
ഫ്രഞ്ച് സൈനിക ഡോക്ടറായ ചാൾസ് ലൂയിസ് അൽഫോൺസ് ലാവെറൻ ആണ് മലേറിയക്ക് കാരണം പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവയാണെന്ന് 1880-ൽ ആദ്യമായി കണ്ടെത്തിയത്. ഈ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ അനോഫിലസ് കൊതുകുകൾ വഴി മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. രോഗം ബാധിച്ചാൽ കഠിനമായ വിറയലോടുകൂടിയ പനി, തലവേദന, ശരീരവേദന, ഛർദി അമിതമായ വിയർപ്പ് എന്നിവ രോഗിക്ക് അനുഭവപ്പെടും. ഈ രോഗാണുക്കൾ കരളിലെത്തി രക്തകോശങ്ങളെ നശിപ്പിക്കുന്നത് വിളർച്ചയ്ക്കും കടുത്ത തളർച്ചയ്ക്കും കാരണമാകും. രോഗബാധിതനായ ഒരാളെ കടിച്ച കൊതുക് മറ്റൊരാളെ കടിക്കുന്നത് വഴിയാണ് ഈ അസുഖം പ്രധാനമായും പകരുന്നത്. രക്തദാനത്തിലൂടെയും, ഗർഭിണിയിൽ നിന്ന് കുഞ്ഞിലേക്കും ഈ രോഗം പകരാം.
മലേറിയയെ പൂർണ്ണമായും തുടച്ചുനീക്കുന്ന ലക്ഷ്യത്തിലേക്ക് ലോകം അടുക്കുന്നു എന്നതാണ് ഈ വർഷത്തെ ലോക മലേറിയ ദിനാചരണം നമ്മളെ ഓർമ്മപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി 2027-ഓടെ തദ്ദേശീയമായ രോഗവ്യാപനം പൂർണമായും തടയുക, 2030-ഓടെ മലേറിയ മുക്ത ഭാരതം കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യങ്ങളിലേക്കാണ് നമ്മുടെ രാജ്യം ചുവടുവെക്കുന്നത്.
പ്രധാനമന്ത്രി തന്റെ മൻ കി ബാത്ത് പ്രഭാഷണത്തിൽ പറഞ്ഞതുപോലെ മലേറിയക്കെതിരെയുള്ള പോരാട്ടം ഒരു ജനകീയ മുന്നേറ്റമായി മാറണം. ഗ്രാസ് റൂട്ട് തലത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളും കൃത്യസമയത്തുള്ള ചികിത്സയും വഴി മാത്രമേ മലേറിയ മുക്ത ഭാരതം സാധ്യമാക്കാൻ കഴിയൂ. എന്നാൽ ഇത് അത്ര ലളിതമല്ല. കൊതുകുനാശിനികളോടുള്ള പ്രതിരോധശേഷി വർധിക്കുന്നത്, മലേറിയ മരുന്നുകളെ അതിജീവിക്കാൻ കഴിവുള്ള രോഗാണുക്കൾ ശക്തി ആർജ്ജിക്കുന്നതും നമ്മുടെ മുന്നിൽ തടസ്സമായി നിൽക്കുന്ന വെല്ലുവിളികളാണ്.
എന്നാൽ അനവധി പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മലേറിയ കേസുകളുടെ എണ്ണത്തിലും മരണ നിരക്കിലും 80 ശതമാനത്തിലധികം കുറവ് വന്നിട്ടുണ്ട്. ഇത് ഇന്ത്യയെ പോലെ അതിവിസ്തൃതവും ഉയർന്ന ജനസംഖ്യയുള്ളതുമായ രാജ്യത്തെ സംബന്ധിച്ച് വളരെ വലിയ നേട്ടമാണ്. ഈ നേട്ടത്തിന്റെ ഫലമായാണ് ലോകാരോഗ്യ സംഘടനയുടെ മലേറിയ ബാധിത രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യ പുറത്തുവന്നത്. .
മലേറിയ പ്രതിരോധിക്കാൻ എന്താണ് മാർഗം?
കൊതുകുകൾ വഴിയാണ് പകരുന്നത് എന്നതുകൊണ്ടുതന്നെ മറ്റു പല അസുഖങ്ങളെയും പോലെ തന്നെ കൊതുകുനശീകരണം തന്നെയാണ് മലേറിയ തടയാൻ ഏറ്റവും ഫലപ്രദമായ മാർഗം. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക വീടിനു ചുറ്റും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക, കൊതുകു വലകൾ ഉപയോഗിക്കുക. ജാഗ്രതയാണ് മലേറിയക്കെതിരെയുള്ള ഈ പോരാട്ടത്തിൽ നമ്മുടെ ഏറ്റവും വലിയ ആയുധം.
കൊച്ചി അമൃത ഹോസ്പിറ്റലിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടറാണ് ലേഖകൻ.
Content Highlights: Understanding Malaria: Causes, Symptoms, and Expert Prevention
Published: 25 Apr 2026, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented