പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി ഉദ്ഘാടന ദിനമായ ജൂൺ 15-ന് 11.84 ലക്ഷം സ്ത്രീകളാണ് കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസ്സുകളിൽ യാത്രചെയ്തത്. എന്നാൽ, പദ്ധതി നടപ്പാക്കിയ ശേഷം സർക്കാർ ഇത് അട്ടിമറിക്കുന്നു എന്ന ആരോപണത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “പറ്റിക്കൽ തുടങ്ങി, സൗജന്യ യാത്ര നൽകാതിരിക്കാൻ ഓർഡിനറി ബസ്സുകളിൽ സിറ്റി ഫാസ്റ്റ് എന്ന പോസ്റ്റർ ഒട്ടിക്കുന്നു” എന്നാണ് പോസ്റ്ററിൽ പറയുന്നത്. വെള്ളയും നീലയും നിറത്തിലുള്ള ബസ്സിൽ "CITY FAST" എന്ന സ്റ്റിക്കർ ഒട്ടിച്ചതിന്‍റെ ചിത്രവും പ്രചരിക്കുന്ന പോസ്റ്ററിൽ കാണാം.

To advertise here,

https://www.facebook.com/photo?fbid=122271394826140734&set=a.122107846118140734 

പ്രയിദർശിനി പദ്ധതി പ്രകാരം ഓർഡിനറി ഫെയർ സ്റ്റേജ് വിഭാഗത്തിലെ ബസ്സുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യമായി യാത്രചെയ്യാം. സ്ത്രീകൾക്കുള്ള ഈ സൗജന്യയാത്ര പദ്ധതിയിൽ ഉൾപ്പെട്ട ബസ്സുകൾ തിരിച്ചറിയുന്നതിനായി ഇവയുടെ മുൻവശത്തും ഡോറുകൾക്ക് സമീപത്തായും പ്രത്യേക സ്റ്റിക്കറുകൾ പതിച്ചിട്ടുമുണ്ട്. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ ഒരേ നിറത്തിൽ ഉള്ളവയാണ്. യാത്രക്കാർക്ക് ഇവ തമ്മിൽ മാറിപ്പോകാതിരിക്കാൻ പ്രിയദർശനിയുടെ ഉദ്ഘാടന ദിവസം മുതൽ തന്നെ ഫാസ്റ്റ് ബസുകളിൽ "CITY FAST" എന്ന സ്റ്റിക്കർ പതിപ്പിച്ചു തുടങ്ങിയിരുന്നു. സംസ്ഥാനത്ത് ഓർഡിനറി സർവീസുകൾക്കൊപ്പം സിറ്റി ഫാസ്റ്റ് സർവീസുകളും വ്യാപകമായി പ്രവർത്തിക്കുന്നത് തിരുവനന്തപുരം നഗരത്തിൽ മാത്രമാണ്. നഗരത്തിൽ 384 സിറ്റി ഫാസ്റ്റ് ബസ്സുകളും ജില്ലയിൽ ആകെ 687 ഓർഡിനറി ബസ്സുകളുമാണുള്ളത്. സിറ്റി ഫാസ്റ്റ് സർവീസുകളുടെ വിവരങ്ങൾ - https://drive.google.com/file/d/1sGsqFX4d0KPCKAyQVYdNHK3qgZppleUI/view 

സിറ്റി ഫാസ്റ്റ് ബസുകളിലെ നിരക്ക് ഘടന ഓർഡിനറിയിൽനിന്നു വ്യത്യസ്തമാണ്. ഓർഡിനറി സർവ്വീസുകളിൽ നിലവിൽ മിനിമം ചാർജ് 10 രൂപയും കിലോമീറ്ററിന് 1 രൂപയുമാണ്. സിറ്റിഫാസ്റ്റ് സർവീസിൽ മിനിമം ചാർജ് 12 രൂപയും കിലോമീറ്ററിന് 1.03 രൂപയുമാണ്. സിറ്റി ഫാസ്റ്റ് സർവീസുകൾ താരതമ്യേന സ്റ്റോപ്പുകളുടെ എണ്ണം കുറവായതിനാൽ യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സാധിക്കും. പ്രത്യേക നിരക്കും സർവീസ് വർഗീകരണവും ഉള്ളതിനാൽ സിറ്റി ഫാസ്റ്റ് സർവീസുകൾ ഓർഡിനറി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

സൗജന്യയാത്ര പദ്ധതിക്കെതിരായി സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന ഈ പ്രചാരണം വ്യാജമാണെന്ന് കെ.എസ്.ആർ.ടി.സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ് ചുവടെ കാണാം.

https://www.facebook.com/photo/?fbid=1443145541179477&set=a.488016386692402