എഥിലീൻ ഗ്ലൈക്കോൾ (EG) കലർന്ന Almont-Kid Syrup ഉപയോഗം നിർത്താൻ തെലങ്കാന ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ (DCA) നിർദേശം നൽകി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) മരുന്നിന്റെ സാമ്പിൾ പരിശോധിച്ചതിന് ശേഷമാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എല്ലാ സിറപ്പുകളിലും ഡൈഎഥിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ എന്നിവയുടെ പരിശോധന അധികൃതർ കർശനമാക്കിയിട്ടുണ്ട്. കുട്ടികളിൽ മൂക്കൊലിപ്പ്, തുമ്മൽ, ചൊറിച്ചിൽ, വീക്കം, കഫക്കെട്ട് തുടങ്ങിയ അലർജി ലക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നാണ് Almont-Kid Syrup.

To advertise here,

Almont-Kid Syrup-ന്റെ ഉപയോഗം ഉടനടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. തങ്ങളുടെ കൈവശമുള്ള സ്റ്റോക്കിനെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്. റീട്ടെയിലർമാർ, മൊത്തവ്യാപാരികൾ, വിതരണക്കാർ, ആശുപത്രികൾ എന്നിവർക്കെല്ലാം മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളോടും മരുന്ന് കൈവശമുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്താണ് എത്തിലീൻ ഗ്ലൈക്കോൾ?

നിറവും ഗന്ധവുമില്ലാത്ത ഒരു ദ്രാവകമാണ് എത്തിലീൻ ഗ്ലൈക്കോൾ. സാധാരണയായി ആന്റിഫ്രീസ്, ഡീ-ഐസിങ്ങ് ലായനികൾ എന്നിവയിൽ ഇവ ഉപയോഗിക്കാറുണ്ട്. 

എഥിലീൻ ഗ്ലൈക്കോൾ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് എഥിലീൻ ഗ്ലൈക്കോൾ വിഷബാധ ഉണ്ടാകുന്നത്. ശരീരത്തിലെത്തിയതിന് ശേഷം 30 മിനിറ്റ് മുതൽ 12 മണിക്കൂറിനുള്ളിൽ തലകറക്കം, വ്യക്തമല്ലാത്ത സംസാരം, ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം.

12–36 മണിക്കൂറിനുള്ളിൽ വിഷബാധ കൂടുതൽ ഗുരുതരമാകുന്നു. ഈ ഘട്ടത്തിൽ എഥിലീൻ ഗ്ലൈക്കോൾ ഗ്ലൈക്കോളിക് ആസിഡ് പോലുള്ള വിഷവസ്തുക്കളായി മാറുന്നു. ഇത് വേഗതയേറിയ ഹൃദയമിടിപ്പ്, പേശിവേദന, ഹൃദയസ്തംഭനം എന്നിവയ്ക്ക് കാരണമാകാം. കൃത്യമായ വൈദ്യസഹായം ലഭിക്കാത്ത പക്ഷം അവസ്ഥ അതീവ ഗുരുതരമാകും.

അടുത്ത 36–72 മണിക്കൂറിനുള്ളിൽ ഓക്സലേറ്റ് ക്രിസ്റ്റലുകൾ രൂപപ്പെടുന്നതിനാൽ വിഷബാധ വൃക്കകളെയും ബാധിച്ചേക്കാം.

എങ്ങനെയാണ് എത്തിലീൻ ഗ്ലൈക്കോൾ ആരോഗ്യത്തെ ബാധിക്കുന്നത്?

  • തലച്ചോറിനും നാഡീവ്യൂഹത്തിനും കേടുപാടുകൾ.
  • ഹൃദയത്തിനും ശ്വാസകോശത്തിനും ആരോഗ്യപ്രശ്നം.
  • വൃക്കകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നം.
  • അവയവങ്ങൾക്ക് ദീർഘകാലമോ സ്ഥിരമോ ആയ തകരാറുകൾ.