
ഹരിപ്പാട്: മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് പിലാപ്പുഴ പൂതൂക്കാട് സുപ്രഭാതം വീട്ടിൽ ബസന്തിന്റെ മകൾ സാവര്യ (22) ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ടത് തലയ്ക്കേറ്റ ഗുരുതര പരിക്കുമൂലമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന റീ പോസ്റ്റ്‌മോർട്ടത്തിലും സൂചന.
വ്യാഴാഴ്ച നാട്ടിലെത്തിച്ച മൃതദേഹം കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വിശദമായി പരിശോധിച്ചത്. മൃതദേഹത്തിന്റെ 150 ചിത്രങ്ങൾ ശേഖരിച്ചു. റീ പോസ്റ്റ്‌മോർട്ടം പൂർണമായി വീഡിയോയിൽ പകർത്തി. റിപ്പോർട്ട് ചൊവ്വാഴ്ച പോലീസിനു കൈമാറും.
സഹപാഠി പെരിന്തൽമണ്ണ സ്വദേശി സദറുൾ അനമി(23)ന്റെ ക്രൂരമർദനത്തിനിരയായ സാവര്യ, ശനിയാഴ്ചയാണ് ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ടത്. ലാപ്‌ടോപ്പുകൊണ്ട് തലയ്ക്കടിച്ചുവീഴ്‌ത്തുകയായിരുന്നെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. ഇതു ശരിവെക്കുന്നതാണ് റീ പോസ്റ്റ്മോർട്ടത്തിലെയും നിഗമനം.
പരിക്കേറ്റ സാവര്യയെ പ്രതി തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. തലയിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
മൃതദേഹം ഉസ്ബെക്കിസ്താനിലെ ആശുപത്രിയിലാണ് ആദ്യം പോസ്റ്റ്മോർട്ടം നടത്തിയത്. അതും തലയിൽ ശസ്ത്രക്രിയ നടത്തിയതും മൃതദേഹം നാട്ടിലെത്തിക്കാൻ ആന്തരികാവയവങ്ങൾ നീക്കി എംബാം ചെയ്തതും റീ പോസ്റ്റ്മോർട്ടത്തിലൂടെ വിശദമായ മരണവിവരം തേടാനുള്ള ദൗത്യം സങ്കീർണമാക്കുമെന്നാണ് അറിയുന്നത്.
തലയിൽ പൊട്ടലേറ്റ ഭാഗവും തലച്ചോറിന്റെ ഒരുഭാഗവും ഉസ്ബെക്കിസ്താനിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ശാസ്ത്രീയ പരിശോധനയ്ക്കായി മാറ്റിയിരുന്നു.
ശരീരത്തിൽ ഒട്ടേറെ മുറിവുകളുണ്ടായിരുന്നെന്നും കടിയേറ്റ പാട് വ്യക്തമായി കാണാമായിരുന്നെന്നുമാണ് ഇവിടത്തെ ഡോക്ടർമാർ സൂചിപ്പിച്ചത്. ഇതൊന്നും മരണത്തിനു കാരണമായിട്ടില്ലെങ്കിലും പെൺകുട്ടി നേരിട്ട ക്രൂരമർദനങ്ങളിലേക്കു വിരൽചൂണ്ടുന്ന തെളിവുകളാണ്.
ക്രൈംബ്രാഞ്ച് അന്വേഷിക്കും -രമേശ് ചെന്നിത്തല
സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വെള്ളിയാഴ്ച വൈകീട്ട് സാവര്യയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
ഉടൻ അന്വേഷണം തുടങ്ങാൻ സംസ്ഥാന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിനു നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. വിദേശത്തു നടന്ന കുറ്റകൃത്യമായതിനാൽ ലോക്കൽ പോലീസിന് അവിടെപ്പോയി അന്വേഷിക്കുന്നതിൽ പരിമിതിയുണ്ട്.
അതിനാലാണ് കേസന്വേഷണം അടിയന്തരമായി ക്രൈംബ്രാഞ്ചിനു കൈമാറിയത്. പെൺകുട്ടിയെ അതിക്രൂരമായാണു കൊലപ്പെടുത്തിയത്. പ്രതിക്കു പരമാവധി ശിക്ഷ കിട്ടുന്നതിനാവശ്യമായ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: Re-postmortem at Alappuzha Medical College confirms fatal head injury as the cause of death. The victim, Savarya, was allegedly attacked with a laptop by a classmate. Home Minister Ramesh Chennithala announced a formal Crime Branch investigation. ADGP H. Venkatesh tasked with leading the investigation into the overseas crime.
Published: 11 Jul 2026, 09:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented