കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ.യെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കവുമായി സി.പി.എം. നേതൃത്വം മുന്നോട്ട്. എറണാകുളത്ത് സിനിമാസംവിധായകൻ സോഹൻ സീനുലാൽ, ആലുവയിൽ വ്യാപാരി-വ്യവസായി നേതാവ് എ.ജെ. റിയാസ്, തൃക്കാക്കരയിൽ മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോളിന്റെ മകൻ റോൺ ബാസ്റ്റിൻ എന്നിവരെയുമാണ് സ്വതന്ത്രസ്ഥാനാർഥികളായി സി.പി.എം. പരിഗണിക്കുന്നത്.

To advertise here,

സിറ്റിങ് എം.എൽ.എ. എന്ന നിലയിൽ ഒരു തവണമാത്രമാണ് ഉണ്ണികൃഷ്ണൻ മത്സരിച്ചിട്ടുള്ളത്. ജില്ലാ നേതൃത്വത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും ഉണ്ണികൃഷ്ണനെത്തന്നെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യം. നേതൃത്വത്തിൽനിന്നുള്ള ഗ്രീൻ സിഗ്നൽ കിട്ടിയതിനേത്തുടർന്ന് ഉണ്ണികൃഷ്ണൻ ബുധനാഴ്ച തൃപ്പൂണിത്തുറയിലെ ചില പ്രധാന കേന്ദ്രങ്ങളിൽ എത്തി.

എറണാകുളത്ത് സ്ഥാനാർഥിയെ സംബന്ധിച്ച തർക്കം ജില്ലാ നേതൃത്വത്തിൽ ശക്തമായിരുന്നു. സി.പി.എം. നേതാവ് പി.എൻ. സീനുലാലിന്റെ മകനും സിനിമാസംവിധായകനും നടനുമായ സോഹൻ സീനുലാലിന്റെ പേരാണ് ഏറ്റവും ഒടുവിൽ സംസ്ഥാന നേതൃത്വം പരിഗണിച്ചിരിക്കുന്നത്. പ്രൊഫ. കെ.വി. തോമസ്, എൻ. സതീഷ് എന്നിവരുടെ പേരുകളും ജില്ലാ നേതൃത്വം ചർച്ചചെയ്തിരുന്നു.

ആലുവയിൽ അവസാനറൗണ്ടിലെത്തിയപ്പോഴാണ് എ.ജെ. റിയാസിന്റെ പേര് ഉയർന്നുവന്നത്. ബി.ജെ.പി.യിൽനിന്ന് സി.പി.എമ്മിലേക്ക് എത്തിയ എ.കെ. നസീറിന്റെ പേരായിരുന്നു ആദ്യഘട്ടത്തിൽ പ്രധാനമായും ചർച്ചചെയ്തിരുന്നത്. വ്യാപാരി-വ്യവസായി ഏകോപനസമിതി മുൻ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന എ.ജെ. റിയാസ് ഇപ്പോൾ ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയാണ്.

തൃക്കാക്കരയിൽ പല പേരുകളും ചർച്ചചെയ്ത ശേഷമാണ് ഏറ്റവുമൊടുവിൽ റോൺ ബാസ്റ്റിനെ പരിഗണിച്ചിരിക്കുന്നത്. തൃക്കാക്കരയിൽ ഒരു വ്യാപാരിയുടെ പേരാണ് ജില്ലാ നേതൃത്വം പ്രധാനമായും ചർച്ചചെയ്തിരുന്നത്. ഡോ. ജോ ജോസഫിന്റെ പേരും ചർച്ചകളിൽ ഉണ്ടായിരുന്നു. കളമശ്ശേരി, കൊച്ചി, കോതമംഗലം, കുന്നത്തുനാട് സീറ്റുകളിൽ സിറ്റിങ് എം.എൽ.എ.മാർ മത്സരിക്കുന്നതിന് സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേതന്നെ അംഗീകാരം നൽകിയിട്ടുണ്ട്.

നാലുമണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങളുണ്ട്. കെ.എൻ. ഉണ്ണികൃഷ്ണനോട് വൈപ്പിൻ മണ്ഡലത്തിൽ എതിർപ്പുയർന്നതിനേത്തുടർന്നാണ് തൃപ്പൂണിത്തുറിയിലേക്ക് മാറ്റുന്നതെന്ന പ്രചാരണം പാർട്ടിക്കുള്ളിൽ ശക്തമാണ്. വൈപ്പിനിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.പി. ഷൈനിയെ പരിഗണിക്കാനാണ് ഒടുവിൽ തീരുമാനിച്ചത്.

വൈപ്പിനിൽ എതിർപ്പുവന്ന ആളെ എങ്ങനെ തൃപ്പൂണിത്തുറയിൽ പരിഗണിക്കുമെന്ന ചോദ്യം പ്രാദേശിക നേതൃത്വം ഉന്നയിച്ചിരുന്നു. തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയം സംബന്ധിച്ചും പ്രാദേശിക നേതൃത്വങ്ങൾക്ക് അസ്വാരസ്യങ്ങളുണ്ട്.

സംസ്ഥാന നേതൃത്വം അംഗീകരിച്ച ലിസ്റ്റ് ജില്ലാ കമ്മിറ്റി അംഗീകരിച്ച് മണ്ഡലം കമ്മിറ്റിയിൽ അവതരിപ്പിക്കുന്നതോടെയാണ് സ്ഥാനാർഥികളുടെ ഔദ്യോഗികമായ പ്രചാരണപ്രവർത്തനങ്ങൾ തുടങ്ങുന്നത്. താഴേത്തട്ടിൽ ശക്തമായ എതിർപ്പുയർന്നാൽ മാത്രമേ സ്ഥാനാർഥികളുടെ കാര്യത്തിൽ മാറ്റങ്ങൾ ഉണ്ടാവുകയുള്ളു.