
കോവിഡ് വ്യാപനം നിയന്ത്രിക്കാന് തീവ്രശ്രമങ്ങള് നടക്കുന്നതിനിടെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന് ജൂണ് ഒന്നുമുതല് തന്നെ കേരള സര്ക്കാര് ഓണ്ലൈന് ക്ലാസുകള് തുടങ്ങിക്കഴിഞ്ഞു. സ്മാര്ട്ട്ഫോണുകളും ടാബുകളും കംപ്യൂട്ടറുകളും ടി.വിയുമെല്ലാം ഇതോടെ ഒഴിവാക്കാന് സാധിക്കാത്തവയായി മാറി. കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും ഉറക്കാനും ഉപയോഗിച്ചിരുന്ന സ്മാര്ട്ട്ഫോണുകള് ഇപ്പോള് പഠനാവശ്യത്തിന് ഒഴിച്ചുകൂടാനാവാത്തതായി മാറി. പഠനത്തിന് സ്മാര്ട്ട്ഫോണ് അത്യാവശ്യമായി മാറിയെങ്കിലും കുട്ടികളുടെ കണ്ണിന്റെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണ്. അതിനാല് അക്കാര്യത്തില് നാം കൂടുതല് ശ്രദ്ധിക്കണം.
ലോകാരോഗ്യസംഘടനയുടെ നിര്ദേശങ്ങളില് പറയുന്നത് രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള് ഡിജിറ്റല് മാധ്യമങ്ങള് ഉപയോഗിക്കാന് പാടില്ലെന്നാണ്. അതിനാല് സ്മാര്ട്ട്ഫോണ് ഉള്പ്പടെയുള്ള ഡിജിറ്റല് മീഡിയകള് ആ പ്രായത്തിലുള്ള കുട്ടികള്ക്ക് ഉപയോഗിക്കാന് നല്കരുത്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്ക്ക് ദിവസം ഒരു മണിക്കൂറില് കൂടുതല് ഓണ്ലൈന് ക്ലാസുകള് ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്.
സ്മാര്ട്ട്ഫോണ് ഉപയോഗം കൂടിയാല് കണ്ണിന് സ്ട്രെയിന്
സ്മാര്ട്ട്ഫോണില് സൂക്ഷ്മമായി നോക്കിയിരിക്കുന്നതിന്റെ ദൈര്ഘ്യം കൂടുമ്പോഴാണ് കണ്ണിന് ആയാസം (സ്ട്രെയിന്) അനുഭവപ്പെടുന്നത്. ഇത് അസ്തെനോപ്പിയ എന്ന് അറിയപ്പെടുന്നു. കാഴ്ച മങ്ങല്, വസ്തുക്കളെ രണ്ടായി കാണല്, ക്ഷീണം, അകലത്തിലുള്ള കാഴ്ചകള് വ്യക്തമാവാതിരിക്കല്, തലവേദന, കണ്ണിന് വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്.
തലവേദനയും കണ്ണ് വേദനയും
സ്മാര്ട്ട്ഫോണ് ഉപയോഗം അമിതമാവുന്നു എന്നതിന്റെ പ്രധാനപ്പെട്ട ചില സൂചനകളാണ് തലവേദനയും കണ്ണുവേദനയും. ഇത് ഡിജിറ്റല് ഐ സ്ട്രെയിന് എന്ന രോഗാവസ്ഥയ്ക്ക് ഇടയാക്കും. ഡിജിറ്റല് സ്ക്രീനുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ഒരു കൂട്ടം കാഴ്ചാപ്രശ്നങ്ങളെയാണ് ഡിജിറ്റല് ഐ സ്ട്രെയിന് എന്നു പറയുന്നത്. പകല് മുഴുവന് ഓണ്ലൈന് ക്ലാസുകളില് ഇരുന്ന് അതുകഴിഞ്ഞാല് വിനോദത്തിനായി വീണ്ടും സ്മാര്ട്ട്ഫോണുകള് ഉപയോഗിക്കുന്നത് ഈ പ്രശ്നം തീവ്രമാക്കും. വെളിച്ചം അധികം ഇല്ലാത്ത സമയങ്ങളിലെ സ്മാര്ട്ട്ഫോണ് ഉപയോഗം, സ്ക്രീനും കണ്ണുകളും തമ്മില് ആരോഗ്യകരമായ അകലം പാലിക്കാത്തത്, കാഴ്ചാപ്രശ്നങ്ങള് യഥാസമയം പരിഹരിക്കാത്തത് തുടങ്ങിയവയൊക്കെ ഇതിന് കാരണമാകാം.
കണ്ണിന് അസ്വസ്ഥത, വിങ്ങല്, കണ്ണില് ചുവപ്പ്, കണ്ണില് വെള്ളം നിറയല്, തലവേദന, മങ്ങിയ കാഴ്ച, കണ്ണിന് വരള്ച്ച, അസ്വസ്ഥത എന്നിവയൊക്കെയാണ് ഈ പ്രശ്നത്തിന്റെ ലക്ഷണങ്ങള്.
പരിഹാരം
20-20-20 നിയമം: തുടര്ച്ചയായി ദീര്ഘനേരം സ്മാര്ട്ട്ഫോണ് ഉപയോഗിക്കുന്നത് കണ്ണിന് ക്ഷീണമുണ്ടാക്കും. കാഴ്ച തുടര്ച്ചയായി അടുത്ത് ഫോക്കസ് ചെയ്യുന്നത് കണ്ണിന് ആയാസം കൂട്ടും. അതിനാല് 20 മിനിറ്റ് തുടര്ച്ചയായി സ്മാര്ട്ട്ഫോണ് ഉപയോഗിച്ചാല് ഏകദേശം 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കന്ഡ് നേരം നോക്കിയിരിക്കണം. 20-20-20 നിയമം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് കണ്ണിന്റെ ആയാസം കുറയ്ക്കും.
ഡിജിറ്റല് മോണിറ്ററുകളില് ദീര്ഘനേരം നോക്കിയിരിക്കുമ്പോള് കണ്ണ് ചിമ്മുന്നതിന്റെ നിരക്ക് കുറയാറുണ്ട്. ഇടയ്ക്ക് കണ്ണുചിമ്മുകയാണ് ഇതിനുള്ള പരിഹാരം. സാധാരണമായി ഒരു മിനിറ്റില് കുറഞ്ഞത് 16 തവണയെങ്കിലും കണ്ണ് ചിമ്മണം. ഇത് കണ്ണില് ജലാംശം നിലനിര്ത്തി കണ്ണിനെ ഫ്രെഷാക്കും.
തണുത്ത വെള്ളത്തില് കണ്ണ് കഴുകുക: രക്തചംക്രമണം മെച്ചപ്പെടുത്തി നീര്ക്കെട്ടും വീര്പ്പും കുറച്ച് കണ്ണിന് സുഖം നല്കാനും ഉന്മേഷം വീണ്ടെടുക്കാനും ഇത് സഹായിക്കും.
കണ്ണിന് വരള്ച്ച
ദീര്ഘനേരം സ്മാര്ട്ട്ഫോണ് ഉപയോഗിക്കുമ്പോള് കണ്ണിലെ ജലാംശം നഷ്ടപ്പെടും. അപ്പോഴാണ് കണ്ണിന് വരള്ച്ച (Dry Eye) ഉണ്ടാകുന്നത്. എ.സി, ഫാന് എന്നിവയുടെ സാന്നിധ്യം കണ്ണിലെ ഈര്പ്പം വറ്റുന്നതിന്റെ (evaporative loss) തോത് കൂട്ടും. കണ്ണില് പുകച്ചില്, ചൊറിച്ചില്, ചുവപ്പ്, കണ്ണില് കരുകരുപ്പ്, ക്ഷീണം, വരണ്ട പോലെ തോന്നല്, മങ്ങിയ കാഴ്ച എന്നിവയാണ് ലക്ഷണങ്ങള്.
പരിഹാരം
സ്മാര്ട്ട്ഫോണ് കണ്ണിനോട് അടുപ്പിച്ച് പിടിച്ച് നോക്കുന്നതും കിടന്ന് വീഡിയോ കാണുന്നതും ഒഴിവാക്കണം. 20 മിനിറ്റ് കൂടുമ്പോഴെങ്കിലും ഇടവേളയെടുക്കണം. ഇടയ്ക്കിടെ കണ്ണ് ചിമ്മാന് മറക്കരുത്. ഡോക്ടറുടെ സഹായത്തോടെ കണ്ണിനെ ആര്ദ്രമാക്കാനുള്ള ഐ ഡ്രോപ്പുകള് ഉപയോഗിക്കുന്നതും നല്ലതാണ്. അണുബാധയോ മറ്റോ കണ്ടെത്തിയാല് എത്രയും പെട്ടെന്ന് ചികിത്സ തേടണം.
