ന്യൂഡൽഹി: ‘വെളുത്തപുക കാണാതെ’ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഇന്ന് കേരളത്തിലേക്കില്ല. അവരുടെ യാത്ര മറ്റൊരുദിവസത്തേക്ക് മാറ്റി. ദീപാ ദാസ് മുൻഷി ഇന്നു വൈകിട്ട് തിരുവനന്തപുരത്ത് എത്തിച്ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു.

To advertise here,

അതിനിടെ, ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ ഇന്നു വൈകുന്നേരം ഒരു കൂടിക്കാഴ്ച നടക്കുന്നുണ്ട്. ഖാർഗെയുടെ വസതിയിലാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുന്നതിൽ ഈ ചർച്ച നിർണായകമാകുമെന്നാണ് സൂചന. രാഹുലും ഖാർഗെയും കെ.സി. വേണുഗോപാലിനെ കൂടിക്കാഴ്ചയ്ക്കായി വിളിപ്പിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ചയും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് നിർണായകമാണെന്നാണ് വിലയിരുത്തൽ.

മികച്ച വിജയം നൽകിക്കൊണ്ടുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്തുദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഘടകകക്ഷികൾ ഉൾപ്പെടെ ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുമുണ്ട്. രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മിലാണ് മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടിയുള്ള കടുത്തപോരാട്ടം നടക്കുന്നത്. നേതാക്കളാരും കടുകിട മാറാതെ നിൽക്കുകയാണെന്നാണ് വിവരം. അതിനാൽതന്നെ സമവായമുഖ്യമന്ത്രിപദം രൂപപ്പെട്ടേക്കാമെന്നും വിലയിരുത്തലുകളുണ്ട്.