ബോട്ട് മുങ്ങിയതിനെ തുടർന്നുണ്ടായ എണ്ണ ചോർച്ച തടയാൻ കണ്ടെയ്ൻമെന്റ് ബൂമുകൾ സ്ഥാപിക്കുന്നു | Photo:AFP
കീറ്റോ: പരിസ്ഥിതി ലോല പ്രദേശമായ ഗലാപ്പഗസ് ദ്വീപില്‍ എണ്ണചോര്‍ച്ച. ഉദ്ദേശ്യം 47 ബാരല്‍ ഡീസലുമായി പ്രദേശത്ത് സഞ്ചരിച്ചിരുന്ന സ്‌കൂബാ ഡൈവിങ് ബോട്ട് മുങ്ങിയതാണ് ചോര്‍ച്ചയ്ക്ക് ഇടയാക്കിയത്. ഡൈവിങ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി യാത്ര തിരിച്ച 'ആല്‍ബട്രോസ്' എന്ന ബോട്ട് ഗലാപ്പഗസ് ദ്വീപ് സമൂഹത്തിലെ സാന്താ ക്രൂസ് ദ്വീപിന് സമീപം മുങ്ങുകയായിരുന്നു. പെട്രോക്വഡോര്‍ എന്ന എണ്ണ കമ്പനിയാണ് സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗലാപ്പഗസ് ദേശീയോദ്യാന അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചോര്‍ന്ന ഇന്ധനം മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ കണ്ടെയ്ന്‍മെന്റ് ബൂമുകളും സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിനാലോ മെറ്റല്‍ കൊണ്ടോ നിര്‍മിക്കുന്ന ഇത്തരം താത്കാലിക ബൂമുകള്‍ ഒഴുകിനടന്ന സമുദ്രത്തില്‍ പടര്‍ന്ന ഇന്ധനം ആഗിരണം ചെയ്തു വ്യാപനം തടയും. ബോട്ടിലുണ്ടായിരുന്ന നാല് പേരും സുരക്ഷിതരാണ്.
എക്വഡോര്‍ തീരത്ത് നിന്ന് ആയിരം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗലാപ്പഗസ് ദ്വീപ് സമൂഹം ജൈവൈവിധ്യങ്ങളുടെ കലവറ കൂടിയാണ്. ലോകത്തില്‍ വെച്ചേറ്റവും വലിയ രണ്ടാമത്തെ സമുദ്ര ജൈവവൈവിധ്യമുള്ള പ്രദേശമാണ് ഗലാപ്പഗസ് . 2900-ത്തിലേറെ സമുദ്ര ജീവിവർഗ്ഗങ്ങളാണ് പ്രദേശത്തുള്ളത്. അതിനാൽ തന്നെ ലോക പാരിസ്ഥിതിക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ പ്രദേശത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കായുളള മത്സ്യബന്ധനത്തിന് നിരോധനവുമുണ്ട്.
എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് ദേശീയോദ്യാനത്തിന്റെ ആസ്ഥാനമായ പൊിട്ടോ അയ്യോറയിലെ വിനോദ സഞ്ചാര പരിപാടികള്‍ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. 2001, 2019 എന്നീ വര്‍ഷങ്ങളില്‍ സമാനമായ സംഭവങ്ങള്‍ ഗലാപ്പഗസ് ദ്വീപ് സമൂഹത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2001-ല്‍ സാന്‍ ക്രിസ്റ്റോബാല്‍ ദ്വീപിന് സമീപം ഒന്‍പത് ലക്ഷത്തിലേറെ ലിറ്റര്‍ ഇന്ധനം ചോര്‍ന്ന് നിരവധി സമുദ്ര ജന്തുജാലങ്ങള്‍ക്ക് ദോഷം ചെയ്തിരുന്നു.
ദ്വീപ് സമൂഹത്തിലെ ജൈവവൈവിധ്യങ്ങളെ കുറിച്ച് പഠനം നടത്തുകയും പുറം ലോകത്തെ അറിയിക്കുകയും ചെയ്തത് ചാള്‍സ് ഡാര്‍വിനാണ്. നിലവില്‍ ചാള്‍സ് ഡാര്‍വിന്‍ റിസര്‍ച്ച് സ്റ്റേഷന്‍ (സിഡിആര്‍എസ്) സ്ഥിതി ചെയ്യുന്നതും സാന്താ ക്രൂസിലാണ്. 1959-ല്‍ സ്ഥാപിക്കപ്പെട്ടതാണ് റിസര്‍ച്ച് സ്റ്റേഷന്‍. ഗലാപ്പഗസ് ദ്വീപിനെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍ക്ക് വേണ്ടിയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
Content Highlights: oil spill reported in the ecological sensitive galapagos of ecuador
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..