കേരളത്തിൽ വർധിച്ചുവരുന്ന പാർക്കിൻസൺസ് ഉൾപ്പെടെയുള്ള മസ്തിഷ്ക രോഗങ്ങളെ പ്രതിരോധിക്കാൻ നാം സജ്ജരാകേണ്ടതുണ്ട്. ഉയർന്ന ആയുർദൈർഘ്യവും മാറുന്ന ജീവിതശൈലിയും മസ്തിഷ്ക രോഗങ്ങളുടെ വർധനയ്ക്ക് പ്രധാന കാരണങ്ങളാണ്. ഈ വെല്ലുവിളി നേരിടാൻ ഒരുങ്ങേണ്ടതിനെക്കുറിച്ച് യു.എസ്.എ.യിലെ സെയ്ന്റ് ലൂയിസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ന്യൂറോളജി വിഭാഗത്തിലെ മൂവ്മെന്റ് ഡിസോർഡേഴ്സ് ഫാക്കൽറ്റിയും പിലിക്കോട് സ്വദേശിയുമായ ഡോ. പി.സി. സുധീർകുമാർ വിശദീകരിക്കുന്നു
ജൂലായ് 22 ലോക മസ്തിഷ്ക ദിനമായിരുന്നു. കേരളത്തിന്റെ ആരോഗ്യരംഗം ഒരു നിർണായക ഘട്ടത്തിലൂടെയാണിപ്പോൾ കടന്നുപോകുന്നത്, ഭാവിയിൽ കേരളം ഏറ്റവും കൂടുതൽ അഭിമുഖീകരിക്കേണ്ട നാഡീരോഗങ്ങളിലൊന്നായ പാർക്കിൻസൺ രോഗത്തെയും ആരോഗ്യ ആസൂത്രണത്തിന്റെ ഭാഗമാക്കേണ്ടത് അനിവാര്യമാണ്.
കേരളം ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വാർധക്യത്തിലേക്ക് നീങ്ങുന്ന സംസ്ഥാനങ്ങളിലൊന്നാണ്. ശരാശരി ആയുസ്സ് ഉയരുകയും ജനനനിരക്ക് കുറയുകയും ചെയ്യുമ്പോൾ പാർക്കിൻസൺ രോഗികളുടെ എണ്ണവും കൂടും. അതിനാൽ ചോദിക്കേണ്ടത് ‘രോഗം വർധിക്കുമോ?’ എന്നതല്ല, ‘അതിനെ നേരിടാൻ കേരളം തയ്യാറാണോ?’ എന്നതാണ്.
ഒന്നിനും കണക്കില്ല
പാർക്കിൻസൺ രോഗം രോഗിയെയും കുടുംബത്തെയും ദീർഘകാലം ബാധിക്കുന്ന ഒരു ന്യൂറോഡീജനറേറ്റീവ് രോഗമാണ്. സംസ്ഥാനത്തെ ന്യൂറോളജി ക്ലിനിക്കുകളിൽ രോഗികളുടെ എണ്ണം കൂടുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിലും രോഗവ്യാപന കണക്കുകളോ രജിസ്ട്രിയോ ഇല്ല. അളക്കാൻ കഴിയാത്ത ഒരു രോഗത്തിന് ഫലപ്രദമായ നയം രൂപപ്പെടുത്താനാകില്ല.
പാർക്കിൻസൺ രോഗത്തെ സമഗ്ര ആരോഗ്യനയത്തിന്റെ ഭാഗമായാണ് കാണേണ്ടത്. മരുന്ന് മാത്രം മതിയാകില്ല; നേരത്തെയുള്ള രോഗനിർണയം, പുനരധിവാസം, കുടുംബപിന്തുണ, പൊതുജന ബോധവൽക്കരണം എന്നിവയും പ്രധാനമാണ്.
രാജ്യത്തു നടന്ന ‘ഗ്യാപ്-ഇന്ത്യ’ ഉൾപ്പെടെയുള്ള പഠനങ്ങൾ പാർക്കിൻസൺ രോഗം പലപ്പോഴും തൊഴിൽജീവിതത്തിന്റെ മധ്യഘട്ടത്തിൽ തന്നെ ആരംഭിക്കാമെന്നും ഇന്ത്യൻ സാഹചര്യത്തിന് പ്രത്യേകമായ ഗവേഷണത്തിന്റെ ആവശ്യകതയുണ്ടെന്നും വ്യക്തമാക്കുന്നു. അതിനാൽ കേരളം സ്വന്തം ശാസ്ത്രീയ വിവരശേഖരണവും രോഗവ്യാപന പഠനങ്ങളും ആരംഭിക്കേണ്ടതുണ്ട്. ഇവിടെ നിലവിലുള്ള മികച്ച അടിസ്ഥാന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം. 2026-ൽ പ്രഖ്യാപിച്ച കേരള സർക്കാർ–കിങ്സ് കോളേജ് ലണ്ടൻ സഹകരണവും പുതിയ സാധ്യതകൾ തുറക്കുന്നു.
പാർക്കിൻസൺ രജിസ്ട്രി
സംസ്ഥാനതല പാർക്കിൻസൺ രജിസ്ട്രി സ്ഥാപിക്കുകയും, തിരഞ്ഞെടുത്ത ജില്ലകളിൽ രോഗവ്യാപന പഠനങ്ങൾ ആരംഭിക്കുകയും വേണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും രോഗം നേരത്തെ തിരിച്ചറിയാനുള്ള പരിശീലനം നൽകുകയും ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്ക്യുപേഷണൽ തെറാപ്പി, മാനസികാരോഗ്യ പിന്തുണ എന്നിവ ഉൾപ്പെടുന്ന പുനരധിവാസ സേവനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യണം. രോഗിയോടൊപ്പം പരിചരിക്കുന്ന കുടുംബാംഗങ്ങളെയും ആരോഗ്യനയത്തിന്റെ കേന്ദ്രത്തിൽ കാണേണ്ടതുണ്ട്.
Content Highlights: Kerala's aging population is leading to an increase in neurodegenerative diseases like Parkinson's., Lack of official patient registries hinders effective health policy formulation., Need for early diagnosis, specialized rehabilitation, and family support systems
Published: 23 Jul 2026, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented