മൈസൂരു : ‘‘സംഗീതമാണ് മഹാ ഔഷധം... സംഗീതമെന്നപോലെ ആരോഗ്യവും പരിപാലിക്കണം. ഇതായിരുന്നു ജാനകിയമ്മ എപ്പോഴും പറയാറുള്ളത്.’’- മൈസൂരുവിലെ ആയുർമഠം ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്താറുള്ള ജാനകിയുടെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഡോ. മനു ബി. മേനാൻ. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ജാനകിയുടെ ആരോഗ്യം കാക്കുന്ന പ്രിയപ്പെട്ട ഡോക്ടറാണ് ഗുരുവായൂർ സ്വദേശിയായ മനു. “ ആരോഗ്യത്തിന്റെ കാര്യത്തിൽ ജാനകിയമ്മയ്ക്ക് അതീവ ശ്രദ്ധയായിരുന്നു’’- ഡോ. മനു പറയുന്നു. 

To advertise here,

ദിനചര്യകളും ഭക്ഷണ രീതിയും പ്രായത്തിനും ആരോഗ്യത്തിനും അനുസൃതമായേ പാലിക്കാറുള്ളൂ. മനുവിന്റെ മൈസൂരുവിലെ ആയുർമഠം ആയുർവേദ ആശുപത്രിയിലാണ് പതിവായി ആയുർവേദ ചികിത്സയ്ക്കെത്താറുള്ളത്.

പച്ചക്കറി ഭക്ഷണം മാത്രമാണ് പതിവ്. അതും എരിവും എണ്ണയും കുറവായിരിക്കണമെന്ന് അവർക്ക് നിർബന്ധമുണ്ടെന്ന് മനു പറയുന്നു. ജന്മനാടായ ആന്ധ്രാശൈലിയിലുള്ള ഭക്ഷണമാണ് വീട്ടിൽ പതിവ്. എന്നാൽ, കേരള ഭക്ഷണത്തോടും പ്രിയമേറെയാണ്. അവിയൽ, പച്ചടി, സാമ്പാർ എന്നിവ ഇഷ്ടഭക്ഷണമാണ്. എന്നും രാവിലെ കുളികഴിഞ്ഞാൽ ഏറെനേരം പ്രാർഥന. അതിനുശേഷമേ ഭക്ഷണം കഴിക്കുള്ളൂ. ചികിത്സയ്ക്കെത്തിയാൽ മനുവിന് ഇഷ്ടപ്പെട്ട കീർത്തനങ്ങളും പാട്ടുകളും പാടികേൾപ്പിക്കും.

ഡോക്ടറെന്നതിലുപരി ഗായികയുടെ എറ്റവും അടുത്ത കുടുംബസുഹൃത്തു കൂടിയാണ് മനു. ഇവരുടെ മകൻ മുരളീ കൃഷ്ണയുമായി ഡോക്ടർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

കുറച്ചുമാസങ്ങളായി കേൾവിക്കും കാഴ്ചയ്ക്കും അല്പം ബുദ്ധിമുട്ട് ഒഴിച്ചാൽ വാർധക്യസഹജമായ ബുദ്ധിമുട്ട് അലട്ടിയിട്ടില്ല. എന്നാൽ, ജനുവരിയിൽ മകൻ മരിച്ചതോടെ മാനസികമായും ശാരീരികമായും ആകെ തകർന്നു. മകന്റെ വേർപാട് തീർത്ത ഹൃദയ വേദനയോടെയാണ് ജാനകിയമ്മ യാത്രയായതെന്ന് മനു പറയുന്നു.