
വടേഗാവ്: ''ഈ അഞ്ചുരൂപകൊണ്ട് ഞങ്ങള്‍ക്ക് എങ്ങനെ ജീവിക്കാന്‍ കഴിയും. 14-15 രൂപ കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്താണിത്. കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചതോടെയാണ് വില കുറയാന്‍ തുടങ്ങിയത്'' - വടേഗാവില്‍ സവാള കര്‍ഷകനായ ഭീംറാവു നലവഡെയ്ക്ക് രോഷം മറയ്ക്കാന്‍ കഴിയുന്നില്ല.
ഒരു കിലോ ഉള്ളിക്ക് സത്താറയിലെ മൊത്തവിപണിയില്‍ ലഭിക്കുന്നത് അഞ്ചുമുതല്‍ ആറുവരെ രൂപയാണ്. സത്താറയിലെമാത്രം സ്ഥിതിയല്ലിത്. നാസിക്കിലും ലാസല്‍ഗാവിലും ഇതേ അവസ്ഥയാണ്. കേന്ദ്രസര്‍ക്കാര്‍ സവാളകയറ്റുമതി നിരോധിച്ചതോടെ വില താഴോട്ടുപോന്നു. എന്നാല്‍, ചില്ലറ വിപണിയില്‍ കിലോയ്ക്ക് 25 മുതല്‍ 30 വരെ രൂപ നല്‍കണം. ഇതിന്റെ ലാഭം കൊയ്യുന്നത് ഇടനിലക്കാരാണ്.
വില കിട്ടാതായതോടെ പല കര്‍ഷകരും കൃഷിസ്ഥലത്തുതന്നെ ഉള്ളി നിശിപ്പിച്ചുകളയുകയാണ്. 60-70 ടണ്‍ സവാള ദിവസേന എത്തിയിരുന്ന സത്താറ മാര്‍ക്കറ്റില്‍ ഇപ്പോഴെത്തുന്നത് 30-40 ടണ്‍മാത്രം.
ഉള്ളിവില മഹാരാഷ്ട്രാതിരഞ്ഞെടുപ്പില്‍ കത്തുന്ന വിഷയമാണ്. ഉള്ളിവില കൂടിയാലും പ്രശ്‌നം, കുറഞ്ഞാലും പ്രശ്‌നം. കൂടിയാല്‍ ജനരോഷം, കുറഞ്ഞാല്‍ കര്‍ഷകരോഷം. ഇതിനിടയില്‍ പെട്ടുകിടക്കുകയാണ് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍. ചില മണ്ഡലങ്ങളില്‍ ഇത് പ്രധാനമായും ബാധിക്കുമെന്ന് മനസ്സിലാക്കിയ കേന്ദ്രസര്‍ക്കാര്‍ കയറ്റുമതിക്ക് ഭാഗിക അനുമതി നല്‍കിയിട്ടുണ്ട്. എന്നിട്ടും കര്‍ഷകന് മെച്ചപ്പെട്ട തുക ലഭിക്കുന്നില്ല.
കര്‍ഷകരോഷം ഇത്തവണ ബി.ജെ.പി. മുന്നണിയെ ബാധിക്കുമെന്നാണ് സത്താറയിലെ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം മാണിക് അവഗാഡെ പറയുന്നത്. മണ്ഡലത്തില്‍ നല്ലൊരുവിഭാഗം കര്‍ഷകരാണ്. പണം കൊടുത്ത് വോട്ടുവാങ്ങുന്ന പരിപാടിയാണ് വ്യാപകം. ഇത്തവണ കര്‍ഷകരുടെ അടുക്കല്‍ ഇത് െചലവാകില്ല. അവരെല്ലാം കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയത്തില്‍ പ്രതിഷേധത്തിലാണെന്നും അവഗാഡെ പറയുന്നു. ''സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. സോയാബീന്‍ ആയിരുന്നു ആദ്യം കൃഷിചെയ്തിരുന്നത്. മഴ ശക്തമായി പെയ്തതോടെ അത് നശിച്ചുപോയി. പിന്നെ കഴിഞ്ഞ ഒക്ടോബറില്‍ ജോവര്‍(ഒരു ധാന്യം) കൃഷിചെയ്തു. മഴയില്ലാതായത് അതിനെ ബാധിച്ചു. ഈ നഷ്ടമൊക്കെ ഞങ്ങള്‍ സഹിക്കുകയാണ്. അതിനിടയിലാണ് വളത്തിന് ജി.എസ്.ടി. 18 ശതമാനമാക്കിയത്'' - കരസേനയില്‍നിന്ന് വിരമിച്ചശേഷം കര്‍ഷകനായ വസന്ത് നലാവഡെയ്ക്കും പറയാനുള്ളത് കദനകഥ.
സത്താറയില്‍ കാറ്റ് അനുകൂലമല്ലെന്ന് ബി.ജെ.പി.ക്കറിയാം. ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഛത്രപതി ശിവജി മഹാരാജ കുടുംബത്തിലുള്ള ഉദയന്‍രാജെ ഭോസ്ലെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞതവണ എന്‍.സി.പി. ടിക്കറ്റില്‍ ഇവിടെ വിജയിച്ച അദ്ദേഹം നാലുമാസത്തിനുശേഷം ബി.ജെ.പി.യിലേക്ക് കൂറുമാറി എം.പി.സ്ഥാനം രാജിവെക്കുകയായിരുന്നു. പിന്നീട് പാര്‍ട്ടി അദ്ദേഹത്തെ രാജ്യസഭാംഗമാക്കി.
ഭോസ്ലെയുടെ രാജിക്കുശേഷംനടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍.സി.പി.യുടെ ശ്രീനിവാസ് പാട്ടീല്‍, പാര്‍ട്ടിക്കകത്തുനിന്ന് എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഇത്തവണ മത്സരിക്കുന്നില്ല. നിയമസഭാ കൗണ്‍സില്‍ അംഗമായ ശശികാന്ത് ഷിന്ദേയെയാണ് എന്‍.സി.പി. ശരദ് പവാര്‍ പക്ഷം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ ആരുജയിക്കണമെന്ന് തീരുമാനിക്കുക ഭൂരിപക്ഷംവരുന്ന കര്‍ഷകര്‍തന്നെയാവും.
Content Highlights: Maharastra loksabha election and onion price
Published: 17 Apr 2024, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented