കൊല്ലം: വന്ദനാദാസ് കൊലക്കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ. വധശിക്ഷയായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിധിപ്രസ്താവം കൂടുതൽ പരിശോധിച്ചശേഷം ബാക്കി കാര്യങ്ങൾ പറയാൻ സാധിക്കൂ. പ്രതി ജീവിത കാലം മുഴുവൻ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപിന് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷവിധിച്ചത്. ആശുപത്രികളിലെ സുരക്ഷയെകുറിച്ച് ഏറെ ചർച്ചകൾക്ക് വഴിവെച്ച കേസായിരുന്നു ഇത്.

302ാം വകുപ്പ് പ്രകാരം ജീവപര്യന്തവും കഠിന തടവ്, വധശ്രമത്തിന് 307-ാം വകുപ്പ് പ്രകാരം പത്തുവർഷം, 326-ാം വകുപ്പ് പ്രകാരം മറ്റൊരു പത്തുവർഷം, ആശുപത്രിയിൽ അതിക്രമം കാണിച്ചതിന് 5 വർഷം, ഇതുകൂടാതെ 323, 324, 332, 333 പ്രകാരമുള്ള ശിക്ഷകൾ ഉൾപ്പെടെ ആദ്യത്തെ 30 വർഷം ശിക്ഷ അനുഭവിച്ചതിന് ശേഷം ഡോ. വന്ദനാ ദാസിനെ കൊലപാതക്കേസിൽ ജീവപര്യന്തം ശിക്ഷ ആരംഭിക്കുമെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കൂടാതെ പിഴയും ഒടുക്കണം.

കേസിൽ 302-ാം പ്രകാരമുള്ള കുറ്റകൃത്യം പ്രതി ചെയ്തു എന്ന് കോടതി കണ്ടെത്തിയപ്പോൾ പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നവാദമാണ് പ്രോസിക്യൂഷൻ ഉയർത്തിയത്. എന്നാൽ ഐപിസി 302ൽ രണ്ടുതരത്തിലുള്ള ശിക്ഷകൾ അനുവദിക്കാനുള്ള വിവേചനാധികാരം കോടതിക്കുണ്ടെന്നും പ്രതിക്ക് ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

തന്റെ മകൾ അനുഭവിച്ച വേദന എന്തെന്ന് പ്രതി അറിണയമെന്ന് വന്ദനാദാസിന്റെ മാതാവ് കണ്ണീരോടെ പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് വന്ദനാ ദാസിന്റെ പിതാവ് പറഞ്ഞു.

"എന്റെ മകൾ അനുഭവിച്ച വേദന, ഭയപ്പാട്, അവളുടെ ശരീരത്തിലേറ്റ 27 കുത്ത്, ഒരു കൈയിലേയും കാലിലേയും മാംസത്തോടെ അടർന്ന ശരീരം... 45-50 കിലോ ഭാരമുള്ള കുട്ടിയുടെ ശരീരത്തിൽ വിറക് കീറുന്നത് പോലെ കുത്തിക്കീറിയത്... ആ വേദനയെല്ലാം അവൻ അറിയണം. അങ്ങനെ ഉള്ള ശിക്ഷ കിട്ടണം. ഇത് നീതിന്യായമല്ലേ, അങ്ങനെയല്ലേ ആഗ്രഹിക്കാൻ പറ്റൂ. നിയമത്തിന് കൊടുക്കാൻ പറ്റുന്ന വിധി ഇതായിരിക്കാം. പ്രോസിക്യൂട്ടറുമായി ആലോചിച്ച് എന്താണെന്ന് നോക്കാം. വധ ശിക്ഷ എന്നതിനേക്കാളുപരി, എന്റെ മകളനുഭവിച്ച വേദന പ്രതി അറിയണം. പ്രാണഭയത്താൽ ഓടിയപ്പോൾ രക്ഷിക്കാൻ ആരുമില്ലായിരുന്നു"- വന്ദനാദാസിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

"വിധിയിൽ താൽക്കാലികാശ്വാസമുണ്ട്. കൂടുതൽ ശിക്ഷയ്ക്കായി നടപടിക്രമങ്ങൾ തുടരും. കോടതിയുടെ നിഗമനമനുസരിച്ച്, തെളിവുകളുടെ അടിസ്ഥാനത്തിൽ ഭേദപ്പെട്ട ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. എങ്കിലും ഉയർന്ന ശിക്ഷയ്ക്കായി നിയമപോരാട്ടം തുടരും"- വന്ദനാദാസിന്റെ പിതാവ് മോഹൻദാസ് പറഞ്ഞു.