കുറ്റിപ്പുറം: സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് പൊതുവിപണിയിൽ ഉപയോഗിച്ച സിനിമാ ആർട്ട് സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ പൂച്ചാക്കൽ സ്വദേശി വളവിൽചിറ ഷൽജിയെ (50) ആണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. ബുധനാഴ്ച തവനൂർ റോഡിലെ ഒരു കടയിൽനിന്ന് ഇയാൾ ഡ്യൂപ്ളിക്കേറ്റ് 500 രൂപയുടെ നോട്ട് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി.
നോട്ടിൽ സംശയം തോന്നിയ കടയുടമ ഇയാളെ ചോദ്യംചെയ്യാൻ തുടങ്ങിയതോടെ ഇയാൾ അവിടെനിന്ന് കടന്നുകളഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ഇയാളെ പിന്തുടർന്ന് പിടികൂടി കുറ്റിപ്പുറം പോലീസിനു കൈമാറി. പോലീസ് പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള 500 രൂപയുടെ 391 ഡ്യൂപ്ളിക്കേറ്റ് നോട്ടുകൾ പിടികൂടി.
കുറ്റിപ്പുറം, എടപ്പാൾ, പൊന്നാനി ഭാഗങ്ങളിലായി ഇത്തരം ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ ഇയാൾ നിത്യോപയോഗസാധനങ്ങൾ വാങ്ങുന്നതിന്റെ മറവിൽ മാർക്കറ്റുകളിൽ ചെലവഴിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സിനിമാരംഗത്ത് ആർട്ട് അസിസ്റ്റന്റാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്. രണ്ടു വർഷത്തോളമായി ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
എറണാകുളത്തെ ഒരു പ്രസ്സിൽനിന്നാണ് ഇത്തരത്തിൽ സിനിമാ ചിത്രീകരണ ആവശ്യത്തിന് ഡ്യൂപ്ളിക്കേറ്റ് നോട്ടുകൾ പ്രിന്റ് ചെയ്യുന്നത്. ഈ നോട്ടുകളിൽ സിനിമാ ചിത്രീകരണ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നത് എന്ന മുന്നറിയിപ്പും പ്രിൻറ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. എസ്ഐ കെ.എം. നാസർ, എസ്ഡിപി ഒ. അബ്ദുല്ല, സിപിഒ ഡെന്നീസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: Duplicate Currency Bust: Film Art Assistant Arrested for Circulating Fake Notes in Market
Published: 19 Dec 2025, 09:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented