മാക്സ് ആസ്പത്രിയിൽ ഞായറാഴ്ച നടന്ന കവർച്ചയ്ക്ക് പിന്നിൽ അന്തസ്സംസ്ഥാന കവർച്ചസംഘമാണെന്ന നിഗമനത്തിലാണ് പോലീസ്. പുലർച്ചെ 1.15-ഓടെയാണ് മോഷ്ടാവ് എത്തിയത്.

ആസ്പത്രിയിൽ കയറിയ കള്ളന്റെ സിസിടിവി ദൃശ്യം. പോലീസ് നൽകിയത്
കണ്ണൂർ : നഗരമധ്യത്തിലെ ആസ്പത്രിയുടെ മേശവലിപ്പ് കുത്തിത്തുറന്ന് 50,000 രൂപ കവർന്നു. സമീപത്തെ രണ്ട് വീടുകളിൽ കവർച്ചശ്രമവുമുണ്ടായി. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. കണ്ണൂർ തളാപ്പ് ഡിസിസി ഓഫീസിനു സമീപത്തെ മാക്സ് ആസ്പത്രിയിലാണ് കവർച്ചനടന്നത്. ആസ്പത്രിയിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സമീപത്തെ രണ്ട് വീടുകളിലെ ജനാലകൾ തുറക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് ആസ്പത്രിയുടെ അരമതിൽ ചാടിക്കടന്ന് അകത്തുകയറിയത്.
മുഖം തുണികൊണ്ട് മറച്ച് ആയുധവുമായി എത്തിയ മോഷ്ടാവ് പിറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് ഒന്നാം നിലയിൽ എത്തിയത്. ഗോവണി വഴി താഴെത്തെ നിലയിലെ റിസപ്ഷൻ കൗണ്ടറിൽ എത്തിയ ശേഷം കൈയിൽ കരുതിയ ടോർച്ചടിച്ച് ചുറ്റുപാടും പരിശോധിച്ചു. തുടർന്ന് ആയുധം ഉപയോഗിച്ച് മേശവലിപ്പ് കുത്തിത്തുറന്ന് അതിനകത്തുണ്ടായിരുന്ന 50,000 രൂപ കവർന്നു. പണം കൈക്കലാക്കിയതോടെ ധൃതിപിടിച്ച് ഓടിപ്പോകുന്നതായും സിസിടിവി ദൃശ്യത്തിലുണ്ട്. രാവിലെ ആസ്പത്രിയിൽ എത്തിയ ജീവനക്കാരാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. ആസ്പത്രി മാനേജർ പി.കെ.പി. ഷാജറിന്റെ പരാതിയിൽ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.
ആയുധവുമായി എത്തി മോഷ്ടാവ്; സഹായികൾ പുറത്ത് കാവൽ
വലതുകൈയിൽ വാക്കത്തിപോലുള്ള മൂർച്ചയേറിയ ആയുധം. ആളെ തിരിച്ചറിയാതിരിക്കാൻ മുഖം തുണികൊണ്ട് വരിഞ്ഞുകെട്ടി. അരമതിൽ ചാടിക്കടന്ന് ആസ്പത്രിയിൽ കയറി മേശവലിപ്പ് തകർത്ത് 50,000 രൂപ കവർന്ന് പുറത്തിറങ്ങി കാത്തുനിന്നവരോടൊപ്പം ഇരുട്ടിലേക്ക് ഓടിമറയുന്നു... നഗരമധ്യത്തിൽ മാക്സ് ആസ്പത്രിയിൽ കവർച്ചക്കാർ എത്തിയത് ഇങ്ങനെയാണ്. ആസ്പത്രിയിലും സമീപത്തുമുള്ള സിസിടിവിയിൽ ദൃശ്യം വ്യക്തം.
മാക്സ് ആസ്പത്രിയിൽ ഞായറാഴ്ച നടന്ന കവർച്ചയ്ക്ക് പിന്നിൽ അന്തസ്സംസ്ഥാന കവർച്ചസംഘമാണെന്ന നിഗമനത്തിലാണ് പോലീസ്. പുലർച്ചെ 1.15-ഓടെയാണ് മോഷ്ടാവ് എത്തിയത്. പകൽ നോക്കിവെച്ച പരിസരവും വ്യക്തമായ ധാരണയും വരുത്തിയാണ് കവർച്ചയ്ക്കെത്തിയതെന്ന് വ്യക്തമാണ്. പ്രദേശത്തെ രണ്ട് വീടുകളിൽ നടന്ന കവർച്ചശ്രമം പരാജയപ്പെട്ടതോടെയാണ് ആസ്പത്രിയിൽ എത്തിയത്.
കടുംപച്ചനിറത്തിലുള്ള ടീഷർട്ടും ട്രൗസറും ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് ദൃശ്യത്തിലുണ്ട്. കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് ആസ്പത്രിയുടെ പിറകുഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറി. ഒന്നാം നിലയിൽനിന്ന് ഗോവണി വഴി ഇറങ്ങി താഴെത്തെ നിലയിൽ എത്തിയശേഷം ടോർച്ചടിച്ച് നാലുഭാഗവും പരിശോധിച്ചു. തുടർന്നാണ് മേശവലിപ്പ് കുത്തിത്തുറന്ന് പണവുമായി രക്ഷപ്പെട്ടത്. ആസ്പത്രിക്ക് പുറത്ത് രണ്ടുപേർ കാത്തുനിൽക്കുന്നതായി ദൃശ്യത്തിലുണ്ട്. പിന്നീട് ഇരുട്ടിലേക്ക് ഓടിമറഞ്ഞു. സംഘമായി ആയുധമായി എത്തുന്ന കവർച്ചക്കാർ മോഷണത്തിനിടെ പിടിക്കപ്പെട്ടാൽ ആക്രമിച്ച് രക്ഷപ്പെടുന്ന രീതിയുണ്ടെന്ന് പോലീസ് പറയുന്നു.
Content Highlights: Burglars broke into a Kannur hospital, stole ₹50,000 from a desk drawer, and attempted burglaries at nearby homes. CCTV footage captured the incident.
Published: 08 Dec 2025, 04:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented