ബാലുശ്ശേരി: കംപ്യൂട്ടർ ലോകം മുതിർന്നവരുടേതു മാത്രമല്ലെന്ന് തെളിയിക്കുകയാണ് ബാലുശ്ശേരി ജിവിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ നിവേദ് കെ. ശൈലേഷ്. സഹപാഠികൾക്കും മറ്റുവിദ്യാർഥികൾക്കുമായി കോഡിങ്ങിന്റെ ബാലപാഠങ്ങൾമുതൽ റോബോട്ടിക്സ് വരെയുള്ള വിഷയങ്ങളിൽ പരിശീലനം നൽകി ശ്രദ്ധേയനാവുകയാണ് ഈ മിടുക്കൻ. യൂകി ടെക്‌വേഴ്‌സ് എന്നപേരിൽ ബാലുശ്ശേരിയിൽ ശിശുദിനത്തിലാണ് നിവേദിന്റെ ഈ സംരംഭം തുടങ്ങിയത്.

To advertise here,

പതിനഞ്ചോളം വിദ്യാർഥികളുമായി ആരംഭിച്ച ക്ലാസിൽ സ്ക്രാച്ച് (കോഡിങ്ങിന്റെ ബാലപാഠം), വീഡിയോ എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ്, ബേസിക് ഡിവലപ്മെന്റ് സ്കിൽസ്, റോബോട്ടിക്സ് തുടങ്ങിയ ക്ലാസുകളാണ് നൽകുന്നത്. കൂടാതെ, മുതിർന്നവർക്കായി കംപ്യൂട്ടർ ബേസിക്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്ലാസുകളും നൽകുന്നുണ്ട്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വലിയ പിന്തുണയോടെ ആരംഭിച്ച ഈ സംരംഭം ഉയർത്തിക്കൊണ്ടുവരുകയും ടെക്നോളജിയിലൂടെ കുട്ടികൾക്ക് നല്ലൊരു ഭാവി ഉണ്ടാക്കിയെടുക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് നിവേദ് പറയുന്നു.

നിവേദിന്റെ കംപ്യൂട്ടർ യാത്രയുടെ തുടക്കവും കോഡിങ് പഠനവും കോവിഡ് കാലത്താണ്. പത്താംക്ലാസ് കഴിയാത്തതുകൊണ്ട് ഇത്തരം കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാതെ വന്നപ്പോൾ, നിവേദ് ആശ്രയിച്ചത് യുട്യൂബ് ക്ലാസുകളെയാണ്. പക്ഷേ, സ്വയംപഠനം വെറുതേയായില്ല. 2023-ൽ ‘സ്കൂൾ ക്വിസ് കേരള’ എന്ന പേരിൽ പൊതുവിജ്ഞാനം അടങ്ങിയ ക്വിസ് ആപ്പ് നിവേദ് രൂപകല്പനചെയ്തു. സ്വന്തമായി ആപ്പ് തയ്യാറാക്കിയതിലുള്ള കഴിവ് പരിഗണിച്ച്, സാധാരണമായി ഡിഗ്രി കഴിഞ്ഞവർക്കുമാത്രം പ്രവേശനം ലഭിക്കുന്ന പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ട ‘ഫ്ലട്ടർ കോഴ്സ്’ കൊച്ചിയിലെ ഒരു സ്വകാര്യസ്ഥാപനം നിവേദിന് സൗജന്യമായി പഠിക്കാൻ അവസരം നൽകി.

പ്രോഗ്രാമിങ്ങിൽ തത്‌പരനായ നിവേദ് പുതിയ ഒരു പ്രോജക്ടിന്റെ അവസാനഘട്ടത്തിലാണിപ്പോൾ. വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ‘നോളജ് ബുക്ക്’ എന്ന ആൻഡ്രോയിഡ് ആപ്പ് നിവേദ് രൂപകല്പന ചെയ്തുകൊണ്ടിരിക്കുകയാണ്. എൽഎസ്എസ്, യുഎസ്എസ്, എൻഎംഎഎസ്, നവോദയ തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഇത് മുതൽക്കൂട്ടാകുമെന്നും ആപ്പ് രണ്ടുമാസത്തിനകം പുറത്തിറക്കാൻ സാധിക്കുമെന്നും നിവേദ് പറയുന്നു.

ബാലുശ്ശേരി നിർമ്മല്ലൂർ സ്വദേശിയായ ശൈലേഷിന്റെയും രമ്യയുടെയും മകനാണ് നിവേദ് കെ. ശൈലേഷ്.