തൃശ്ശൂർ: അറബിക്കടലിലെ താപനില കൂടിക്കൊണ്ടിരിക്കുകയാണെന്നും ഇതനുസരിച്ച് ചുഴലിക്കാറ്റുകളുടെ എണ്ണം കൂടുകയാണെന്നും വ്യക്തമാക്കുന്ന മറ്റൊരു പഠനംകൂടി. മലപ്പുറം താനൂർ കെ. പുരം സ്വദേശി ആകാശ്, ഗൈഡ് പ്രൊഫ. സങ്-കി മിൻ, പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീരിയോളജിയിലെ ശാസ്ത്രജ്ഞരായ ഡോ. എം.കെ. റോക്സി, ഡോ. കെ.പി. സൂരജ് എന്നിവരുടേതാണ് പുതിയ പഠനം.

To advertise here,

ദക്ഷിണകൊറിയയിൽ നടക്കാനിരിക്കുന്ന ബാക്കോ ഇന്റർനാഷണൽ കോൺഫറൻസിൽ പഠനം അവതരിപ്പിക്കും. അന്താരാഷ്ട്ര ജേണലായ വെതർ ആൻഡ് ക്ലൈമറ്റ് എക്സ്ട്രീംസിൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1981 മുതൽ 2020 വരെയുള്ള കാലാവസ്ഥയെ വിലയിരുത്തിയാണ് ഈ നിഗമനത്തിലേക്ക് ഇവർ എത്തിയത്. 1981 മുതൽ അറബിക്കടലിലെ താപനില കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനനുസരിച്ച് ചുഴലിക്കാറ്റുകളും കൂടുന്നുണ്ട്.

ഇന്ത്യയെ മാത്രമല്ല, പാകിസ്താൻ, ശ്രീലങ്ക, അറബിക്കടൽ തീരത്തെ മറ്റു അറേബ്യൻ രാജ്യങ്ങൾ എന്നിവയെയെല്ലാം ബാധിക്കുന്നതാണ് ഇത്. അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾ വൻനാശനഷ്ടമാണ് ഉണ്ടാക്കുന്നത്. 2017-ലെ ഓഖിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി എണ്ണൂറിലധികം ആളുകൾ മരിച്ചു.

ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളലാണ് കടൽ ചൂടാവുന്നതിനു പ്രധാന കാരണമെന്ന് പഠനം പറയുന്നു.