ഹൈദരാബാദ്:  മാതാപിതാക്കള്‍ ബിഎംഡബ്ല്യൂ കാര്‍ വാങ്ങിനല്‍കാത്തതില്‍ 21-കാരന്‍ ജീവനൊടുക്കി. തെലങ്കാന സിദ്ദിപേട്ട് ചത്ത്‌ലപള്ളി സ്വദേശിയായ ബൊമ്മ ജോണിയാണ് കളനാശിനി കുടിച്ച് ജീവനൊടുക്കിയത്. മേയ് 30-ാം തീയതി കളനാശിനി കുടിച്ച് ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിറ്റേദിവസമാണ് മരിച്ചത്. 

To advertise here,

ബൊമ്മ ജോണിയുടെ മാതാപിതാക്കള്‍ സിദ്ദിപേട്ടിലെ കര്‍ഷകരാണ്. സ്വന്തമായി രണ്ടേക്കറോളം ഭൂമിയുള്ള കുടുംബം കൃഷിയില്‍നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. പത്താംക്ലാസില്‍ പഠിത്തം നിര്‍ത്തിയ ബൊമ്മ ജോണി ജോലിയില്ലാത്തതിനാല്‍ മാതാപിതാക്കളെ കൃഷിയില്‍ സഹായിച്ചുവരികയായിരുന്നു. 

പുതിയ വീടും ബിഎംഡബ്ല്യൂ കാറും ഉള്‍പ്പെടെ സ്വന്തമാക്കണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹം. ഇക്കാര്യം പലതവണ മാതാപിതാക്കളോട് ആവശ്യപ്പെടുകയുംചെയ്തു. ഇതിനിടെ യുവാവ് മദ്യത്തിനും അടിമപ്പെട്ടു. ബിഎംഡബ്ല്യൂ കാര്‍ വാങ്ങിനല്‍കണമെന്ന് യുവാവ് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനുള്ള സാമ്പത്തികസ്ഥിതിയില്ലെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. എന്നാല്‍, കാര്‍ വാങ്ങിനല്‍കിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് യുവാവ് ഭീഷണിമുഴക്കി. ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച യുവാവിനെയും കൂട്ടി മാതാപിതാക്കള്‍ സിദ്ദിപേട്ടിലെ കാര്‍ ഷോറൂമിലെത്തി. ബിഎംഡബ്യൂ കാറിന് പകരം മാരുതി സ്വിഫ്റ്റ് ഡിസയര്‍ വാങ്ങിനല്‍കാമെന്നായിരുന്നു മാതാപിതാക്കളുടെ വാഗ്ദാനം. പക്ഷേ, ബൊമ്മ ജോണി ഇത് അംഗീകരിച്ചില്ല. ബിഎംഡബ്ല്യൂ കാര്‍ തന്നെ വേണമെന്ന് വാശിപിടിച്ചു. തുടര്‍ന്ന് കുടുംബം വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് യുവാവ് കളനാശിനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. 

വിഷം കഴിച്ചവിവരം യുവാവ് തന്നെയാണ് പിതാവിനോട് വെളിപ്പെടുത്തിയത്. ഇതോടെ പിതാവും മൂത്തസഹോദരനും ചേര്‍ന്ന് ബൈക്കില്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)