
തിരഞ്ഞെടുപ്പിൽ വിജയമാണ് ആത്യന്തികമെങ്കിലും എത്ര ഭൂരിപക്ഷത്തിന് ജയിച്ചു എന്നതൊരു അഭിമാനപ്രശ്നമാണ്. കേരള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത് സിപിഎമ്മിന്റെ കെ.കെ. ശൈലജയാണ്. 2021-ലെ തിരഞ്ഞടുപ്പിൽ 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശൈലജ മട്ടന്നൂരിൽനിന്ന് ജയിച്ചുകേറിയത്. ആർഎസ്പിയുടെ ഇല്ലിക്കൽ ആഗസ്തിയും ബിജെപിയുടെ ബിജു ഇലക്കുഴിയുമായിരുന്നു ശൈലജയുടെതിരാളികൾ.
മട്ടന്നൂർ മണ്ഡലത്തിലെ ആകെ സമ്മതിദായകർ: 1,90,139
വോട്ട് രേഖപ്പെടുത്തിയവർ-1,55,134
കെ.കെ. ശൈലജ- 96,129
ഇല്ലിക്കൽ ആഗസ്തി-35,166
ബിജു ഇളക്കുഴി-18,223
ശൈലജയ്ക്കു മുൻപ് ഏറ്റവും ഉയർന്ന ഭൂരിപക്ഷമെന്ന റെക്കോഡ് സിപിഎമ്മിന്റെ എം. ചന്ദ്രനാണ്. 2006-ൽ ആലത്തൂർ മണ്ഡലത്തിൽനിന്ന് 47,671 വോട്ടുകൾക്കായിരുന്നു അദ്ദേഹത്തിന്റെ ജയം. ഡിഐസിയുടെ എ. രാഘവനായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ എതിരാളി. ജി. സൽപ്രകാശ് ആയിരുന്നു ബിജെപി സ്ഥാനാർഥി. എം. ചന്ദ്രന് മുൻപ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത് പി. ജയരാജനായിരുന്നു. 2005-ലെ കൂത്തുപറമ്പ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ 45,377 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയരാജൻ, കോൺഗ്രസിന്റെ കെ. പ്രഭാകരനെ പരാജയപ്പെടുത്തിയത്.
തലനാരിഴയുടെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിവർ
സഭാചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടി ജയിച്ചയാൾ ആർഎസ്പിയുടെ എ.എ. അസീസ് ആണ്. 2001-ൽ ഇരവിപുരം മണ്ഡലത്തിൽനിന്ന് 21 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം മുസ്ലിം ലീഗിന്റെ ടി.എ. മുഹമ്മദ് കബീറിനെ പരാജയപ്പെടുത്തിയത്.
2021-ൽ പെരിന്തൽമണ്ണയിൽനിന്ന് നജീബ് കാന്തപുരം 38 വോട്ടിനാണ് നിയമസഭയിലേക്ക് ജയിച്ചത്. ഇത് രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലെ വിജയമാണ്. ഇടതുസ്വതന്ത്രനായിരുന്ന കെ.പി.എം. മുസ്തഫയായിരുന്നു എതിരാളി.
ഏറ്റവും കുറഞ്ഞ ഭൂരിക്ഷം നേടി സഭയിലെത്തിയ മൂന്നാമൻ കോൺഗ്രസിന്റെ അനിൽ അക്കരയാണ്. 2016-ൽ വടക്കാഞ്ചേരി മണ്ഡലത്തിൽനിന്ന് 43 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്. അന്ന് സിപിഎമ്മിന്റെ മേരി തോമസ് ആയിരുന്നു അനിലിന്റെ മുഖ്യ എതിരാളി. അഡ്വ. ഉല്ലാസ് ബാബുവായിരുന്നു ബിജെപി സ്ഥാനാർഥി.
Content Highlights: kerala assembly election highest and lowest margins
Published: 12 Jan 2026, 02:55 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented