൽകയറി ഉച്ചത്തിൽ മൂളി. ഈച്ചയുടെ മൂളൽ അസഹനീയമായതോടെ ആന തന്റെ ഇരുകണ്ണുകളും അടച്ചു. ഈ തക്കംനോക്കി മരംകൊത്തി പാഞ്ഞുവന്ന് ആനയുടെ രണ്ടുകണ്ണുകളും കുത്തിപ്പൊട്ടിച്ചു. വേദനകൊണ്ട് ആന പുളഞ്ഞ് നിലവിളിച്ചു. ഒപ്പം അവന്റെ കാഴ്ചയും നഷ്ടമായി. വേദനയും ദാഹവും കൊണ്ട് അസ്വസ്ഥനായ ആന അവിടെനിന്ന് വട്ടം കറങ്ങി. കാഴ്ചയില്ലാത്തതിനാൽ താൻ എന്നും വെള്ളം കുടിക്കുന്ന കുളത്തിനടുത്തേക്കുള്ള വഴി കണ്ടുപിടിക്കാനും അവന് കഴിഞ്ഞില്ല.
ഈ സമയം തവള എന്തുചെയ്‌തെന്നോ? അടുത്തുള്ള ഒരു പൊട്ടക്കിണറിന്റെ കരയിൽ ചെന്നിരുന്ന് ''ക്രോം, ക്രോം...' എന്ന് കരയാൻ തുടങ്ങി. കുളത്തിൽനിന്നാണ് തവള കരയുന്നതെന്ന് ആന കരുതി. അവൻ തവളയുടെ കരച്ചിൽ കേൾക്കുന്ന ദിക്ക് ലക്ഷ്യമാക്കി നടന്നു. കണ്ണുകാണാതെ തപ്പിത്തപ്പിനടന്ന ആന ആ പൊട്ടക്കിണറ്റിലേക്ക് കാലുതെറ്റിവീണു. അതോടെ ആ ദുഷ്ടന്റെ കഥയും കഴിഞ്ഞു.
ബുദ്ധിയും ഒത്തൊരുമയും ഉണ്ടെങ്കിൽ ഏതുവമ്പനേയും തറപറ്റിക്കാൻ കഴിയും എന്നാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്.
Content Highlights: a simple moral story for kids
Published: 22 Mar 2025, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented