ബെംഗളൂരു:കന്നഡനാട് രാഷ്ട്രീയച്ചൂടില്‍ തിളച്ചുമറിയുമ്പോള്‍ ബെംഗളൂരു പദ്മനാഭനഗറിലെ വീടിന്റെ മട്ടുപ്പാവില്‍ ശാന്തനായിരിക്കുകയാണ് ഒട്ടേറെ രാഷ്ട്രീയമാറ്റങ്ങള്‍ക്ക് സാക്ഷിയായ ജെ.ഡി.എസ്. ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. ദൂരേക്ക് കണ്ണുനട്ടുള്ള ആ ഇരിപ്പില്‍ പക്ഷേ, വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള ആലോചനകളുമുണ്ട്. ഇത്തവണ കര്‍ണാടകത്തില്‍ കിങ് മേക്കറല്ല, കിങ് തന്നെയായിമാറും തന്റെ പാര്‍ട്ടിയെന്ന ആത്മവിശ്വാസമാണ് കണ്ണുകളില്‍. കര്‍ണാടകത്തിലെ കര്‍ഷകനേതാവില്‍നിന്ന് മുഖ്യമന്ത്രിപദത്തിലും തുടര്‍ന്ന് പ്രധാനമന്ത്രിപദത്തിലും വരെയെത്തിയ രാഷ്ട്രീയ അതികായന്‍ 'മാതൃഭൂമി'യോട് മനസ്സുതുറന്നു.

To advertise here,

2018-ല്‍ തൂക്കുസഭയ്ക്കുള്ള ജനവിധിയുണ്ടായ സാഹചര്യമല്ല ഇപ്പോഴത്തേതെന്ന് അദ്ദേഹം വിലയിരുത്തുന്നു. മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി നടത്തിവരുന്ന പ്രചാരണങ്ങളിലൂടെ പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ധിച്ചതായും അദ്ദേഹം പറയുന്നു. അഭിമുഖത്തില്‍നിന്ന്:

ഇത്തവണ ജെ.ഡി.എസിന്റെ സാധ്യത എന്തൊക്കെയാണ്?

കാര്യങ്ങള്‍ നിരീക്ഷിച്ചാല്‍ അനുകൂലമായ സാഹചര്യമാണെന്നു കാണാം. കുറെയേറെ ആളുകള്‍ പാര്‍ട്ടിയിലേക്ക് വന്നു. ബി.ജെ.പി. എം.എല്‍.സി. അയനൂര്‍ മഞ്ജുനാഥ് ഉള്‍പ്പെടെ. കുമാരസ്വാമി പുതിയ ആശയങ്ങളിലൂന്നി നടത്തിയ പഞ്ചരത്‌ന രഥയാത്ര പാര്‍ട്ടിയെ ശക്തിപ്പെടുത്തി. പ്രചാരണത്തിന് വന്‍ ജനക്കൂട്ടം വരുന്നു. മറ്റ് മുന്‍മുഖ്യമന്ത്രിമാരെക്കാള്‍ ജനപ്രിയനായി അദ്ദേഹം മാറിയിട്ടുണ്ട്. ഇടതുപാര്‍ട്ടികളുമായി ധാരണയുണ്ടാക്കി. പിന്നാക്കക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കി. 2018-ലെ സാഹചര്യം പൂര്‍ണമായും മാറി. ഇത്തവണ ഭൂരിപക്ഷം സീറ്റുകളില്‍ വിജയിക്കാനാകും.

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം 2024-ലെ പൊതുതിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചന നല്‍കുമോ?

അങ്ങനെ കരുതാനാവില്ല. ഇന്ത്യ വിസ്തൃതമായ രാജ്യമാണ്. 545 പാര്‍ലമെന്റ് മണ്ഡലങ്ങളുണ്ട്. ഇവിടെ ലഭിക്കുന്ന സീറ്റുകള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന സീറ്റുകളുടെ സൂചനയാണെന്ന് ചിലര്‍ പറയുന്നു. ഞാന്‍ അങ്ങനെ കരുതുന്നില്ല.

കെ. ചന്ദ്രശേഖര്‍ റാവുവും മറ്റും പിന്തുണ പ്രഖ്യാപിച്ചത് ദേശീയതലത്തിലെ മൂന്നാം മൂന്നണിയുടെ സൂചനയാണോ?

ചന്ദ്രശേഖര്‍ റാവു ഞങ്ങളുടെ അഭ്യുദയകാംക്ഷിയാണ്. അദ്ദേഹം ഹൈദരാബാദ് കര്‍ണാടക മേഖലയില്‍ ഞങ്ങള്‍ക്ക് പിന്തുണ വാഗ്ദാനംചെയ്തിട്ടുണ്ട്.

പഴയ മൈസൂരു മേഖലയില്‍ പിടിച്ചുകയറാന്‍ ബി.ജെ.പി. നടത്തുന്ന പരീക്ഷണങ്ങള്‍ വിജയിക്കുമോ?

ഇല്ല, അതെല്ലാം പരാജയപ്പെട്ടു. ബി.ജെ.പി.യുടെ കുറെ സിറ്റിങ് എം.എല്‍.എ.മാരെ ഒഴിവാക്കിയത് ആ പാര്‍ട്ടി ചെയ്ത വലിയ പിഴവാണ്. അതിന്റെ ഗുണം കോണ്‍ഗ്രസിന് കിട്ടും. കുമാരസ്വാമി ജാഗ്രതയോടെ പ്രവര്‍ത്തിച്ചതിനാല്‍ ജെ.ഡി.എസിനും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.