രാത്രിയിലെ വൈദ്യുതി ഉപയോഗത്തിന് കൂടിയ നിരക്കും പകല്‍സമയത്ത് കുറഞ്ഞനിരക്കും ഈടാക്കുന്ന ടൈം ഓഫ് ദ ഡേ (ടിഒഡി) താരിഫ് കെഎസ്ഇബി നടപ്പാക്കിത്തുടങ്ങിയിരുന്നു. ടിഒഡിയുമായി ബന്ധപ്പെടുത്തി ഒരു വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുതിയ സംവിധാനം നിലവില്‍ വന്നെന്നും ഇതുപ്രകാരം, വൈകീട്ട് ആറു മുതല്‍ രാത്രി 10 വരെ വൈദ്യുതി നിരക്കില്‍ മൂന്നിരട്ടി വര്‍ധന ഉണ്ടാകുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.
ഇതിന്റെ വസ്തുത അന്വേഷിച്ച് ഒട്ടേറെ പേര്‍ മാതൃഭൂമി ഫാക്ട് ചെക്കിന്റെ ടിപ്പ്‌ലൈനുമായി(+91 85940 06262) ബന്ധപ്പെട്ടു. എന്നാല്‍, പ്രചാരണം വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

എന്താണ് ''ടൈം ഓഫ് ദി ഡേ'' എന്നറിയാം
വൈദ്യുതി ഉപയോഗത്തിന് രാത്രിയും പകലും വ്യത്യസ്തനിരക്ക് ഏര്‍പ്പെടുത്തുന്ന സംവിധാനമാണ് 'ടൈം ഓഫ് ദി ഡേ' (ടിഒഡി). 2023 ജൂണ്‍ 14-ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വൈദ്യുതി ഉപഭോക്തൃ അവകാശ നിയമ ഭേദഗതി പ്രകാരം 10 കിലോവാട്ടിന് മുകളില്‍ കണക്റ്റഡ് ലോഡുള്ള എല്ലാ വ്യാവസായിക വാണിജ്യ ഉപഭോക്താക്കള്‍ക്കും 2024 ഏപ്രില്‍ ഒന്നിനകം ടൈം ഓഫ് ഡേ താരിഫ് (ToD tariff) പ്രകാരം ബില്ല് ചെയ്യണമെന്നും കാര്‍ഷിക ഉപഭോക്താക്കള്‍ ഒഴികെയുള്ള ബാക്കി ഉപഭോക്താക്കള്‍ക്ക് 2025 മെയ് ഒന്നിനകം TOD താരിഫ് ബാധകമാക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.
വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയത്ത് ഉപഭോക്താക്കളില്‍നിന്നു തുക ഈടാക്കി ഉപയോഗം കുറവുള്ള സമയത്ത് നിരക്ക് ഇളവ് നല്‍കുന്ന സംവിധാനമാണ് ടിഒഡി എന്ന് പറയാം. എല്ലാ വിഭാഗം ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും 20 കിലോവാട്ടിനു മുകളില്‍ കണക്റ്റഡ് ലോഡുള്ള ലോ ടെന്‍ഷന്‍ വ്യാവസായിക ഉപഭോക്താക്കള്‍ക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുമാണ് ടിഒഡി നിരക്ക് ബാധകമാകുന്നത്.
ഒരു ദിവസത്തെ T1 , T2 , T3 എന്നിങ്ങനെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ബില്‍ ചെയ്യുക. T1-ല്‍ രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 വരെ താരിഫ് നിരക്കിനെക്കാള്‍ 10% കുറവും. T2-ല്‍ വൈകീട്ട് 6 മുതല്‍ രാത്രി 10 വരെ താരിഫ് നിരക്കിനെക്കാള്‍ 25% കൂടുതല്‍ നിരക്കും നല്‍കേണ്ടിവരും. T3-ല്‍ രാത്രി 10 മുതല്‍ രാവിലെ ആറുവരെയുള്ള സമയത്ത് അതത് താരിഫ് നിരക്ക് തന്നെയായിരിക്കും ഈടാക്കുക. 2025 ജനുവരി ഒന്നുമുതലാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉള്‍പ്പടെ 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ടിഒഡി കെഎസ്ഇബി നടപ്പാക്കി തുടങ്ങിയത്.
പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്ന ടിഒഡി നിരക്കുകള്‍ സംബന്ധിച്ച് പരിശോധിക്കാം.
1. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ 25% കുറവ് നിരക്ക് ലഭിക്കും എന്ന വാദം ശരിയല്ല. ഈപ്പറഞ്ഞ പന്ത്രണ്ട് മണിക്കൂര്‍ T1-ല്‍ ആണ് ഉള്‍പ്പെടുന്നത്. താരിഫ് നിരക്കിനെക്കാള്‍ 10% കുറവാണ് ഈ സമയത്തെ വൈദ്യുത ഉപഭോഗത്തിന് ലഭിക്കുക.
2. വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ 3 ഇരട്ടി വര്‍ദ്ധന് എന്നാണ് സന്ദേശത്തിലെ പ്രധാന വാദം. ഇത് വാസ്തവവിരുദ്ധമാണ്. വൈകീട്ട് 6 മണി മുതല്‍ രാത്രി 10 വരെയുള്ള 4 മണിക്കൂര്‍ പീക്ക് സമയത്ത് താരിഫ് നിരക്കിനെക്കാള്‍ 25% കൂടുതലായാണ് ഈടാക്കുക.
3. രാത്രി 10 മുതല്‍ രാവിലെ ആറുവരെ സാധാരണ നിരക്ക് എന്നത് ശരിയാണ്.
വിശദമായ പരിശോധനയില്‍ ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി ഇക്കഴിഞ്ഞ ജൂണ്‍ 24-ന് കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റ് ലഭിച്ചു. ഇത് ചുവടെ കാണാം.

Content Highlights: The message states that electricity rates will increase threefold from 6 pm to 10 pm
Published: 26 Jun 2025, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented