തിരുവനന്തപുരം: ആക്കുളം അലത്തറ ആഷിയാനയിൽ ഡോ. എസ്. തങ്കം രാധാകൃഷ്ണന്റെ കുടുംബത്തിൽ ഡോക്ടർമാരുടെ എണ്ണം 23. മൂന്നാം തലമുറയിലെ രണ്ട് എം.ബി.ബി.എസ്. വിദ്യാർഥികളെക്കൂടി ചേർത്താൽ എണ്ണം 25 ആകും. കാരക്കോണം മുതൽ അമേരിക്ക വരെ നീളുന്നു, ഈ കുടുംബത്തിന്റെ വൈദ്യസേവനം.

To advertise here,

വൈക്കം പുളിഞ്ചോട് ഇടമന വീട്ടിൽ വൈദ്യപാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തിലാണ് ഡോ. തങ്കം ജനിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്ന് ബിരുദവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് എം.ഡി.യും നേടി. ഭർത്താവ് ബിസിനസ്സുകാരനായിരുന്ന രാധാകൃഷ്ണൻനായർ 40 കൊല്ലം മുൻപ് അന്തരിച്ചു. 84-ാം വയസ്സിലും രാവിലെ പി.എം.ജി. ആനടിയിൽ ആശുപത്രിയിലും ഉച്ചയ്ക്കുശേഷം ക്രെഡൻസ് ആശുപത്രിയിലും ജനറൽ ഫിസിഷ്യനായി ഡോ. തങ്കം ജോലി ചെയ്യുന്നു. മകൻ ഡോ. അരുൺ വട്ടപ്പാറ എസ്.യു.ടി. മെഡിക്കൽ കോളേജിലെ വൈസ് പ്രിൻസിപ്പലാണ്. അരുണിന്റെ ഭാര്യ ഡോ. ലെയ്‌സ എസ്.പി. ഫോർട്ട് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലാണ്. മകൾ ഡോ. ആശാലത ശ്രീചിത്രയിൽ ന്യൂറോവിഭാഗം മേധാവിയും ഭർത്താവ് ഡോ. പ്രകാശ് പി.ആർ.എസ്. ആശുപത്രിയിൽ കാർഡിയോളജിസ്റ്റുമാണ്.

തിരുവനന്തപുരം കണ്ണാശുപത്രിയിലെ മുൻ ജോയിന്റ് ഡയറക്ടർ ഡോ. സുശീല ഡോ. തങ്കത്തിന്റെ സഹോദരിയാണ്. സുശീലയുടെ ഭർത്താവ് ഡോ. രാമകൃഷ്ണൻ കിംസ് ആശുപത്രിയിലെ കാർഡിയോളജിസ്റ്റും. ഇവരുടെ മക്കളായ ഡോ. അശോക് മെഡിക്കൽ കോളേജിൽ ഓർത്തോവിഭാഗത്തിലും ഡോ. ഹരി രാമകൃഷ്ണൻ കാരക്കോണം മെഡിക്കൽ കോളേജിൽ ഒഫ്‌താൽമോളജിസ്റ്റുമാണ്. അശോകിന്റെ ഭാര്യ ഡോ. മീര കിംസിൽ കാർഡിയോളജിസ്റ്റാണ്. ഹരിയുടെ ഭാര്യ ഡോ. ഗായത്രി നന്ദകുമാർ കിംസിൽ പീഡിയാട്രിക് ന്യൂറോളജിയിൽ പ്രവർത്തിക്കുന്നു. ഹരിയുടെ മകൻ മുകുന്ദനാണ് മൂന്നാം തലമുറയിൽ മെഡിസിന് പഠിക്കുന്നത്. ഡോ. തങ്കത്തിന്റെ സഹോദരൻ ഡോ. സുരേഷ്‌കുമാറും പീഡിയോട്രിക് കാർഡിയോളജിസ്റ്റാണ്. അമ്മാവന്റെ രണ്ടു മക്കളും ഭർത്താക്കന്മാരും യു.എസിൽ ഡോക്ടർമാരാണ്.

ഡോ. തങ്കത്തിന്റെ ഇളയമ്മയുടെ മക്കളും വിവിധ സ്ഥലങ്ങളിൽ ഡോക്ടർമാരായി ജോലി ചെയ്യുന്നു. ഇത്രയുമാകുമ്പോൾ ഈ കുടുംബത്തിലെ 23 എണ്ണമെന്ന വൈദ്യവൃത്തം പൂർത്തിയാകും. പുതുതലമുറ ഐ.ടി. മേഖലയിലേക്ക്‌ നീങ്ങുന്നതുകൊണ്ട്‌ വൈദ്യപാരമ്പര്യത്തിന്റെ ശൃംഖല മുറിയുന്നതിലെ വേദനയും ഡോ. തങ്കം പങ്കുവെച്ചു.