കൊച്ചി: കള്ളക്കടത്തിലൂടെ കേരളത്തില്‍ എത്തിച്ച 3,258 കിലോ സിഗരറ്റ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി കത്തിച്ചുകളഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് ഈ സാമ്പത്തിക വര്‍ഷം 4.17 കോടി രൂപയുടെ സിഗരറ്റ് പിടികൂടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.84 കോടി രൂപയുടെ കള്ളക്കടത്ത് സിഗരറ്റ് കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനൊപ്പം 3.64 കോടി രൂപ വിലമതിക്കുന്ന 245 ലിറ്റര്‍ മദ്യവും പിടികൂടി നശിപ്പിച്ചു.

To advertise here,

കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ കെ. പദ്മാവതിയുടെ നേതൃത്വത്തിലാണ് ഇവ പിടികൂടിയത്. വിദേശ ബ്രാന്‍ഡുകളിലെ സിഗരറ്റുകള്‍ കള്ളക്കടത്തിലൂടെ കൂടുതലെത്തുന്ന നാലാമത്തെ ലോകവിപണിയായി ഇന്ത്യ മാറിയതിന്റെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് നിരീക്ഷണം ശക്തമാക്കിയത്.

കൊച്ചിയില്‍ ഈ മാസമാദ്യം നടന്ന റെയ്ഡില്‍ വാടകവീട്ടില്‍ നിന്ന് 21 ലക്ഷം രൂപ വിലമതിക്കുന്ന ഒരുലക്ഷത്തിലേറെ കള്ളക്കടത്ത് സിഗരറ്റ് പിടികൂടിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനുള്ളവയായിരുന്നു ഇത്.

പിടികൂടിയ സിഗരറ്റുകള്‍ കൊച്ചി അമ്പലമേടിലെ കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ പ്ലാന്റിലും പാലക്കാട് മലബാര്‍ സിമന്റ്സിന്റെ പ്ലാന്റിലുമെത്തിച്ച് കത്തിച്ചുകളയുകയായിരുന്നു. മദ്യവും സമാനമായി നശിപ്പിച്ചുകളഞ്ഞു.

ലോകത്ത് ചൈനയും ബ്രസീലും പാകിസ്താനും കഴിഞ്ഞാല്‍ കള്ളക്കടത്ത് സിഗരറ്റ് ഏറ്റവും കൂടുതല്‍ എത്തുന്നത് ഇന്ത്യയിലേക്കാണ്.

മ്യാന്‍മാര്‍, കംബോഡിയ, ശ്രീലങ്ക, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യയിലേക്കുള്ള സിഗരറ്റ് കടത്ത്. കപ്പല്‍-വിമാന കാര്‍ഗോ, കൂറിയര്‍, തപാല്‍ ചരക്കുകള്‍, അതിര്‍ത്തി ചെക്പോസ്റ്റുകള്‍ എന്നിവയിലൂടെയാണ് കള്ളക്കടത്ത് സിഗരറ്റ് കേരളത്തില്‍ എത്തുന്നത്.