കൊച്ചി: പുതുതായി വികസിപ്പിച്ച കാൻസർ വാക്സിൻ അർബുദം തടയാനല്ല, മറിച്ച് ഒരിക്കൽ കാൻസർ ബാധിതരായവരിൽ രോഗം വീണ്ടും വരുന്നത് തടയാനാണ് ലക്ഷ്യമിടുന്നതെന്ന് കേരള സ്റ്റേറ്റ് ഐഎംഎ റിസർച്ച് സെൽ കൺവീനറും ഐഎംഎ കൊച്ചിൻ സയന്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ. രാജീവ് ജയദേവൻ. കൊച്ചിയിലെ ലെ മെറിഡിയനിൽ നടന്ന ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റിയുടെ (ജിഐഒഎസ്) രണ്ടാമത് വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാൻസർ ചികിത്സ രംഗത്ത് കൈവരിച്ച പുരോഗതികളെ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ഡോ. രാജീവ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ വാക്സിൻ, ആരോഗ്യവാന്മാരിൽ കാൻസർ പ്രതിരോധത്തിനായി രൂപകൽപ്പന ചെയ്തിട്ടില്ല. പകരം, രോഗിയുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ, മുമ്പ് ബാധിച്ച പ്രത്യേക ഇനം കാൻസറിന്റെ കോശങ്ങളെ തിരിച്ചറിയാനും, അങ്ങനെ പിന്നീട് അത് വീണ്ടും വന്നാൽ ഇല്ലാതാക്കാനും പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇത് ഇമ്യൂണോതെറാപ്പിയുടെ ഭാഗമായി വരുന്ന വ്യക്തിഗത നിയോ ആന്റിജൻ തെറാപ്പി ആണെന്നും ഡോ. രാജീവ് ജയദേവൻ വിശദീകരിച്ചു. വിവരാധിക്യവും ചിന്താശേഷിക്കുറവുമാണ് ആധുനിക ചികിത്സ രംഗം നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനം, ആഗോള തലത്തിൽ വർധിച്ചുവരുന്ന വൻകുടൽ അർബുദത്തെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾക്കാണ് ഊന്നൽ നൽകിയത്. വ്യക്തിഗത ചികിത്സയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി, കോൺഫറൻസ് ഓർഗനൈസിങ് സെക്രട്ടറിയും ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. അരുണ്‍ ആർ. വാരിയർ സംസാരിച്ചു. കാൻസർ ചികിത്സ രംഗം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ഓരോ രോഗിക്കും അനുയോജ്യമായ രീതിയിലുള്ള ചികിത്സ നൽകുക ആരോഗ്യപ്രവർത്തകരുടെ കടമയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്നതിനായി, മൂന്നു ദിവസത്തെ സമ്മേളനത്തിൽ ഇരുന്നൂറിലധികം ഓങ്കോളജിസ്റ്റുകൾ, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ, മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവർ ഒന്നിച്ചിട്ടുണ്ട്. ദേശീയവും അന്തർദേശീയവുമായ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ശസ്ത്രക്രിയയില്ലാത്ത ചികിത്സാ മാർഗങ്ങളെക്കുറിച്ചുള്ള പ്രത്യേക സെഷനുമുണ്ടായിരുന്നു.
സമ്മേളനത്തോടനുബന്ധിച്ച്, റോട്ടറി കൊച്ചി ഡൗൺടൗൺ, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി ആസ്ഥാനമായ ഓസ്റ്റമി സപ്പോർട്ട് ഗ്രൂപ്പായ ഓസ്റ്റോം എന്നിവയുടെ സഹകരണത്തോടെ ഞായറാഴ്ച 'ജീവിതശൈലി ബോധവത്ക്കരണ പരിപാടി' നടക്കും. സൂംബ സെഷനോടെയാണ് പരിപാടി തുടങ്ങുക. തുടർന്ന്, ആരോഗ്യം, ആരോഗ്യകരമായ ഭക്ഷണശീലം, കാൻസർ രോഗികളുടെ ജീവിതനിലവാരം എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകളുമുണ്ടാകും.
ദഹനനാളത്തിലെ കാൻസറുകളെക്കുറിച്ചുള്ള ബോധവത്ക്കരണവും ചികിത്സയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രൊഫഷണൽ സംഘടനയാണ് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി (ജിഐഒഎസ്).
കേരള സ്റ്റേറ്റ് ഐഎംഎ റിസർച്ച് സെൽ കൺവീനറും, ഐഎംഎ കൊച്ചിൻ സയന്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ. രാജീവ് ജയദേവൻ , ജിഐഒഎസ് വൈസ് പ്രസിഡന്റ് ഡോ. റീന എഞ്ചിനീയർ, ജിഐഒഎസ് സെക്രട്ടറി ഡോ. രാഹുൽ കൃഷ്ണട്രി, ജിഐഒഎസ് 2025 ഓർഗനൈസിങ് സെക്രട്ടറിയും, കൊച്ചി ആസ്റ്റർ മെഡ്സിറ്റി, മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. അരുണ്‍ ആർ. വാരിയർ, ജിഐഒഎസ് 2025 ശാസ്ത്രസമിതി ചെയർ, ലിസി ആശുപത്രിയിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റുമായ ഡോ. അരുണ്‍ ലാൽ, രാജഗിരി ആശുപത്രിയിലെ സീനിയർ ഗാസ്ട്രോഎൻററോളജിസ്റ്റ് ഡോ. ഫിലിപ്പ് ഓഗസ്റ്റിൻ, എം.വി.ആർ കാൻസർ സെന്റർ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാരിയർ, എ.ആർ.ഒ.ഐ – നാഷണൽ പ്രസിഡന്റ് ഇലക്ട് ഡോ. സി. എസ്. മാധു, ഐ.സി.എം.ആർ–എൻ.സി.ഡി.ഐ.ആർ ഡയറക്ടർ ഡോ. പ്രശാന്ത് മാതൂർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
Content Highlights: New Cancer Vaccine Targets Recurrence, Not Prevention: Kochi Conference Highlight
Published: 13 Sept 2025, 05:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented