തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലുകളെടുക്കണം. മലിനമായ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്നും ഇത്തരം കുളങ്ങളില്‍ കുളിക്കുന്നവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖ അടുത്തിടെ രാജ്യത്ത് ആദ്യമായി പുറത്തിറക്കിയിരുന്നു. ഈ മാര്‍ഗരേഖ അനുസരിച്ചായിരിക്കും ചികിത്സ. രോഗം സംബന്ധിച്ച അവബോധം ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
വയനാട് ഉരുള്‍പൊട്ടല്‍, അമീബിക്ക് മസ്തിഷ്‌ക ജ്വരം എന്നിവയുടെ സാഹചര്യത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. തിരുവനന്തപുരത്ത് മരണമടഞ്ഞയാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 3 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗികളെല്ലാം പായല്‍ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയില്‍ സമ്പര്‍ക്കമുണ്ടായ ആള്‍ക്കാരാണ്.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്.
ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കണം.
എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും മന്ത്രി നിർദേശിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ചെളിയിലോ ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കേണ്ടതാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ഡെങ്കിപ്പനി കേസുകളില്‍ കുറവ് വന്നിട്ടുള്ളതായും ആരോഗ്യവകുപ്പ് വിലയിരുത്തി. ആശുപത്രികളില്‍ മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.
എന്താണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്?
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആളുകളിൽ അപൂർവമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠനഫലങ്ങളും വളരെ കുറവാണ്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത സുഷിരങ്ങൾ വഴി ബാധിക്കുന്നു. മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
രോഗലക്ഷണങ്ങൾ
രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽനിന്നു സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നതുവഴിയാണ് രോഗനിർണയം നടത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.
പ്രതിരോധ നടപടികൾ
കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ആയതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീർച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്ത നീന്തൽ കുളങ്ങളിൽ കുട്ടികൾ കുളിക്കുന്നത് കൊണ്ട് പ്രശ്നമില്ല.
Content Highlights: amoebic meningoencephalitis reported in trivandrum
Published: 05 Aug 2024, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented