ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യശാസ്ത്ര ലോകത്തിന് കേരളം നൽകിയ മഹത്തായ സംഭാവനയാണ് ഡോ. എം എസ് വല്യത്താൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

To advertise here,

പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്ര ചികിത്സാ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ടുപോയ ജനകീയ ഭിഷഗ്വരനായിരുന്നു അദ്ദേഹം. ആധുനിക വൈദ്യശാസ്ത്രത്തിൽ അവഗാഹം ഉണ്ടായിരിക്കെത്തന്നെ ആയുർവേദ വൈദ്യശാസ്ത്രം പഠിക്കാനും അതിൽകൂടി ഗവേഷണം നടത്താനും ഡോ. എം.എസ് വല്യത്താൻ നടത്തിയ ശ്രമങ്ങൾ സമൂഹത്തിന്റെ പൊതുവായ ആരോഗ്യ പരിരക്ഷാരംഗത്തിന്റെ സാധ്യതകളെല്ലാം വിനിയോഗിക്കേണ്ടതുണ്ട് എന്ന നിശ്ചയത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
‌
നേതൃപദവിയിൽ ഇരുന്ന് ശ്രീചിത്തിര തിരുനാൾ ആശുപത്രിയെ ഉത്തരോത്തരം വളർത്തിയ വ്യക്തിയായിരുന്നു. ഹൃദയ സംബന്ധമായ ചികിത്സയ്ക്കാവശ്യമായ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും വികസിപ്പിച്ചു. ഡിസ്പോസിബിൾ ബ്ലഡ് ബാഗ്, തദ്ദേശീയമായി കുറഞ്ഞ ചെലവിൽ ഹൃദയവാൾവ് എന്നിവ വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന് നേതൃപരമായ പങ്കുണ്ടായിരുന്നു.-മുഖ്യമന്ത്രി പറഞ്ഞു.

ലഗസി ഓഫ് ചരക, ലഗസി ഓഫ് സുശ്രുത, ലഗസി ഓഫ് വാഗ്ഭട എന്നിങ്ങനെ വിശിഷ്ടങ്ങളായ മൂന്നു കൃതികൾ ആയുർവേദ ശാസ്ത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായുണ്ട്. ആയുർവേദത്തിന്റെ സാധ്യതകൾ സാധാരണക്കാർക്ക് മനസ്സിലാകണം എന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ടതാണ് ഈ കൃതികൾ.

പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയവ മുതൽ അമേരിക്കയിൽ നിന്നും ഫ്രാൻസിൽ നിന്നുമടക്കമുള്ള അംഗീകാരങ്ങൾ വരെ അദ്ദേഹത്തെ തേടിയെത്തി. മണിപ്പാലിലടക്കം ഡോ. എം.എസ് വല്യത്താൻ നടത്തിയ സേവനങ്ങൾ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ രാത്രി (ബുധനാഴ്ച) മണിപ്പാലിൽ വച്ചായിരുന്നു ഡോ. എം.എസ് വല്യത്താന്‍ അന്തരിച്ചത്. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിയുടെ ആദ്യ വി.സിയുമായിരുന്നു.

ശ്രീചിത്രയിലെ ഡയറക്ടറായി സ്ഥാനമേറ്റതിനു പിന്നാലെ കൃത്രിമ വാൽവുകളുടെ നിർമാണ പ്രക്രിയയിൽ ഡോ. വല്യത്താൻ വഹിച്ച പങ്ക് വളരെവലുതാണ്. വിദേശത്തുനിന്ന് വലിയ പണംമുടക്കി വാങ്ങിയിരുന്ന വാൽവുകൾ ശ്രീചിത്രയിൽ തന്നെ കുറഞ്ഞവിലയിൽ നിർമിക്കാനുള്ള അദ്ദേ​ഹത്തിന്റെ ശ്രമം വിജയംകണ്ടു. ഇരുപതുവർഷത്തെ ശ്രീചിത്രയിലെ സേവനത്തിനുശേഷം മണിപ്പാൽ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി സ്ഥാനമേറ്റു. 1999 വരെ ഈ പദവിയിൽ തുടർന്നിരുന്നു. 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടിയതിനുശേഷമാണ് ഡോ. എം.എസ്. വല്യത്താൻ ആതുരസേവനരം​ഗത്തേക്ക് കടന്നത്. ലിവർപൂൾ സർവകലാശാലയിൽ നിന്ന് ശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദം നേടി. ജോൺസ് ഹോപ്കിൻസ്, ജോർജ് വാഷിങ്ടൺ, ജോർജ്ടൗൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് ഹൃദയ ശസ്ത്രക്രിയയിൽ കൂടുതൽ പരിശീലനം നേടിയ ശേഷം 1972-ൽ ഇന്ത്യയിലേക്ക് തിരികെയെത്തി. അന്നത്തെ  മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് കെട്ടിപ്പടുത്തതാണ് ഇന്ന് രാജ്യത്തിനാകെത്തന്നെ അഭിമാനമായ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്. 

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