കണ്ണിലെ പേശികളുടെ ചുരുക്കം
അടുത്തുള്ള ഒരു ദൃശ്യം വ്യക്തമായി കാണാന് കണ്ണുകള് അവയുടെ പവര് സ്വയം ക്രമീകരിക്കുന്ന സംവിധാനത്തെയാണ് അക്കമഡേഷന് എന്നു പറയുന്നത്. ഒരു കാമറയിലെ ലെന്സിന്റെ പ്രവര്ത്തനം പോലെയാണിത്. അമിതമായി സ്മാര്ട്ട്ഫോണ് ഉപയോഗിക്കുന്നവരില് ചിലപ്പോള് ഈ അക്കമഡേഷന് റിലീസ് ചെയ്യാതെ കണ്ണിലെ സീലിയറി പേശികള് ചുരുങ്ങിയ അവസ്ഥയില്(സ്പാസം) തന്നെ നിലനില്ക്കും. നിരന്തര ഉപയോഗം മൂലം കണ്ണിലെ പേശികള് സ്ഥിരമായി ഇത്തരത്തില് ക്രമീകരിക്കുന്നതാണ് ഇതിന് കാരണം. ഈ അവസ്ഥയാണ് അക്കമഡേറ്റീവ് സ്പാസം.
പരിഹാരം
കൃത്യമായ അളവിലുള്ള കണ്ണട/കോണ്ടാക്റ്റ് ലെന്സ്, കാഴ്ചയെ സഹായിക്കുന്ന വ്യായാമങ്ങള് എന്നിവയാണ് പരിഹാരം. ഇതിന് ഡോക്ടറുടെ സഹായം തേടാം.
കണ്ണട വെക്കുന്ന കുട്ടികള് ചെയ്യേണ്ടത്
കാഴ്ചാവൈകല്യങ്ങളെത്തുടര്ന്ന് സ്ഥിരമായി കണ്ണട വെക്കുന്ന കുട്ടികള് ഓണ്ലൈന് ക്ലാസില് പങ്കെടുക്കുമ്പോഴും സ്മാര്ട്ട്ഫോണ് ഉപയോഗിക്കുമ്പോഴും കണ്ണട വെക്കണം. ഇല്ലെങ്കില് കാഴ്ചാപ്രശ്നങ്ങളുണ്ടാകും. വര്ഷത്തിലൊരിക്കല് ഡോക്ടറെ കണ്ട് കണ്ണ് പരിശോധിപ്പിക്കണം. ഓണ്ലൈന് ക്ലാസുകള് തുടങ്ങുന്നതിന് മുന്പായി കുട്ടികളുടെ കണ്ണ് പരിശോധിപ്പിച്ച് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കണം. ഉണ്ടെങ്കില് അത് പരിഹരിക്കാനുള്ള കാര്യങ്ങള് ചെയ്യണം.
രാത്രിയിലെ സ്മാര്ട്ട്ഫോണ് ഉപയോഗം വേണ്ട
പകല് മുഴുവനുമുള്ള ഓണ്ലൈന് ക്ലാസിന് ശേഷം സിനിമ കാണാനും ഗെയിം കളിക്കാനും വീണ്ടും സ്മാര്ട്ട്ഫോണ് ഉപയോഗിക്കുന്നത് കണ്ണിന് കൂടുതല് ദോഷം ചെയ്യും. സ്മാര്ട്ട് ഫോണുകള്, ടാബ്ലെറ്റുകള്, ലാപ്ടോപ്പുകള് എന്നിവയില് നിന്നും പുറപ്പെടുവിക്കുന്ന ബ്ലൂലൈറ്റ് (High Energy Visible) രാത്രിയില് കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കും.
