സുൽത്താൻ ബത്തേരി: പനിയും ഛർദിയും വയറളിക്കവും പടർന്നതിനിടെ ചികിത്സയിലുണ്ടായിരുന്ന കോളിയാടി മാർ ബസേലിയോസ് എ.യു.പി. സ്‌കൂളിലെ മൂന്നുറിലധികം കുട്ടികളിൽ രണ്ടുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആശങ്കയിൽ ബത്തേരി. രോഗം ഭേദമായി ആശുപത്രിവിട്ട കുട്ടികളുടെ രക്ഷിതാക്കളുൾപ്പെടെ വീണ്ടും പ്രയാസത്തിലായി. സ്‌കൂളിലും കുട്ടികളിൽ കൂടുതൽപ്പേർ ചികിത്സയിലുള്ള ബത്തേരി താലൂക്ക് ആശുപത്രിയിലും വിവരമറിഞ്ഞതിനുപിന്നാലെ ഒട്ടേറെപ്പേരാണ് എത്തിയത്. പലരും വൈകാരികമായാണ് പ്രതികരിച്ചത്.

To advertise here,

ഇതുവരെ രോഗബാധിതരായത് 339 കുട്ടികളാണ്. ഇതിൽ 59 കുട്ടികളാണ് തിങ്കളാഴ്ച ആശുപത്രികളിൽ കിടത്തിച്ചികിത്സയിലുള്ളത്. ഇതിൽ ഒൻപതുകുട്ടികളെ തിങ്കളാഴ്ചയാണ് രോഗബാധിതരായി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ 21 പേരാണ് കിടത്തിച്ചികിത്സയിലുള്ളത്. ഞായറാഴ്ച 48 പേരുണ്ടായിരുന്നു. സ്വകാര്യാശുപത്രികളായ അസംപ്ഷൻ-11, വിനായക-10, മാർട്ടിൻ-10, മറീന-അഞ്ച്, വിക്ടറി-രണ്ട് എന്നിങ്ങനെയാണ് കിടത്തിച്ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം. സമാനരോഗലക്ഷണങ്ങളോടെയാണ് കുട്ടികളെല്ലാം ചികിത്സതേടിയത്.

എന്നാൽ, ആരുടെയും സ്ഥിതി ആശങ്കപ്പെടേണ്ടതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച കിടത്തിച്ചികിത്സയിൽ ഉണ്ടായിരുന്നതിൽ അൻപതോളം കുട്ടികൾ അസുഖം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.

മെഡിക്കൽ കോളേജിൽ നിന്നെത്തിയ ശിശുരോഗവിദഗ്ധരടങ്ങിയ സംഘം ഇപ്പോഴും പകർച്ചവ്യാധിവ്യാപന പ്രദേശത്ത് തുടരുന്നുണ്ട്. രോഗബാധയുണ്ടായ കുട്ടികളിൽ ചിലരിൽ വിസർജ്യത്തോടൊപ്പം രക്തംപോയപ്പോൾത്തന്നെ പ്രതിരോധമരുന്നുകൾ ഉൾപ്പെടെ കൊടുത്തുതുടങ്ങിയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കുട്ടി ഇടപഴകിയ വീട്ടിലുള്ളവർക്ക് പകരാനുള്ള സാധ്യതയുണ്ടെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വിവരമറിഞ്ഞ് അധ്യാപകർക്കും ആരോഗ്യപ്രവർത്തകർക്കും തദ്ദേശസ്ഥാപന അധികൃതർക്കും ഒട്ടേറെ ഫോൺവിളികളെത്തിയിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നൂറോളംപേർ പുതിയതായി ചികിത്സയ്‌ക്കെത്തിയെങ്കിലും തിങ്കളാഴ്ച ആകെ അഞ്ചുപേരാണ് വന്നതെന്നതും അൻപതോളം പേർ ആശുപത്രി വിട്ടതിന്റെയും ആശ്വാസത്തിലായിരുന്നു രക്ഷിതാക്കളും സ്‌കൂൾ അധികൃതരും. വൈകീട്ടോടെ ഷിഗെല്ല സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയിലേക്കാണ് അന്തരീക്ഷംമാറിയത്. ഭൂരിഭാഗം കുട്ടികളെയും സ്‌കൂൾ അധികൃതർ ബന്ധപ്പെട്ട് വിവരങ്ങൾ ആരായുന്നുണ്ട്.

എന്താണ് ഷിഗെല്ല രോഗം?

ഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം, ഛർദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാറുകൾ സൃഷ്ടിക്കുകയുംചെയ്യുന്നു. മറ്റ് വയറിളക്കരോഗങ്ങളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് പടർന്നുപിടിക്കാൻ സാധ്യതയുള്ള ഒന്നായതിനാൽ പ്രത്യേക ജാഗ്രത പുലർത്തണം.

ലക്ഷണങ്ങൾ

ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമായേക്കാം.

  • കടുത്തപനിയോടുകൂടിയ വയറിളക്കം.
  • മലത്തിൽ രക്തം, കഫം എന്നിവ കാണപ്പെടുക.
  • കടുത്ത വയറുവേദനയും വയറു കോച്ചിപ്പിടിത്തവും.
  • ഓക്കാനം, ഛർദി.
  • കടുത്ത ക്ഷീണം, ശരീരവേദന.
  • എപ്പോഴും മലവിസർജനം നടത്താനുള്ള അമിതമായ തോന്നൽ

പകരുന്നവിധം

  • രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് പ്രധാനമായും രോഗംപകരുന്നത്.
  • രോഗിയുടെ വിസർജ്യത്തിൽ നിന്നുള്ള ബാക്ടീരിയകൾ മറ്റൊരാളുടെ ഉള്ളിൽ എത്തുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്.
  • വ്യക്തിശുചിത്വം പാലിക്കാത്തതുവഴിയും രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗംപകരാം.
  • തുറസ്സായ സ്ഥലങ്ങളിലെ വിസർജനത്തിലൂടെ ഈച്ചകളും മറ്റും വഴി ബാക്ടീരിയ ഭക്ഷണത്തിലും കുടിവെള്ളത്തിലും എത്തുമ്പോഴും അണുബാധ ഉണ്ടാകാം.

പ്രതിരോധമാർഗങ്ങൾ

  • ആഹാരംപാകം ചെയ്യുന്നതിന് മുൻപും ഭക്ഷണം കഴിക്കുന്നതിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
  • തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കാൻ ഉപയോഗിക്കുക.
  • ഭക്ഷണം എപ്പോഴും അടച്ചു സൂക്ഷിക്കുക. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുക.
  • പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
  • രോഗലക്ഷണങ്ങളുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗികൾക്ക് പ്രത്യേക ശൗചാലയ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ശ്രദ്ധിക്കുക.
  • രോഗലക്ഷണങ്ങളുള്ള ആളുകളുടെ വ്യക്തിഗതസാധനങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കുക
  • കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ സുരക്ഷിതമായരീതിയിൽ മാത്രം സംസ്‌കരിക്കുക.
  • വ്യക്തിശുചിത്വവും ഭക്ഷണ-കുടിവെള്ള ശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കുക. തുറസ്സായ സ്ഥലങ്ങളിൽ മലവിസർജനം നടത്താതിരിക്കുക.

നടപടി സ്വീകരിക്കാൻ നഗരസഭ

തിങ്കളാഴ്ച മന്ത്രിമാരുൾപ്പെടെ ചേരുന്ന ഉന്നതതല യോഗത്തിനുശേഷം ഷിഗെല്ല പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് ബത്തേരി നഗരസഭാധ്യക്ഷ റസീന അബ്ദുൾഖാദർ പറഞ്ഞു. സ്‌കൂളുകളിൽ കുട്ടികൾക്ക് ഭക്ഷണം പാകംചെയ്യുന്നതിനുള്ള പാത്രങ്ങൾ, ഭക്ഷണസാധനങ്ങൾ എന്നിവ അണുമുക്തമാണെന്ന് പാചകത്തിന് മുൻപും വിതരണത്തിനും മുൻപും ഉറപ്പുവരുത്തണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു.