ന്യൂഡല്‍ഹി: പ്രവാചക നിന്ദാ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ കൊലപ്പെടുത്താന്‍ അതിര്‍ത്തി കടന്നെത്തിയ പാക് പൗരന്‍ പിടിയില്‍. രാജസ്ഥാനിലെ പാക് അതിര്‍ത്തിയായ ശ്രീഗംഗാനഗറില്‍ നിന്നാണ് 24-കാരനായ റിസ്‌വാന്‍ അഷറഫ് എന്ന യുവാവ് അറസ്റ്റിലായത്. ബിഎസ്എഫ് ആണ് റിസ്‌വാന്‍ അഷറഫിനെ അറസ്റ്റ് ചെയ്തതെന്ന് എസ്.പി ആനന്ദ് ശര്‍മ അറിയിച്ചു. പ്രതിക്കെതിരെ പോലീസും ബിഎസ്എഫും സംയുക്തമായി അന്വേഷണം നടത്തി എഫ്‌ഐആര്‍ ഇട്ടു. പ്രതിയുടെ ബാഗില്‍ നിന്ന് രണ്ട് കത്തികള്‍ പോലീസ് കണ്ടെടുത്തു.

To advertise here,

പാകിസ്താനിലെ മണ്ഡി ബഹാഉദ്ദീന്‍ ജില്ലക്കാരനാണ് പ്രതി റിസ്‌വാന്‍ അഷറഫ്. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലില്‍ നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനാണ് എത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വിശദമായ ചോദ്യംചെയ്യലിനായി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, നൂപുര്‍ ശര്‍മ എവിടെയാണ് താമസിക്കുന്നതെന്നോ അവരിലേക്ക് എങ്ങനെ എത്തുമെന്നതു സംബന്ധിച്ചോ പ്രതിക്ക് യാതൊരു അറിവുമില്ലെന്നും എസ്.പി പറഞ്ഞു. 

അതേസമയം,  പ്രവാചകനിന്ദാ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നൂപുര്‍ ശര്‍മയുടെ അറസ്റ്റ് സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു. അറസ്റ്റ് തടയണമെന്നും വിഷയത്തില്‍, രാജ്യത്തിന്റെ പല ഭാഗത്തായി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂപുര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ അടുത്തവാദം കേള്‍ക്കുന്നതുവരെ നൂപുറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

നൂപുറിനെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നാക്കുന്നതില്‍ അഭിപ്രായം അറിയിക്കാന്‍ വിവിധ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു. ഡല്‍ഹി, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ജമ്മു കശ്മീര്‍, അസം എന്നീ സംസ്ഥാനങ്ങളോടാണ് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒന്‍പത് എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട നൂപുറിന്റെ ഹര്‍ജി ഓഗസ്റ്റ് പത്തിന് കോടതി പരിഗണിക്കും.