സുൽത്താൻബത്തേരി: സംസ്ഥാനത്തേക്കുള്ള രാസലഹരിക്കടത്തിന്റെ മുഖ്യകണ്ണിയായി പോലീസ് കരുതുന്ന ടാൻസാനിയ പൗരൻ പ്രിൻസ് സാംസൺ ഇന്ത്യയിലെത്തിയത് പഠനത്തിനായി. 25 വയസ്സുമാത്രമുള്ള ഇയാൾ ബെംഗളൂരുവിൽ കർണാടക ഗവ. കോളേജിൽ ബി.സി.എ. പഠനത്തിനാണ് എത്തിയത്. ക്ലാസിൽ വല്ലപ്പോഴുമെത്തുന്ന പ്രിൻസ് സെമസ്റ്റർ പരീക്ഷകളിൽ മിക്കതിലും പരാജയപ്പെട്ടു. ലഹരിക്കടത്തിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് വിനിയോഗിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.
ബെംഗളൂരുവിൽ പല കേന്ദ്രങ്ങളിൽനിന്ന് രാസലഹരി എത്തിക്കുകയും തുടർന്ന് കേരള മാർക്കറ്റിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നതെന്നാണ് വിവരം. മലയാളികളടക്കം ഒട്ടേറെപ്പേരുടെ സംഘം പ്രിൻസിന്റെ കീഴിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത്തരത്തിൽ ചിലർ വൈകാതെ പിടിയിലാകുമെന്നും പോലീസ് പറയുന്നു. സ്വന്തംപേരിൽ അക്കൗണ്ടില്ലാത്ത പ്രിൻസ് മറ്റുള്ളവരുടെപേരിൽ എടുത്ത അക്കൗണ്ടുകളിലൂടെ അനധികൃതമായാണ് ഇടപാടുകൾ നടത്തിയിരുന്നത്. വിവിധ സ്ഥലങ്ങളിലുള്ളവർ ഈ അക്കൗണ്ടിലേക്ക് പണമയച്ചിരുന്നു. നേരത്തേ മുത്തങ്ങയിൽ പിടിയിലായ ഷെഫീഖും ലഹരിക്കായുള്ള പണം ഈ അക്കൗണ്ടിലേക്ക് നൽകിയിരുന്നതായാണ് സൂചന.
ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഇയാളിൽനിന്ന് പിടികൂടിയ വെളുത്ത പൊടി മരുന്നാണെന്നാണ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. ലാബിലെ പരിശോധനയിലൂടെയേ ഇത് രാസലഹരിയാണോ അതിനുപയോഗിക്കുന്ന മരുന്നാണോയെന്നത് വ്യക്തമാകൂ. ബത്തേരിയിലെ മറ്റൊരു കേസിൽ പിടിയിലായ നൈജീരിയൻ സ്വദേശി ഇപ്പോൾ ചെന്നൈയിൽ ജയിലിലാണ്. ഇയാളുമായും പ്രതിക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി പറഞ്ഞു.
ടാൻസാനിയൻ പൗരൻ പിടിയിലായത് ബെംഗളൂരുവിൽ നിന്ന്
ഫെബ്രുവരി 24-ന് മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടത്തിൽ ഷഫീഖ് (30) മുത്തങ്ങയിൽ 94 ഗ്രാം എംഡിഎംഎയുമായി പിടിയിലായിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് നാലുവർഷത്തോളമായി ബെംഗളൂരുവിൽ വിദ്യാർഥിയായ പ്രിൻസ് സാംസണിലേക്കെത്തിയത്. പ്രിൻസ് കൈകാര്യംചെയ്യുന്ന അനധികൃത അക്കൗണ്ടിൽ രണ്ടുമാസത്തിനിടെ 80 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയെന്ന് വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി പറഞ്ഞു. ഈ ഇടപാടുകൾ ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ടതാണെന്നാണ് കരുതുന്നത്. ജില്ലാ ഡാൻസാഫ് സംഘം ദിവസങ്ങളായി ബെംഗളൂരുവിൽ നടത്തിയ നിരീക്ഷണത്തിനൊടുവിൽ ഞായറാഴ്ച രാത്രിയാണ് പ്രിൻസിനെ പിടികൂടിയത്. നൂറുഗ്രാമോളംവരുന്ന ലഹരിയെന്നുകരുതുന്ന പൊടിയും ഇയാളിൽനിന്ന് കണ്ടെത്തിയതായി പോലീസ് മേധാവി പറഞ്ഞു. ഇത് പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
അഞ്ച് മൊബൈൽഫോണുകൾ, റൗട്ടറുകൾ, ലാപ്‌ടോപ്പുകൾ, വിവിധരേഖകൾ, ഡെബിറ്റ് കാർഡുകൾ, കോളേജിന്റെ രേഖകൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. പ്രിൻസ് സാംസൺ കോളേജിലൊന്നും പോകാറില്ലെന്നും പണം ഉപയോഗിച്ച് ആഡംബരജീവിതമാണ് നയിച്ചിരുന്നതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കേസിൽ മലയാളികളടക്കം കൂടുതൽപ്പേർ ഉൾപ്പെട്ടതായി സൂചനയുണ്ടെന്നും പരിശോധന നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശപൗരർ ലഹരിക്കേസുകളിൽ കൂടുതൽ ഉൾപ്പെടുന്നതായാണ് വിലയിരുത്തൽ. ലഹരിവസ്തുക്കൾ വിദേശത്തുനിന്നുകൊണ്ടുവരുന്നതാണോ, ഇവിടെ ഉത്പാദിപ്പിക്കുന്നതാണോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിലാണ്. പ്രിൻസിന്റെ അക്കൗണ്ടിലേക്കുവന്ന തുകകളെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. പിടികൂടുന്ന ലഹരിയുടെ ഉറവിടംവരെയെത്തുന്ന അന്വേഷണം നടത്താനാണ് ലക്ഷ്യമിടുന്നത്. വിദേശപൗരനായതിനാൽ ഫോറിൻ റെഗുലേറ്ററി അതോറിറ്റിയെയും എംബസിയെയും വിവരമറിയിക്കും -ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുൾ ഷെരീഫിന്റെ മേൽനോട്ടത്തിൽ ബത്തേരി പോലീസ് ഇൻസ്‌പെക്ടർ എം.എൻ. രാഘവൻ, പ്രൊബേഷൻ എസ്.ഐ. അതുൽ മോഹൻ എന്നിവരും ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Content Highlights: Tanzanian student in Bengaluru is arrested for allegedly being a key link in drug trafficking
Published: 11 Mar 2025, 09:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented