കല്ലറ: കല്ലറക്കാരുടെ സ്വന്തം ഡോക്ടർ കല്ലറ വരിപ്പള്ളിൽ ഡോ. വി.കെ. രാധാമണി 70-ാം വയസ്സിലും 24 മണിക്കൂറും സേവന സന്നദ്ധയാണ്. കല്ലറയിൽ ഡോക്ടർ സ്വന്തമായി നടത്തുന്ന ക്ലിനിക്കിൽ തന്നെയാണ് താമസം.

To advertise here,

28-ാമത്തെ വയസ്സിൽ 1984 ഏപ്രിൽ 25-ന് കല്ലറ പഴയപള്ളിക്ക്‌ സമീപമുള്ള കെട്ടിടത്തിലാണ് ബിന്ദു നഴ്‌സിങ് ഹോം എന്നപേരിൽ ഡോക്ടർ സ്വന്തമായി ക്ലിനിക് തുടങ്ങിയത്. പിന്നീട് കല്ലറ നീരൊഴുക്കിൽ കവലയ്ക്ക് സമീപമുള്ള കെട്ടിടത്തിലേക്ക് ക്ലിനിക് മാറ്റി. കഴിഞ്ഞ 42 വർഷമായി കല്ലറക്കാർക്ക് ഏതുസമയത്തും ഓടിയെത്താവുന്ന ക്ലിനിക്കാണിത്.

എം.ബി.ബി.എസ്. പഠനകാലത്ത് പ്രസവശുശ്രൂഷയും സ്ത്രീസംബന്ധമായ അസുഖങ്ങളും കൈകാര്യം ചെയ്യുന്ന ഡോക്ടാറാവാനായിരുന്നു ആഗ്രഹം. എം.ബി.ബി.എസ്. പഠനംനടത്തിയ കോട്ടയം മെഡിക്കൽ കോളേജിൽ അധ്യാപികയായി ജോലി ലഭിച്ചെങ്കിലും ഗ്രാമീണ മേഖലയിൽ തൊഴിൽ ചെയ്യാനായിരുന്നു ഡോക്ടർക്ക് ഇഷ്ടം.

25-ാം വയസിൽ 1981-ൽ കല്ലറയിൽ വിവാഹം കഴിച്ചെത്തിയശേഷം പെരുന്തുരുത്തിൽ സഹകരണആശുപത്രിയിലും വീട്ടിലുമായി പ്രാക്ടീസ് തുടങ്ങി. ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ സാഹചര്യം ഇല്ലാതിരുന്ന സമയത്ത് 1982-ൽ വെച്ചൂരിലെ കൊടുതുരുത്ത് മറ്റം പാടശേഖരത്തുള്ള വീട്ടിലെത്തി പ്രസവശുശ്രൂഷ നടത്തിയെന്നതാണ് ആദ്യത്തെ വെല്ലുവിളിനേരിട്ട അനുഭവം. 16 വർഷങ്ങൾക്കുമുമ്പ് കല്ലറ സ്വദേശിയായ ഉദയംതറ ഗോപിനാഥനെ പാടത്ത് ജോലിചെയ്യുന്നതിനിടെ കുഴഞ്ഞുവീണതാണെന്ന് പറഞ്ഞ് നാട്ടുകാർ ക്ലിനിക്കിലെത്തിച്ചു. പരിശോധിച്ചപ്പോൾ പക്ഷാഘാതമാണെന്ന് മനസ്സിലായി. ഹൃദയാഘാതവും പക്ഷാഘാതവും ഒരുമിച്ചുവന്ന അദ്ദേഹത്തെ മരുന്നുകൾ നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. പിന്നീട് ഒൻപത് വർഷങ്ങൾക്കുശേഷമാണ് ഗോപിനാഥൻ മരിച്ചത്. ക്ലിനിക്കിൽ ഡോക്ടറെ കൂടാതെ 14 ജീവനക്കാരുണ്ട്.

കല്ലറയ്ക്ക് ചുറ്റുമുള്ള ഏഴ് പഞ്ചായത്തുകളിൽനിന്നായി പ്രതിദിനം 110 മുതൽ 150 വരെ രോഗികൾ എത്തുന്നുണ്ട്. ഏഴ് കിടക്കയുള്ള ക്ലിനിക്കാണിത്. കഴിഞ്ഞ 42 വർഷത്തിനിടെ അരലക്ഷത്തിലധികം രോഗികളെ ചികിത്സിച്ചിട്ടുണ്ട്. വീടുകളിൽ പോയും പാലിയേറ്റീവ് കെയർ പ്രവർത്തനവും നടത്തുന്നുണ്ട്.

ഭർത്താവ്: പരേതനായ വി.വി. ഭാസ്‌ക്കരൻ (റിട്ട.അധ്യാപകൻ). മക്കൾ: ഡോ. ബിന്ദു വി.ഭാസ്‌കർ (അസി. പ്രൊഫസർ, ഡെന്റൽ കോളേജ്, കോട്ടയം), ഡോ. ബിനുലാൽ വി.ഭാസ്‌കർ(ഫിസിഷ്യൻ, പയ്യന്നൂർ താലൂക്ക് ആശുപത്രി).