അള്ട്രാവയലറ്റ് രശ്മികളെപ്പോലെ സൂര്യപ്രകാശത്തില് അടങ്ങിയിരിക്കുന്നവയാണ് എച്ച്.ഇ.വി. ലൈറ്റ്. തരംഗദൈര്ഘ്യം കുറഞ്ഞതും ഉയര്ന്ന ഫ്രീക്വന്സിയും ഉയര്ന്ന ഊര്ജനിലയുമുള്ള ഇത് 400-450 nm വയലറ്റ്/ബ്ലൂ സ്പെക്ട്രം ബാന്ഡിലുള്ളതാണ്. പകല്വെളിച്ചമാണെന്ന് മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. അതോടെ ഉറക്കത്തിന് സഹായിക്കുന്ന മെലാട്ടോണിന് എന്ന ഹോര്മോണ് പുറപ്പെടുവിക്കുന്നതിനെ മസ്തിഷ്കത്തിലെ പീനിയല് ഗ്രന്ഥി തടയുന്നു. സ്ഥിരമായി ഇത് തുടരുന്നത് ശരീരത്തിന്റെ ജൈവഘടികാരത്തിന്റെ താളം തെറ്റിക്കുകയും ഉറക്കമില്ലായ്മയ്ക്ക് ഇടയാക്കുകയും ചെയ്യും. ഇത് പതിവായാല് കണ്ണില് ചുവപ്പും വിങ്ങലും, മാനസിക അസ്വസ്ഥതകള് ഉള്പ്പടെയുള്ള ബുദ്ധിമുട്ടുകള് ഉണ്ടാകുന്നു.
കണ്ണിനെ സംരക്ഷിക്കാന് ടിപ്സ്
- ഓണ്ലൈന് ക്ലാസ് തുടങ്ങുന്നതിന് മുന്പ് കുട്ടിയുടെ കണ്ണ് പരിശോധിച്ച് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കണം.
- ഭൂരിഭാഗം കുട്ടികളും ആദ്യമായിട്ടാണ് ഓണ്ലൈന് ക്ലാസുകളില് പങ്കെടുക്കുന്നത്. അതിനാല് തന്നെ അതിന്റെ സംവിധാനങ്ങളോട് യോജിച്ച് പോകാന് അവര്ക്ക് സമയം നല്കണം. കുട്ടിയ്ക്ക് അമിത സമ്മര്ദം നല്കരുത്. കുട്ടികള് പതുക്കെ അതുമായി പൊരുത്തപ്പെടും.
- ഓണ്ലൈന് ക്ലാസുമായി പൊരുത്തപ്പെട്ടുപോകുന്നതു വരെ കുട്ടിക്കൊപ്പം മാതാപിതാക്കളോ അല്ലെങ്കില് മറ്റ് വേണ്ടപ്പെട്ടവര് ആരെങ്കിലുമൊക്കെ ഇരിക്കുന്നത് നല്ലതാണ്. കുട്ടിക്ക് ഓണ്ലൈന് ക്ലാസില് പങ്കെടുക്കുമ്പോള് കണ്ണിന് എന്തെങ്കിലും ബുദ്ധിമുട്ടുകള് ഉണ്ടാകുന്നുണ്ടോ എന്നെല്ലാം ശ്രദ്ധിക്കാന് ഇതുവഴി സാധിക്കും. കുട്ടികള്ക്ക് അക്കാര്യങ്ങള് സ്വയം തിരിച്ചറിയാന് സാധിച്ചെന്നു വരില്ല.
- കണ്ണട ഉപയോഗിക്കുന്ന കുട്ടികള് നിര്ബന്ധമായും ഓണ്ലൈന് ക്ലാസിന്റെ സമയത്ത് കണ്ണട വെക്കണം. പവര്ഗ്ലാസ് ഉപയോഗിക്കുന്ന കുട്ടികള് ഇടയ്ക്ക് ഡോക്ടറെ കണ്ട് കണ്ണ് പരിശോധിപ്പിക്കുന്നത് നല്ലതാണ്. തുടര്പരിശോധനകള് ഒരിക്കലും മുടക്കരുത്.
- വളരെ ചെറിയ സ്ക്രീനുള്ള സ്മാര്ട്ട്ഫോണില് ദീര്ഘനേരം നോക്കുന്നത് കണ്ണിന് സ്ട്രെയിന് കൂട്ടും. അതിനാല് വലിയ സ്ക്രീനുള്ള ഫോണുകള് ഹൊറിസോണ്ടല് മോഡിലിട്ട് ഓണ്ലൈന് ക്ലാസില് അറ്റന്ഡ് ചെയ്യുന്നതായിരിക്കും നല്ലത്. അല്ലെങ്കില് ടി.വിയോ ലാപ്ടോപ്പോ ഡെസ്ക് ടോപ്പ് കംപ്യൂട്ടറോ ഉപയോഗിക്കുക.
- സ്മാര്ട്ട്ഫോണ് ഉപയാഗിക്കുമ്പോള് വലിയ ഫോണ്ട് ഉപയോഗിക്കുക.
- കുട്ടികളുടെ കണ്ണും സ്മാര്ട്ട്ഫോണും തമ്മിലുള്ള ദൂരം ആരോഗ്യകരമായി ക്രമീകരിക്കണം. മുഖത്തോട് വളരെ അടുപ്പിച്ചുകൊണ്ടും കിടന്നുകൊണ്ടും സ്മാര്ട്ട്ഫോണ് ഉപയോഗിക്കരുത്. കൈ അകലത്തില് സ്മാര്ട്ട്ഫോണ് വെക്കുന്നതാണ് നല്ലത്.
- വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങളാണ് കണ്ണിന് നല്ലത്. പിക്സലുകളിലെ ഏറ്റക്കുറച്ചിലുകളും പശ്ചാത്തല നിറങ്ങളിലെ തുടരെയുള്ള മാറ്റങ്ങളും കണ്ണിന് അസ്വസ്ഥതയുണ്ടാക്കും.
- ഫോണ് കൈയില് പിടിച്ചിരുന്ന് ക്ലാസുകള് അറ്റന്ഡ് ചെയ്യരുത്. ഫോണ് ക്യത്യമായി കാണുന്ന തരത്തില് വെക്കാവുന്ന ചെറിയ സ്റ്റാന്ഡുകള് ഇന്ന് ലഭ്യമാണ്. അവയില് ഉറപ്പിച്ച് ഹൊറിസോണ്ടല് മോഡില് ഫോണ് സ്ക്രീന് വെച്ച ശേഷം ക്ലാസുകള് കാണാം. ടാബുകളും ഇതേ രീതിയില് സ്റ്റാന്ഡുകളില് ഉറപ്പിച്ച് ഉപയോഗിക്കാം.
- ഓരോ ഓണ്ലൈന് ക്ലാസുകള്ക്കിടയിലും അല്പസമയം ഇടവേളയെടുക്കണം. തുടര്ച്ചയായി ഓണ്ലൈന് ക്ലാസില് ഇരിക്കേണ്ട അവസ്ഥ ഉണ്ടാകരുത്. ഇടവേളയെടുക്കുന്ന സമയത്ത്് കണ്ണ് കഴുകുക, വെള്ളം കുടിക്കുക തുടങ്ങിയവ ചെയ്യാന് കുട്ടിയെ ശീലിപ്പിക്കുക.
- കുട്ടി ഓണ്ലൈന് ക്ലാസില് ഇരിക്കുന്ന മുറിയിലെ വെളിച്ചം ആരോഗ്യകരമായി ക്രമീകരിക്കണം. ഇതിന് അനുസരിച്ച് സ്മാര്ട്ട്ഫോണ് സെറ്റിങ്സിലെ ബ്രൈറ്റ്നെസ് ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കുക. ഇത് ഫോണില് നിന്നുള്ള വെളിച്ചം കണ്ണില് അസ്വസ്ഥതയുണ്ടാകുന്നത് അകറ്റും. ഫോണിലെ കോണ്ട്രാസ്റ്റും ക്രമീകരിക്കണം. ഇത് കൂടിയാല് നിറങ്ങളുടെയും ഫോണ്ടുകളുടെയും ഡെപ്ത്ത് കൂട്ടി കണ്ണില് അസ്വസ്ഥതയുണ്ടാകും. കോണ്ട്രാസ്റ്റ് വളരെ കുറഞ്ഞാല് ഫോണ്ടുകള് അവ്യക്തമാക്കി കണ്ണിന് സ്ട്രെയിന് കൂട്ടുകയും ചെയ്യും.
- സ്മാര്ട്ട്ഫോണ് ഉള്പ്പടെയുള്ള ഡിജിറ്റല് സ്ക്രീനുകള് ഇരുട്ടില് ഉപയോഗിക്കരുത്. മങ്ങിയ വെളിച്ചത്തില് കാഴ്ച സാധ്യമാക്കുന്നത് കണ്ണിലെ ഫോട്ടോറിസപ്റ്ററുകളില് ഒന്നായ റോഡ് (Rods) കോശങ്ങളാണ്. ചുറ്റിലും വെളിച്ചമില്ലാതെ സ്മാര്ട്ട്ഫോണിലെ നീലവെളിച്ചത്തില് കണ്ണുകള് ജോലിചെയ്യുന്നത് റോഡ് കോശങ്ങള്ക്ക് ആശയക്കുഴപ്പമുണ്ടാക്കാനിടയാക്കും. ഇത് അവയുടെ സ്ട്രെയിന് കൂട്ടി കാഴ്ചാവൈകല്യങ്ങള്ക്ക് ഇടയാക്കും.
- വെളിച്ചത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് സ്മാര്ട്ട്ഫോണ് സെറ്റിങ്സില് മാറ്റങ്ങള് വരുത്താം. വിവിധ നിറങ്ങളിലും ഫോണ്ടുകളിലുമുള്ള ഓരോ വെബ്പേജുകളും മങ്ങിയ വെളിച്ചത്തില് മാറി മാറി വരുമ്പോള് കണ്ണുകള് തുടര്ച്ചയായി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത് സ്ട്രെയിനുണ്ടാക്കും. രാത്രി സ്മാര്ട്ട്ഫോണ് ഉപയോഗിക്കേണ്ടി വന്നാല് നൈറ്റ് മോഡ് ഉപയോഗിക്കുന്നതു നല്ലതാണ്.
- ഓണ്ലൈന് ക്ലാസിന് ശേഷം രാത്രി വീണ്ടും സ്മാര്ട്ട് ഫോണ് ഉപയോഗിക്കാന് കുട്ടികളെ അനുവദിക്കരുത്. സ്മാര്ട്ട്ഫോണില് വീഡിയോ കാണുന്നതും വീഡിയോ ഗെയിം കളിക്കുന്നതുമൊക്കെ കണ്ണിന് സ്ട്രെയിന് കൂട്ടും. പഠനത്തിന് ശേഷമുള്ള ഇത്തരം സമയങ്ങളില് ഡിജിറ്റല് സ്ക്രീനുകളില് നിന്ന് പൂര്ണമായും മാറി നിന്ന് കളികളിലോ മറ്റോ പങ്കെടുക്കാം. ശാരീരിക വ്യായാമം ലഭിക്കുന്ന തരം കളികളില് നിര്ബന്ധമായും പങ്കെടുക്കണം. വീടിന്റെ ബാല്ക്കണിയിലോ ടെറസിലോ പോലും പോയി കളിക്കാം. ക്ലാസുകള് ഓണ്ലൈന് ആകുമ്പോള് വിനോദങ്ങള് ഓഫ്ലൈന് ആകട്ടെ.
- രാത്രി സമയങ്ങളില് വിനോദങ്ങള്ക്കായി സ്മാര്ട്ട്ഫോണ് ഉപയോഗിക്കുന്ന ശീലം കുടുംബാംഗങ്ങളും ഒഴിവാക്കണം. കുട്ടികള്ക്ക് മാതൃകയാവണം മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും എന്ന് ഓര്ക്കണം. നിങ്ങളാണ് അവര്ക്ക് വഴികാട്ടിയാകേണ്ടത്.
വിവരങ്ങള്ക്ക് കടപ്പാട്:
ഡോ. സനിത സത്യന്
കണ്സള്ട്ടന്റ് പീഡിയാട്രിക് ഒഫ്താല്മോളജിസ്റ്റ്& സ്ട്രാബിസ്മോളജി
ചൈതന്യ ഐ ഇന്സ്റ്റിറ്റിയൂഷന്, കൊച്ചി
വെട്ടം ഐ ക്ലിനിക്, മുളന്തുരുത്തി
Content Highlights: how to protect your kids eyes issues during online classes covid19 CoronaVirus outbreak Lockdown, Health, Kids Health, Eye Care
Published: 16 Jun 2020, 04:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented