വിയ്യൂര്‍: സെല്ലിനുള്ളില്‍ കയറാന്‍ ആവശ്യപ്പെട്ട അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്ക് വിയ്യൂര്‍ ജയിലില്‍ മര്‍ദനമേറ്റു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

To advertise here,

സെല്ലിനുള്ളില്‍ കയറാന്‍ മടിച്ചുനിന്ന കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതി നസറുദ്ദീനോട് സെല്ലില്‍ കയറാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് നസറുദ്ദീനും മാവോയിസ്റ്റ് വിചാരണ തടവുകാരനായ മനോജും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഭിനവിനുനേരേ മുദ്രാവാക്യം വിളിച്ചു. അസഭ്യം വിളിച്ചെന്നും പരാതിയുണ്ട്. ഇതിനിടെ ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്ന് പറയുന്നു.

അഭിനവിനെ രക്ഷിക്കാന്‍ ഓടിയെത്തിയ മറ്റൊരു തടവുകാരന്‍ റജികുമാറിനും ഇവരില്‍നിന്ന് മര്‍ദനമേറ്റു. കൂടുതല്‍ ജയില്‍ ജീവനക്കാര്‍ എത്തിയാണ് മര്‍ദിച്ച തടവുകാരെ സെല്ലിനുള്ളിലാക്കിയത്. അഭിനവിനെയും റജികുമാറിനെയും ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജയില്‍ അധികൃതര്‍ വിയ്യൂര്‍ പോലീസില്‍ പരാതി നല്‍കി.