അത്യാഹിതങ്ങളുണ്ടായാല്‍ അത് നേരിടാനുള്ള മെഡിക്കല്‍ എമര്‍ജന്‍സി പദ്ധതി എല്ലാ സ്‌കൂളുകളിലും തയ്യാറാക്കാന്‍ നിര്‍ദേശം. തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രവുമായോ താലൂക്കാശുപത്രിയുമായോ ചേര്‍ന്ന് പാമ്പുവിഷചികിത്സ അടക്കം അടിയന്തര വൈദ്യസഹായത്തിനുള്ള രൂപരേഖ തയ്യാറാക്കണം.
പാമ്പുകടി, വെള്ളപ്പൊക്കം, ഭൂമി കുലുക്കം പോലെയുള്ള അത്യാഹിതങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി, തദ്ദേശസ്ഥാപനം എന്നിവയുമായി ചേര്‍ന്ന് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മാര്‍ഗരേഖ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന വിവിധ വകുപ്പുകളുടെ യോഗം വിളിച്ചാണ് മാര്‍ഗരേഖ അന്തിമമാക്കിയത്. മാര്‍ഗനിര്‍ദേശങ്ങളുടെ കരട് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
2019-ല്‍ സുല്‍ത്താന്‍ബത്തേരിയില്‍ ക്ലാസ്മുറിയില്‍വെച്ച് പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സ വൈകിയതുമൂലം മരിച്ചിരുന്നു. ഇതില്‍ കോടതി സ്വമേധയാ എടുത്ത കേസും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയും പരിഗണിച്ചാണ് മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
അങ്കണവാടികള്‍, സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍, കേന്ദ്ര സിലബസിലുള്ള അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ എന്നിവയെല്ലാം മാര്‍ഗരേഖ ബാധകമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വേണം, സുരക്ഷാ ഓഡിറ്റ്
സ്‌കൂള്‍ പരിസരത്തെ പാഴ്ച്ചടികള്‍ നീക്കി വൃത്തിയാക്കിയും വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കിയും വന്യജീവിശല്യം, പാമ്പുശല്യം എന്നിവപോലെയുള്ള അപകടങ്ങള്‍ ഒഴിവാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് മാര്‍ഗരേഖ മുന്നോട്ടുവെക്കുന്നത്. സ്‌കൂള്‍ കെട്ടിടം, ക്ലാസ്മുറികള്‍, വൈദ്യുതോപകരണങ്ങള്‍, കളിസ്ഥലം, സ്‌കൂള്‍ പരിസരം തുടങ്ങിയവ പരിശോധിക്കുന്നതിനായി നിശ്ചിത ഇടവേളകളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണം. തദ്ദേശസ്ഥാപന അധികൃതരും ഉദ്യോഗസ്ഥരും ഇത് ഉറപ്പാക്കണം. സ്‌കൂളുകളില്‍ പ്രഥമശുശ്രൂഷാ കിറ്റ് നിര്‍ബന്ധം.
തൊട്ടടുത്ത ആശുപത്രിയുമായി ചേര്‍ന്ന് രണ്ടു ജീവനക്കാര്‍ക്കെങ്കിലും പ്രഥമശുശ്രൂഷയില്‍ പരിശീലനം നല്‍കണം. പാമ്പുകളെക്കുറിച്ചും അവയുടെ സ്വഭാവത്തെക്കുറിച്ചും പാമ്പുകടിയേറ്റാലുള്ള അപകടങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ബോധവത്കരണം നല്‍കണം. വനം വകുപ്പിന്റെ സര്‍പ്പ വൊളന്റിയര്‍മാരെ ഇതിനായി പ്രയോജനപ്പെടുത്താം.
Content Highlights: Kerala Govt. mandates emergency plans for schools, including snakebite treatment and mock drills.
Published: 12 Sept 2025, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented